റെയിൽവേ സ്വകാര്യവത്കരണം: ശിൽപശാല സംഘടിപ്പിച്ചു
text_fieldsറിയാദ്: സൗദി അറേബ്യയിലെ റെയിൽവേ പാതകളെല്ലാം തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതി സ്വകാര്യപങ്കാളിത്തത്തോടെ നടപ്പാകും. റിയാദ് ^ ബുറൈദ പാതയും (വടക്കൻ റെയിൽവേ) റിയാദ് ^ ദമ്മാം പാതയും (കിഴക്കൻ റെയിൽവേ) തമ്മിൽ ബന്ധിപ്പിക്കുന്നതും വടക്കുനിന്നുള്ള ചരക്കുപാത റിയാദ് വഴി ദമ്മാമിലേക്ക് നീട്ടുന്നതുമായ റെയിൽവേ വികസന പദ്ധതിയാണിത്. റെയിൽവേ വ്യവസായത്തിൽ സ്വകാര്യ നിക്ഷേപം അനുവദിക്കുന്നതിന് തുടക്കം കുറിക്കുന്ന ഇൗ പദ്ധതിയുടെ ഭാഗമായി റിയാദിൽ ഞായറാഴ്ച ശിൽപശാല സംഘടിപ്പിച്ചു. ‘റെയിൽവേ സ്വകാര്യവത്കരണ അവസരങ്ങൾ’ എന്ന ശീർഷകത്തിൽ ഗതാഗതമന്ത്രിയും പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി ചെയർമാനുമായ ഡോ. നബീൽ അൽഅമൂദിയുടെ കാർമികത്വത്തിൽ നടന്ന ശിൽപശാല റെയിൽവേ വ്യവസായം സ്വകാര്യ നിക്ഷേപകർക്ക് മുമ്പിൽ തുറന്നിടുന്ന വമ്പിച്ച അവസരങ്ങളെ കുറിച്ച് ചർച്ച ചെയ്തു.
രാജ്യത്ത് റെയിൽവേ വ്യവസായം വൻകുതിപ്പിനൊരുങ്ങുകയാണെന്ന് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി പ്രസിഡൻറ് ഡോ. റുമൈഅ് അൽറുമൈഹ് ശിൽപശാലയിൽ നടത്തിയ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.
രാജ്യത്തിെൻറ സാമ്പത്തിക, സാമൂഹിക പരിഷ്കര പദ്ധതിയായ ‘വിഷൻ 2030’ പൂർണ വിജയത്തിലെത്താൻ ഏറ്റവും വലിയ ഗതാഗത സൗകര്യമായി റെയിൽവേ വളരേണ്ടതുണ്ട്. അതിനാണ് സ്വകാര്യ പങ്കാളിത്തം കൂടി തേടുന്നത്. 1951ലാണ് റിയാദിലേക്കുള്ള ദമ്മാം പാത സ്ഥാപിക്കുന്നത്. അതിനെ തുടർന്ന് റെയിൽവേ ജനറൽ അതോറിറ്റിയും ചരക്കുനീക്കത്തിനുള്ള സൗകര്യങ്ങളൊരുക്കുന്നതിെൻറ ഭാഗമായി റിയാദിൽ ഡ്രൈ പോർട്ടും സ്ഥാപിതമായി. ചരക്കുനീക്കത്തിനൊപ്പം തന്നെ യാത്രാഗതാഗതവും വികസിച്ചു. പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിെൻറ പദ്ധതിയായി സൗദി റെയിൽവേ കമ്പനിയും (സാർ) നിലവിൽ വന്നു.
2006ൽ സ്ഥാപിതമായ വടക്കൻ ചരക്കുപാതയും ഇൗ വർഷം യാത്രാവണ്ടി ഒാടിത്തുടങ്ങിയ റിയാദ് - ബുറൈദ പാതയും ഇൗ കമ്പനിയുടെ കീഴിലാണ്. റെയിൽവേ വ്യവസായത്തിലെ സമസ്ത മേഖലയിലും സ്വകാര്യ സംരംഭകർക്ക് അവസരം തുറന്നിടുന്ന വികസന പദ്ധതികളാണ് നടപ്പാകുന്നതെന്നും ഇൗ വ്യവസായത്തിെൻറ വാണിജ്യ മൂല്യം കുതിച്ചുയർന്നിരിക്കുകയാണെന്നും വൈസ് ചെയർമാൻ എൻജി. മുഹമ്മദ് അൽഷുബ്രാമി പറഞ്ഞു. രാജ്യത്തെ മുഴുവൻ നഗരങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ ഗതാഗത ശൃംഖലയാക്കി റെയിൽവേയെ മാറ്റുകയാണ് ലക്ഷ്യം.
രാജ്യത്ത് ഇന്ന് യാത്രക്കാർക്ക് വേണ്ടി രണ്ട് പാതകളാണുള്ളത്. ദമ്മാമിൽനിന്ന് അബ്ഖൈഖ്, ഹുഫൂഫ് വഴി റിയാദിലേക്കുള്ള 449 കിലോമീറ്റർ പാതയും 370 കിലോമീറ്റർ ദൈർഘ്യമുള്ള റിയാദ് - ഖസീം പാതയുമാണത്. ഇവ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഒരു പദ്ധതി. ധാതുനിക്ഷേപങ്ങളും ഭക്ഷ്യവസ്തുക്കളും മറ്റ് കാർഗോ സാധനങ്ങളും കൊണ്ടുപോകാനുള്ള ചരക്ക് പാതയാണ് ഇതിന് പുറമെയുള്ളത്. വടക്കൻ അതിർത്തി ഖനി മേഖലയിലായ ജലാമീദിൽ നിന്ന് തുടങ്ങി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽഖൈർ തുറമുഖം വരെ നീളുന്ന 1600 കിലോമീറ്റർ നീളമുള്ള ഇൗ പാത ദമ്മാമിലേക്ക് നീട്ടുന്നതാണ് അടുത്ത പദ്ധതി.
റിയാദ്, അൽഖർജ്, ഹറദ്, ഹുഫൂഫ്, അബ്ഖൈഖ് വഴി ദമ്മാം വരെ 556 കിലോമീറ്റർ പാത കൂടി ഇതിനോട് പുതുതായി കൂട്ടിച്ചേർക്കും. യാത്രാഗതാഗതം വലിയ കുതിപ്പ് നടത്തുന്നുണ്ടെന്നും കഴിഞ്ഞ വർഷം 13ലക്ഷത്തിലേറെ ആളുകൾ ട്രെയിനിൽ യാത്ര ചെയ്തെന്നും അദ്ദേഹം വിശദീകരിച്ചു. ചരക്കുപാതയിലൂടെ കഴിഞ്ഞവർഷം 670,000 കണ്ടയ്നറുകൾ കൊണ്ടുപോയി. ഇൗ വർഷം ഫോസ്ഫേറ്റ്, ബോക്സൈറ്റ് ഗതാഗതം 26 ദശലക്ഷമായി ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.