സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നു
text_fieldsറിയാദ് നഗരം മൂടൽ മഞ്ഞിൽ
യാംബു: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നു. മൂടൽ മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ജിസാൻ, അസീർ, അൽ ബാഹ മേഖലകളിലും മക്കയിലെ ഉയർന്ന പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ നല്ല തോതിൽ മഴയുണ്ടായി. വരും ദിവസങ്ങളിലും ഈ നാലു പ്രദേശങ്ങളിൽ മഴ തുടരാനും ചിലയിടങ്ങളിൽ മൂടൽ മഞ്ഞ് അനുഭവപ്പെടാനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മക്ക, മദീന, തബൂക്ക് എന്നിവയുടെ ചില ഭാഗങ്ങളിൽ പൊടിപടലങ്ങൾ ഉയർത്തുന്ന സജീവ കാറ്റിന്റെ ആഘാതം ഉണ്ടാകുമെന്നും കേന്ദ്രം പ്രവചിച്ചു.
ജിസാൻ, അസീർ, അൽ ബാഹ മേഖലകളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും നേരിയ മഴക്ക് സാധ്യതയുണ്ടെന്നും ആ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലും അൽ ബാഹയുടെ ചില ഭാഗങ്ങളിലും മൂടൽമഞ്ഞ് വരും ദിവസങ്ങളിൽ കുറയാനുള്ള സാധ്യതയും കേന്ദ്രം ചൂണ്ടിക്കാട്ടി. വടക്കൻ അതിർത്തി മേഖല, അൽ ജൗഫ്, റിയാദ്, ഖസീം പ്രവിശ്യകൾ എന്നിവിടങ്ങളിൽ നേരിയ മഴക്കാണ് വരും ദിവസങ്ങളിൽ സാധ്യതയെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
സൗദിയുടെ വടക്കൻ മേഖലകളിലും മധ്യഭാഗത്തുമാണ് പൊതുവെ തണുപ്പുള്ള കാലാവസ്ഥ തുടരുന്നത്. എന്നാൽ കിഴക്കൻ ഭാഗങ്ങളിലെ ചില പ്രദേശങ്ങളിൽ താപനില 20 ഡിഗ്രിയിലേക്ക് ഉയർന്നതായാണ് റിപ്പോർട്ട്.
രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പകൽ സമയത്ത് സുഖകരമായ കാലാവസ്ഥയാണ് ഇപ്പോൾ പ്രകടമാകുന്നത്. മിക്ക പ്രദേശങ്ങളിലും രാത്രി തണുപ്പ് തുടരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.