മക്ക മേഖലയിൽ മഴ തുടരുന്നു
text_fieldsമക്ക: മക്ക മേഖലയിൽ വീണ്ടും മഴ. ശനിയാഴ്ച വൈകീട്ടാണ് മക്കയുടെ മിക്ക ഭാഗങ്ങളിലും കനത്ത മഴ പെയ്തത്. വെള്ളിയാഴ്ച വൈകീട്ട് മക്കയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മഴയെ തുടർന്ന് റോഡുകളിലുണ്ടായ വെള്ളവും ചളിയും പമ്പ് ചെയ്തു നീക്കം ചെയ്യുന്നതിനിടയിലാണ് വീണ്ടും മഴയുണ്ടായത്. കനത്ത മഴയിൽ പല റോഡുകളിലും വെള്ളം കയറി. ചില റോഡുകളിലെ വെള്ളക്കെട്ടിൽ നിരവധി വാഹനങ്ങൾ കുടുങ്ങി.
അടിയന്തരഘട്ടം തരണം ചെയ്യാൻ പ്രധാന റോഡുകളിൽ പൊലീസും സിവിൽ ഡിഫൻസും നിലയുറപ്പിച്ചിരുന്നു. മുൻകരുതലെന്നോണം ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ, ബോട്ടുകൾ തുടങ്ങിയവ ഒരുക്കിയിരുന്നു. ശുചീകരണ ജോലികൾക്ക് മുനിസിപ്പാലിറ്റിക്ക് കീഴിൽ 730ലധികം തൊഴിലാളികളെ വിന്യസിച്ചു. വിവിധ തരത്തിലും വലുപ്പത്തിലും ഉപയോഗത്തിലുമുള്ള 108ലധികം ഉപകരണങ്ങൾ ഒരുക്കിയിരുന്നു. ജിദ്ദയുടെ വിവിധ ഭാഗങ്ങളിലും ശനിയാഴ്ച വൈകീട്ട് നല്ല മഴയുണ്ടായി.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. ചില റോഡുകളിലുണ്ടായ വെള്ളക്കെട്ട് ഗതാഗതം തടസ്സപ്പെടുത്തി. പകരം റോഡുകളിലേക്ക് വാഹനം തിരിച്ചുവിട്ടു. ചിലയിടങ്ങളിൽ വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി. കാലാവസ്ഥ വകുപ്പിെൻറ മുന്നറിയിപ്പിനെ തുടർന്ന് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഞായറാഴ്ച അവധി നൽകിയിരുന്നു. രാജ്യത്തെ പടിഞ്ഞാറൻ മേഖലയിലെ ത്വാഇഫ്, യാംബു, മദീന, തബൂക്ക്, അൽബാഹ തുടങ്ങിയ സ്ഥലങ്ങളിൽ മഴയുണ്ടായതായി റിപ്പോർട്ടുണ്ട്.
ശനിയാഴ്ച ഏറ്റവും കൂടുതൽ മഴ പെയ്തത് മക്ക മേഖലയിലാണ്. വാദി മിനയിൽ 60 മി.മീറ്ററും അൽറുസൈഫ പരിസരത്ത് 43 മി.മീറ്ററും മഴ പെയ്തതായി രേഖപ്പെടുത്തി. പരിസ്ഥിതി-ജല-കൃഷി മന്ത്രാലത്തിെൻറ റിപ്പോർട്ടിലാണ് ഇക്കാര്യം ചുണ്ടിക്കാട്ടിയത്. രാജ്യത്തിെൻറ വിവിധ മേഖലകളിൽ മഴയുടെ അളവ് നിരീക്ഷിക്കുന്നതിന് 48 ജലശാസ്ത്ര, കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളാണുള്ളത്. മക്കയിലെ കാക്കിയയിൽ 39.4 മി.മീറ്ററും സെൻട്രൽ ഹറം ഏരിയയിൽ 31.8 മി.മീറ്ററും അൽഷറായയിൽ 31.1 മി.മീറ്ററും, അറഫാത്തിൽ 30 മി.മീറ്ററും അൽഉംറ ഏരിയയിൽ 23.8 മി.മീറ്ററും ത്വാഇഫിൽ 22.2 മി.മീറ്ററും ജിദ്ദ കിങ് അബ്ദുല്ല യൂനിവേഴ്സിറ്റിയിൽ 18.8 മി.മീറ്ററും ഹയ്യ് അൽജാമിഅ 13 മി.മീറ്ററും ബനീ മാലികിൽ 8.6 മി.മീറ്ററും രേഖപ്പെടുത്തി. മറ്റിടങ്ങളിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് ജിസാൻ മേഖലയിലാണ് (23.1 മി.മീറ്റർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.