സൗദിയുടെ ചില പ്രദേശങ്ങളിൽ ശനിയാഴ്ച വരെ മഴക്കും മഞ്ഞുവീഴ്ചക്കും സാധ്യത, ശൈത്യം തുടരും
text_fieldsയാംബു: സൗദിയുടെ ചില പ്രദേശങ്ങളിൽ ശനിയാഴ്ച വരെ മഴയും മഞ്ഞുവീഴ്ചയും തുടരുമെന്നും തണുപ്പ് തുടരുമെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ചില പ്രദേശങ്ങളിൽ ഇടിമിന്നലും ഉപരിതല കാറ്റും കാർമേഘങ്ങൾ മൂടിയ അന്തരീക്ഷവും ഉണ്ടാവും. മക്ക, അസീർ, ജീസാൻ, അൽബാഹ, മദീന, തബൂക്ക്, അൽ ജൗഫ്, ഹാഇൽ, അൽ ഖസീം, റിയാദ്, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി പ്രദേശങ്ങൾ ഉൾപ്പെടെയുള്ള രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ അടുത്ത ശനിയാഴ്ച വരെ കാലാവസ്ഥാമാറ്റം പ്രതീക്ഷിക്കാം.
മക്ക മേഖലയിൽ വെള്ളിയാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴയുണ്ടാവാനാണ് സാധ്യത. മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയിൽ കാറ്റ് വീശും. അസീർ, ജിസാൻ, അൽബാഹ, അൽ ജൗഫ് മേഖലകളിൽ വെള്ളിയാഴ്ച വരെ മിതമായ തോതിൽ മഴ പെയ്യും. ചിലയിടങ്ങളിൽ ഇടിമിന്നലോടും ആലിപ്പഴവർഷത്തോടും കൂടിയ മഴയാണ് ഉണ്ടാവുക. മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയിൽ പൊടിക്കാറ്റ് വീശും.
കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ഇടിമിന്നലോടെ ശക്തമായ മഴ പെയ്തിരുന്നു. പലയിടങ്ങളിലും റോഡുകളിലുൾപ്പടെ വെള്ളം നിറഞ്ഞു ഗതാഗതം തടസപ്പെടുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്തു. അബ്ഖൈഖ് ഗവർണറേറ്റ് പരിധിയിൽ പലയിടങ്ങളിൽ നിന്ന് റോഡുകളിൽ നിന്നുൾപ്പടെ 25000 ക്യുബിക് മീറ്റർ മഴവെള്ളം കിഴക്കൻ പ്രവിശ്യ മുനിസിപ്പാലിറ്റി നീക്കം ചെയ്തു. വെള്ളം ഇങ്ങനെ ശേഖരിച്ച് കളയുന്നതിന് ഏഴ് മൊബൈൽ യൂനിറ്റുകളും 55 ജീവനക്കാരും പ്രവർത്തിച്ചു.
വരും ദിവസങ്ങളിലും ഈ പ്രദേശങ്ങളിൽ മഴ പെയ്യാനും തണുപ്പ് കൂടാനും മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷകർ പറഞ്ഞു. സൗദിയുടെ വടക്കുഭാഗത്താണ് കടുത്ത തണുപ്പ് അനുഭവപ്പെടുന്നത്. ചിലയിടങ്ങളിൽ താപനില പൂജ്യത്തിലെത്തിയതായും റിപ്പോർട്ടുണ്ട്. ഫെബ്രുവരി അവസാനം വരെ ചിലയിടങ്ങളിൽ തണുപ്പ് തുടരുമെന്ന നിഗമനത്തിലാണ് കാലാവസ്ഥ നിരീക്ഷകർ. ഈ വർഷത്തെ റമദാൻ വസന്തകാലത്താണ് എത്തുന്നത്. രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ നേരിയ ചൂടും തണുപ്പുമുള്ള സായാഹ്നങ്ങളാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.
കിഴക്കൻ പ്രവിശ്യയിലെ അബ്ഖൈഖിൽ റോഡുകളിൽ നിറഞ്ഞ വെള്ളം മുനിസിപ്പാലിറ്റി ജീവനക്കാർ നീക്കം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.