സൗദിയിൽ മഴ തുടരുന്നു, തിമർത്തു പെയ്ത മഴയിൽ മുങ്ങി ജിദ്ദ നഗരം
text_fieldsജിദ്ദ: ജിദ്ദയിൽ വീണ്ടും കനത്ത മഴ. ഞായറാഴ്ച വൈകുന്നേരമാണ് ശക്തമായ ഇടിയും മിന്നലോടും കൂടിയ മഴയുണ്ടായത്. വ്യാഴാഴ്ച നഗരത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്ന ജോലികൾ പൂർത്തിയായി വരികയായിരുന്നു. അതിനിടയിലാണ് വീണ്ടും മഴ കനത്തത്. രണ്ട് മണിക്കൂറിലധികം ഇടിയോട് കൂടിയ മഴ നീണ്ടു. ഇടവിട്ട് തിമർത്തു ചെയ്ത മഴയെ തുടർന്ന് നഗരത്തിലെ പല റോഡുകളിലും വെള്ളം നിറഞ്ഞു കവിഞ്ഞു.
താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഗതാഗതം തടസ്സപ്പെട്ടു. നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി. വെള്ളം കയറിയതിനാൽ പല റോഡുകളും തുരങ്കങ്ങളും പൊലീസ് അടച്ചു. ചില ഡിസ്ട്രിക്റ്റുകളിലെ താമസക്കാർക്ക് സിവിൽ ഡിഫൻസ് വേണ്ട മുൻകരുതലെടുക്കാൻ ശബ്ദത്തോട് കൂടിയ മുന്നറിയിപ്പ് സന്ദേശം അയച്ചു.
ഞായറാഴ്ച മേഖലയിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന് മേഖലയിൽ സ്ക്കൂളുകൾക്ക് അവധി നൽകുന്നതുൾപ്പെടെയുള്ള മുൻകരുതലെടുത്തിരുന്നു. സിവിൽ ഡിഫൻസ്, റെഡ്ക്രസൻറ്, മുനിസിപ്പാലിറ്റി വകുപ്പുകൾ അടിയന്തിരഘട്ടങ്ങൾ നേരിടാൻ വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു.
വെള്ളക്കെട്ടിന് സാധ്യതയുള്ള പ്രദേശങ്ങൾക്ക് സമീപം സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിരുന്നു. മുന്നറിയിപ്പ് ഉപകരണങ്ങൾ, ബോട്ടുകൾ, ഉപകരണങ്ങൾ, ഗോവണി, അഗ്നിശമന ഉപകരണങ്ങൾ എന്നിവ സജ്ജമാക്കിയിരുന്നു. മക്ക മേഖല ദുരന്ത നിവാരണകേന്ദ്രം സ്ഥിതിഗതികൾ വിലയിരുത്തികൊണ്ടിരുന്നു. നിർദേശങ്ങൾ പാലിക്കണമെന്നും മഴവെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും ഇലക്ട്രിക് പോസ്റ്റുകൾ, പവർ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് അകന്ന് കഴിയണമെന്ന് മുന്നറിയിപ്പ് നൽകി.
മേഖലയിൽ തിങ്കളാഴ്ച വൈകുന്നേരം മൂന്ന് വരെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നന്നത്. ഇതേ തുടർന്ന് തിങ്കളാഴ്ചയും മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ കാര്യാലയം അവധി നൽകിയിട്ടുണ്ട്. പകരം ക്ലാസുകൾ ഒാൺലൈനിലാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. മദീന, ത്വാഇഫ്, ഖസീം എന്നിവിടങ്ങളിലും വ്യാഴാഴ്ച മഴ പെയ്തു. മഴക്കുള്ള സാധ്യത തുടരുന്നതിനാൽ കൂടുതൽ മേഖലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.