ഉമ്മയെ ജയിലിൽ വെച്ച് കാണാൻ മനസ് അനുവദിച്ചില്ലെന്ന് റഹീം; ‘കൂടിക്കാഴ്ച നടക്കാത്തതിൽ മറ്റൊരാൾക്കും പങ്കില്ല’
text_fieldsറിയാദ്: ഉമ്മയെ ജയിലിൽ വെച്ച് കാണാൻ മനസ് അനുവദിക്കാത്തത് കൊണ്ട് കാണാതിരുന്നതെന്ന് റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി റഹീം. ജയിലിൽനിന്ന് റിയാദിലുള്ള സുഹൃത്തുക്കളോട് േഫാണിലൂടെ സംസാരിക്കുകയായിരുന്നു റഹീം. എന്നെ കാണുന്നതിന് വേണ്ടി ഉമ്മയും സഹോദരനും അമ്മാവനും ഇന്ന് (വ്യാഴാഴ്ച) ജയിലിൽ വന്നിരുന്നു. ജയിൽ അധികൃതർ കാണാൻ അവസരം ഒരുക്കിയെങ്കിലും എെൻറ മനസ് അനുവദിച്ചില്ല. ഉമ്മ വന്നെന്ന് അറിഞ്ഞപ്പോൾ തന്നെ എനിക്ക് രക്തസമ്മർദ്ദം ഉയരുന്നതിെൻറ ലക്ഷണമുണ്ടായി. അപ്പോൾ തന്നെ മരുന്ന് കഴിച്ചു.
18 വർഷമായി ഞാൻ ജയിലിൽ ആണെങ്കിലും ഉമ്മ എന്നെ അഴിക്കുള്ളിൽ വെച്ച് ജയിൽ യൂനിഫോമിൽ കണ്ടിട്ടില്ല. ഫോണിൽ സംസാരിക്കാറുണ്ടെങ്കിലും ഉമ്മ എെൻറ നിലവിലെ രൂപം കണ്ടിട്ടിട്ടില്ല. ഉമ്മയുടെ മനസിൽ ഇന്നും 18 വർഷം മുമ്പ് സൗദിയിലേക്ക് തിരിച്ചപ്പോഴുള്ള മകെൻറ മുഖമാണ്. അത് അങ്ങനെ തന്നെ ഉണ്ടാവട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ ജയിലിൽ ഉമ്മയെ കാണുമ്പോൾ എനിക്കും ഉമ്മക്കും അത് താങ്ങാവുന്നതിലപ്പുറമുള്ള വേദനയുണ്ടാക്കും.
പ്രായം ചെന്ന ഉമ്മയും രക്തമ്മർദം ഉൾപ്പെടെ രോഗങ്ങളുള്ള എനിക്കും കൂടിക്കാഴ്ച പ്രശ്നങ്ങളുണ്ടാക്കും. അത് വേണ്ട എന്ന് തീരുമാനിച്ചത് ഞാനാണ്. ഒടുവിൽ ഉമ്മയുടെ നിർബന്ധം കൊണ്ട് ഞാൻ വീഡിയോ കാളിൽ കണ്ടു. അത് പോലും എനിക്ക് മനസിക പ്രയാസമുണ്ടാക്കി. ബി.പി കൂടാനും മറ്റ് പ്രയാസങ്ങൾക്കും അത് കാരണമായി. ഉമ്മയുമായുള്ള കൂടിക്കാഴ്ച നടക്കാത്തതിൽ ഒരാൾക്കും പങ്കില്ല -റഹീം സുഹൃത്തുക്കളോട് പറഞ്ഞു.
വ്യാജ വാർത്തകൾ ഇക്കാര്യത്തിൽ പടച്ചുവിടരുതെന്നും അത് തെൻറ മോചനത്തെ തന്നെ ബാധിക്കുമെന്നും റഹീം പറഞ്ഞതായി സുഹൃത്ത് ഷൗക്ക്ത്ത് ഫറോക് ‘ഗൾഫ് മാധ്യമ’ത്തെ അറിയിച്ചു. അനാവശ്യ വിവാദങ്ങളും സോഷ്യൽ മീഡിയ കിംവദന്തികളുമൊക്കെ ജയിൽ അധികൃതർ കൃത്യമായി അറിയുന്നുണ്ട്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർ വിവരങ്ങൾ തിരക്കിയിരുന്നു. അത്തരം വിവാദങ്ങൾ തന്നെ ഇവിടെ തുടരാനെ സഹായിക്കൂവെന്നും മോചനത്തിന് തടസ്സമാകുമെന്നും ദയവായി വിവാദങ്ങളിൽനിന്ന് എല്ലാവരും മാറിനിൽക്കണമെന്നും റഹീം അഭ്യർഥിച്ചതായും ഷൗക്കത്ത് പറഞ്ഞു.
മകനെ കാണാനും ഉംറ നിർവഹിക്കാനും ഒക്ടോബർ 30നാണ് മൂത്ത മകൻ നസീറിനും സഹോദരനുമൊപ്പം ഫാത്തിമ സൗദി അറേബ്യയിലെത്തിയത്. അബഹയിലെത്തിയ അവർ മക്കയിൽ പോയി ഉംറ നിർവഹിച്ച ശേഷമാണ് റഹീമിനെ ജയിലിൽ വന്ന് കാണാനായി റിയാദിലെത്തിയത്.
വ്യാഴാഴ്ച രാവിലെ 10ഓടെയാണ് റിയാദ് അൽഖർജ് റോഡിലെ ഇസ്കാൻ ജയിലിൽ എത്തിയത്. ജയിൽ വാർഡന്‍റെ ഓഫീസിൽ ഏറെ നേരം കാത്തിരുന്നെങ്കിലും റഹീം ഉമ്മയെയും സഹോദരനെയും കാണാനെത്തിയില്ല.
പൊതുജനങ്ങൾ സമാഹരിച്ച 34 കോടി രൂപ ദിയാധനം നൽകി വധശിക്ഷയിൽ നിന്ന് ഒഴിവായി മോചന ഉത്തരവും കാത്തു കഴിയുകയാണ് റഹീം. ഈ മാസം 17ന് റിയാദ് കോടതിയിൽ നടക്കുന്ന സിറ്റിങ്ങിൽ മോചന ഉത്തരവുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.