മഴയും മഞ്ഞുവീഴ്ചയും: തണുപ്പുറയും കാലത്തേക്ക് സൗദി അറേബ്യ
text_fieldsദമ്മാം: മഴയും മഞ്ഞുവീഴ്ചയുമായി ശരത്കാലത്തെ മായ്ച്ച് തണുപ്പുറയും കാലത്തേക്ക് സൗദി അറേബ്യ പ്രവേശിക്കുന്നു. മരുഭൂ ജീവിതത്തിെൻറ ഏറ്റവും സുന്ദരവും ആസ്വാദ്യകരവുമായ ഒരു കാലംകൂടിയാണ് സൗദിയിലേക്ക് വിരുന്നെത്തുന്നത്. വടക്കൻ സൗദിയിൽ സമീപ കാലത്തൊന്നും കാണാത്ത കനത്ത മഞ്ഞുവീഴ്ചയാണ് ഇത്തവണ. അറാറിലും പരിസരങ്ങളിലും 40 സെൻറിമീറ്ററോളം ഉയരത്തിൽവരെ മഞ്ഞുപാളി രൂപപ്പെട്ടു. മരുഭൂമിയിൽ നോക്കെത്താദൂരത്തോളം മഞ്ഞുപാളികൾ പരന്നുകിടക്കുകയാണ്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മഴ പെയ്യുന്നുണ്ട്. ഇടിമിന്നലും ആലിപ്പഴവർഷവും ശീതക്കാറ്റുമൊക്കെയായി സമൃദ്ധമായ മഴയാണ് ലഭിച്ചത്. മഴ അവസാനിക്കുന്നതോടെ കടുത്ത ശൈത്യം രാജ്യത്തെ പൊതിയും.
ലോക്ഡൗണിെൻറ വിരസതകൾക്കും ഉഷ്ണകാലത്തിെൻറ പൊറുതികേടുകൾക്കും ഒടുവിലെത്തുന്ന തണുപ്പുകാലത്തെ ആസ്വദിച്ച് സ്വീകരിക്കുകയാണ് അറബ് ജനത. ജീവിത സങ്കീർണതകളെയും സംഘർഷങ്ങളെയും മാറ്റിവെച്ച് മരുഭൂമിയുടെ മാറിൽ ഒന്നിച്ചുകൂടി ആകാശത്തോടും നക്ഷത്രങ്ങളോടും കഥപറയുന്ന പഴയ അറബ്ജീവിതം പുതിയതലമുറയും പുതുക്കിപ്പണിയുകയാണ്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത രീതികളിലാണ് ഈ ആസ്വാദനസംവിധാനങ്ങളുള്ളത്. രാജ്യത്തിെൻറ തെക്കൻ പ്രദേശമായ അസീർ, നജ്റാൻ, ജിസാൻ എന്നിവിടങ്ങൾ മഴയെ തുടർന്ന് വസന്തത്തിെൻറ തിളക്കം പ്രതിഫലിപ്പിച്ച് പച്ചപ്പണിഞ്ഞുകഴിഞ്ഞു. ഒപ്പം മഞ്ഞുരുകിയെത്തുന്ന കുഞ്ഞരുവികളും രൂപപ്പെട്ടുതുടങ്ങി. പ്രകൃതിയുടെ കാൻവാസിനുമേൽ പ്രകൃതിയൊരുക്കുന്ന അതിമനോഹരമായ ഒരു കാഴ്ചകൂടിയാണിത്. അൽബാഹയിലും അബഹയിലുമൊക്കെ വസന്തം ഒളിമിന്നുന്നു.
താഴ്വരകളും മലനിരകളും വനങ്ങളും ഒരുപോലെ പച്ചപുതച്ചുനിൽക്കുന്ന കാഴ്ച നയനാനന്ദകരമാണ്. പടിഞ്ഞാറൻ മേഖലയിലെ കടൽക്കരയിലെ നഗരവാസികൾ തണുപ്പിെൻറ അകമ്പടിയോടെയെത്തുന്ന സൂര്യപ്രകാശത്തിൽ പുലർകാലങ്ങളിൽ നീന്തലും മീൻപിടിക്കലുമായി ചെലവഴിക്കുകയും രാത്രികാലങ്ങളിൽ ചുട്ടെടുക്കുന്ന മാംസഭക്ഷണം ആസ്വദിക്കുകയും ചെയ്യുന്നു. ജിദ്ദയിലിപ്പോൾ അനുയോജ്യമായ കടലോരവിനോദത്തിന് അനുകൂലമായ കാലാവസ്ഥയാണ്. അന്തരീക്ഷത്തിൽ ഈർപ്പം കുറവാണ്, ജലത്തെ തണുപ്പിക്കുന്ന തണുത്ത കാറ്റ്, ചൂടുള്ള സൂര്യൻ എന്നിവ വേണ്ടത്ര ഊഷ്മളത നിലനിർത്തുന്നു. രാജ്യത്തിെൻറ വടക്കൻ മരുഭൂമിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി ഗണ്യമായ മഴ ലഭിച്ചു, ചില പ്രദേശങ്ങളിൽ ഇടയ്ക്കിടെ ആലിപ്പഴവും പൊഴിഞ്ഞിരുന്നു. കിഴക്കൻപ്രദേശത്തെ കടൽത്തീരങ്ങളും പാർക്കുകളും കുടുംബങ്ങളെക്കൊണ്ട് നിറയുകയാണ്. ഒപ്പം മരുഭൂമിയിൽ നിരവധി ടെൻറുകൾ സജീവമായിക്കഴിഞ്ഞു.
മരുഭൂമിയിലേക്ക് കിലോമീറ്ററുകൾക്കുള്ളിലുള്ള ടെൻറുകളിൽ സ്ത്രീകൾക്കും പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കുഴിമന്തികൾ തയാറാക്കുന്ന വിദഗ്ധരും ഇവിടങ്ങളിൽ സജീവമാണ്. ശൈത്യകാലം ആസ്വാദ്യ സുന്ദരമാെണങ്കിലും അപൂർവമായും അപ്രതീക്ഷിതവുമായെത്തുന്ന മഴയെക്കുറിച്ച് ജാഗ്രത പാലിക്കാനും അപകടം നിറഞ്ഞ പ്രദേശങ്ങളിൽനിന്ന് മാറി നിൽക്കാനും കാലാവസ്ഥ നിരീക്ഷണകേന്ദ്രവും സിവിൽ ഡിഫൻസും മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.