രാഹുൽ ഗാന്ധി: ഒ.ഐ.സി.സി ജിദ്ദ കമ്മിറ്റി പ്രതിഷേധ സംഗമം
text_fieldsജിദ്ദ: രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയ വർഗീയ ഫാഷിസ്റ്റുകളുടെ നടപടിക്കെതിരെ ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി പ്രതിഷേധസംഗമം സംഘടിപ്പിച്ചു. അതിജീവനം ദുഷ്കരമായി ഇന്ത്യൻ ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംഗമത്തിൽ പങ്കെടുത്തവർ സംസാരിച്ചു.
തെരുവിലിറങ്ങി രാഷ്ട്രീയ പ്രവർത്തനത്തിന് തയാറാകാത്ത ഇക്കാലത്ത് 4080 കി.മീ കന്യാകുമാരി മുതൽ കശ്മീർ വരെ യാത്ര നടത്തിയ വിപ്ലവകാരിയാണ് രാഹുൽ ഗാന്ധി. മഴയും വെയിലും മഞ്ഞും തൃണവത്ഗണിച്ച് അദ്ദേഹം നടന്നു നീങ്ങിയത് ഓരോ ഇന്ത്യക്കാരനും രാജ്യത്തിനും വേണ്ടിയാണ്.
അദ്ദേഹം നിരന്തരം പാർലമെൻറിനകത്തും പുറത്തും ശബ്ദമുയർത്തിയതും ഓരോ ഇന്ത്യക്കാരനും വേണ്ടിയാണ്. ഭാരത് ജോഡോ യാത്രയിലൂടെ ശക്തനായ രാഹുൽ ഗാന്ധിയെ ബി.ജെ.പിയും ആർ.എസ്.എസ്സും ഏറെ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു. ബി.ജെ.പി പാർലമെൻറംഗങ്ങളിൽ ഭൂരിഭാഗവും ക്രിമിനലുകളാണ്.
അവരാണ് അർഹത ഇല്ലാതെ അംഗങ്ങളായിരിക്കുന്നത്. എന്നിട്ടാണ് രാഹുലിന്റെ അംഗത്വം റദ്ദാക്കാൻ തിടുക്കം കാട്ടിയതെന്ന് പ്രാസംഗകർ അഭിപ്രായപ്പെട്ടു. ഇപ്പോൾ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് രാഹുലിന് വേണ്ടി സംസാരിക്കേണ്ട സമയമാണ്. നിർഭയം പോരാടുന്ന ആ മനുഷ്യന്റെ കൂടെ നിൽക്കേണ്ട സമയം.
അതുകൊണ്ടുതന്നെ രാഹുലിന് വേണ്ടി ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായി യോഗത്തിൽ സംസാരിച്ചവർ ഒന്നടങ്കം അഭിപ്രായപ്പെട്ടു. ഇക്ബാൽ പൊക്കുന്ന് മുഖ്യപ്രഭാഷണം നടത്തി.
വിവിധ സംഘടന ഭാരവാഹികളായ അബൂബക്കർ അരിമ്പ്ര (കെ.എം.സി.സി), പി.പി. അബ്ദുൽ റഹീം (ന്യൂ ഏജസ്), സാദിഖലി തുവ്വൂർ (ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം), ഹക്കീം പാറക്കൽ, കെ.സി അബ്ദുൽ റഹിമാൻ, അലി തേക്ക്തോട് തുടങ്ങിയവർ സംസാരിച്ചു. ആക്ടിങ് പ്രസിഡൻറ് സാക്കിർ ഹുസൈൻ എടവണ്ണ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് അടൂർ സ്വാഗതവും സെക്രട്ടറി മുജീബ് തൃത്താല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.