മക്കയുൾപ്പെടെ പടിഞ്ഞാറൻ മേഖലയിൽ മഴ തുടരുന്നു
text_fieldsജിദ്ദ: മക്കയുൾപ്പെടെ പടിഞ്ഞാറൻ മേഖലയിൽ മഴ തുടരുന്നു. വെള്ളിയാഴ്ച പുലർച്ചെ ഹറം പരിസരത്തും മക്കയുടെ വിവിധ ഭാഗങ്ങളിലും ഇടിയും കറ്റോടു കൂടി നല്ല മഴയാണുണ്ടായത്. ചില ഡിസ്ട്രിക്റ്റുകളിൽ കനത്ത മഴയെ തുടർന്ന് റോഡുകളിലും റൗണ്ട് എബൗട്ടുകളിലും വെള്ളക്കെട്ടുണ്ടായി. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. നിർത്തിയിട്ട ചില വാഹനങ്ങൾ മഴവെള്ള ഒഴുക്കിൽപ്പെട്ടു. മരങ്ങൾ കടപുഴകി വീണു. പല സ്ഥലങ്ങളിലും മാലിന്യപ്പെട്ടികൾ ഒലിച്ചുപോയി. ചില റോഡുകളിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. റോഡിന് നടുവിൽ വൻതോതിൽ വെള്ളം കെട്ടിക്കിടന്നതിനാൽ മുനിസിപ്പാലിറ്റിയും ട്രാഫികും മക്ക അൽശറായ ഹൈവേ ഒരു ഭാഗം അടച്ചു. വെള്ളം നീക്കം ചെയ്തു റോഡ് വേഗം തുറന്നു കൊടുക്കാൻ മുനിസിപ്പാലിറ്റി വേണ്ട ഉപകരണങ്ങളും തൊഴിലാളികളെയും സ്ഥലത്ത് വിന്യസിച്ചു. പ്രധാന റോഡുകളിൽ സിവിൽ ഡിഫൻസ് സംഘങ്ങളും നിലയുറപ്പിച്ചിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം ഏഴ് വരെ മക്ക മേഖലയിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്നും ദൂരക്കാഴ്ച കുറയുകയും ചെയ്യുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. രാവിലെ മുതൽ ആകാശം മേഘാവൃതമായിരുന്നു. ബന്ധപ്പെട്ട വകുപ്പുകൾ വേണ്ട മുൻകരുതൽ എടുത്തിരുന്നു. വിമാന യാത്രക്കാരോട് യാത്രസമയത്തിൽ മാറ്റമുണ്ടോയെന്ന് ഉറപ്പുവരുത്താൻ വിമാനകമ്പനികളുമായി ആശയവിനിമയം നടത്താൻ ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവള അധികൃതർ ആവശ്യപ്പെട്ടു. ത്വാഇഫിലും നല്ല മഴയുണ്ടായി. കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് മുൻകരുതലായി തൽകാലത്തേക്ക് ത്വാഇഫിലെ അൽഹദാ ചുരം റോഡ് അടച്ചു. മഴയെ തുടർന്ന് പ്രദേശത്ത് തണുപ്പ് കൂടി.
ജിദ്ദയുടെ ആകാശവും മൂടിക്കെട്ടിയ നിലയിരുന്നു. വ്യാഴാഴ്ച രാവിലെയുണ്ടായ മഴക്ക് ശേഷം ആകാശം തെളിഞ്ഞിരുന്നുവെങ്കിലും വെള്ളിയാഴ്ച പുലർച്ചെ ചില ഭാഗങ്ങളിൽ നേരിയ മഴയുണ്ടായി. ബുധനാഴ്ച വൈകീട്ട് കാലാവസ്ഥ കേന്ദ്രം ജിദ്ദയിൽ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന് ബന്ധപ്പെട്ട വകുപ്പുകൾ വേണ്ട മുൻകരുതലെടുത്തിരുന്നു. സിവിൽ ഡിഫൻസ് ആളുകൾക്ക് ജാഗ്രത സന്ദേശം അയക്കുകയും ചെയ്തിരുന്നു. മഴ തീരുന്നതുവരെ അത്യാവശ്യത്തിനല്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും ഒഴുക്കുള്ള സ്ഥലങ്ങളിലേക്ക് അടുക്കരുതെന്നും മക്ക മേഖലയിലെ ദുരന്ത നിവാരണ കേന്ദ്രം നിർദേശിച്ചു. സർക്കാർ, സ്വകാര്യ സ്ക്കൂളുകൾക്ക് വ്യാഴാഴ്ച അവധി നൽകിയിരുന്നു. മദീന, അൽവജ്ഹ്, തബൂക്ക് എന്നിവിടങ്ങളിലും വെള്ളിയാഴ്ച മഴയുണ്ടായായി റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.