അസീർ മേഖലയിൽ മഴ, ആലിപ്പഴവർഷം; മഞ്ഞുപൊതിഞ്ഞ കാഴ്ച ആഘോഷമാക്കി തദ്ദേശവാസികൾ
text_fieldsഅസീർ: അസീർ മേഖലയിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം വ്യാപകമായ മഴയും ആലിപ്പഴ വീഴ്ചയും ഉണ്ടായി. അബഹ നഗരത്തിന് വടക്കുള്ള ബൽഹാമർ, ബേഹാൻ, ബാലസ്മാർ എന്നീ പ്രദേശങ്ങളിലെ പർവതങ്ങളും കാർഷിക മേഖലയും ആലിപ്പഴ വീഴ്ചയുടെ ഫലമായി വെളുത്ത കോട്ട് കൊണ്ട് മൂടിയ പ്രതീതിയുണ്ടായി. ഉയർന്ന പ്രദേശങ്ങളിൽ മിക്കയിടത്തും സാമാന്യം കനത്ത മഴയാണ് പെയ്തത്. അസീർ മേഖലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത ആലിപ്പഴവർഷത്തോടൊപ്പം കനത്ത മഴ തുടരുകയാണ്.
ഉഷ്ണമേഖല സംയോജന മേഖലയുടെ വ്യതിയാനവും മൺസൂൺ കാറ്റുകളുടെ വ്യാപനവും പ്രദേശത്തിന്റെ ഭൂപ്രകൃതിയുടെ കാഴ്ചയെ തന്നെ വ്യത്യസ്ത മാക്കി. അസീറിലെ മലയോര പ്രദേശങ്ങളിലാണ് മഴക്കൊപ്പം ശക്തമായ തോതിൽ ആലിപ്പഴ വീഴ്ചയുണ്ടായത്. ഏതായാലും മഴയും ആലിപ്പഴവീഴ്ചയും അതുവഴിയുണ്ടായ പ്രകൃതിയുടെ വർണാഭമായ കാഴ്ചകളും തദ്ദേശവാസികൾ ആഘോഷമാക്കുകയാണ്. മരുഭൂമിയും ചെടികളും താഴ്വാരങ്ങളും വെള്ളയിൽ കുളിരുമ്പോൾ മഞ്ഞ് പൊതിഞ്ഞ ഗിരിമേഖലകളിൽ പോയി ദൃശ്യങ്ങൾ ആസ്വാദിച്ചും ‘സെൽഫി’ യെടുത്തും ഉല്ലസിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗം തീർക്കുകയാണ്.
ആലിപ്പഴവർഷവും മഴയിൽ മരുഭൂമിയിലുണ്ടാകുന്ന ജലാശയങ്ങളുടെയും താൽകാലിക അരുവികളുടെയും പച്ചവിരിച്ച മനോഹര താഴ്വരക്കാഴ്ചകളുടെയും നയനമനോഹര ദൃശ്യങ്ങളും അറബ് യുവാക്കൾ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളിലും അസീർ മേഖലയിലെ ചില ഭാഗങ്ങളിൽ മിന്നലോടു കൂടിയ മഴയും ആലിപ്പഴവീഴ്ചയും ശക്തമായ കാറ്റും ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.