മക്കയിൽ മഴ തുടരുന്നു; പച്ച പുതപ്പണിഞ്ഞ് മലനിരകൾ
text_fieldsമക്ക: മിക്കസമയങ്ങളിലും 40 ഡിഗ്രി സെൽഷ്യസും അതിന് മുകളിലുമാണ് മക്കയിലെ അന്തരീക്ഷ താപനില. വരണ്ട കാലാവസ്ഥയായതിനാൽ വർഷത്തിൽ എപ്പോഴെങ്കിലും ലഭിക്കുന്ന മഴ അനുഗ്രഹമാകാറുണ്ട്. പതിവിന് വിപരീതമായി ഇത്തവണ ഒരാഴ്ചയായി മക്കയിലും പരിസരങ്ങളിലും നല്ല മഴയാണ് ലഭിക്കുന്നത്.
മഴക്കെടുതിയുടെ കാഴ്ചകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ അതിനിടയിൽ കൺകുളിർക്കുന്ന മനോഹര കാഴ്ചകളും കാണാനാകും. പ്രദേശത്തെ ഊഷരമായി കിടന്നിരുന്ന മലകളും മരുഭൂമിയും പച്ച പുതപ്പണിഞ്ഞു കിടക്കുന്ന പ്രകൃതിരമണീയമായ കാഴ്ചകളാണത്. വിവിധ റോഡുകളിലൂടെ മക്കയിലേക്ക് സഞ്ചരിക്കുമ്പോൾ മുമ്പെങ്ങുമില്ലാത്ത വിധം റോഡുകൾക്കിരുവശവും ഉയർന്നു നിൽക്കുന്ന മലകളും പരന്നുകിടക്കുന്ന മരുഭൂമിയുമെല്ലാം സസ്യജാലങ്ങൾ വളർന്ന് പച്ചപ്പാർന്ന് കിടക്കുന്നത് മനോഹര കാഴ്ചയാണ്.
സൗദിയുടെ മറ്റു ചില പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള കാഴ്ചകൾ പുതുമയുള്ളതല്ലെങ്കിലും മക്കയിൽ ദീർഘ കാലത്തിന് ശേഷമാണ് ഇങ്ങനെയൊരു കാഴ്ച്ചയെന്ന് പഴയകാല പ്രവാസികൾ പറയുന്നു. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പച്ചച്ചെടികളാൽ സമൃദ്ധമായ പ്രദേശത്ത് ആട്ടിൻപറ്റങ്ങളും ഒട്ടകങ്ങളും മേക്കുന്ന മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാനും തണുപ്പ് കാലാവസ്ഥയിൽ ഫ്ലാറ്റുകളിൽ നിന്നും പുറത്തിറങ്ങി മരുഭൂമിയിൽ തമ്പടിക്കാനും മറ്റുമായി നിരവധി ആളുകളാണ് ഈ പ്രദേശത്തേക്ക് എത്തുന്നത്.
കനത്ത മഴയെ തുടർന്ന് ഈ പ്രദേശങ്ങളിൽ രൂപപ്പെട്ട താൽക്കാലിക പുഴകളും ചുറ്റുമുള്ള ചെടികളും മലകളും മരുഭൂമിയും മറ്റും ഡ്രോൺ കാമറ ഉപയോഗിച്ച് പകർത്തിയ വിഡിയോ ദൃശ്യങ്ങൾ സൗദി പ്രസ് ഏജൻസി ഔദ്യോഗിക സാമൂഹിക മാധ്യമ പേജുകളിലൂടെ പുറത്തുവിട്ടത് വൈറലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.