മക്കയിലെ മഴ; റോഡുകളിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ അടിയന്തര പദ്ധതി
text_fieldsമക്ക: ഇന്നലത്തെ കനത്ത മഴയെ തുടർന്ന് മക്കയിലെ റോഡുകളിലുണ്ടായ വെള്ളവും അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ മക്ക മുനിസിപ്പാലിറ്റിക്ക് കീഴിൽ ഊർജിത പ്രവർത്തനങ്ങൾ ആരംഭിച്ചു. വിവിധ റോഡുകളിൽ ആവശ്യമായ ഉപകരണങ്ങൾ എത്തിക്കുകയും തൊഴിലാളികളെയും ഫീൽഡ് ഉദ്യോഗസ്ഥരെയും വിന്യസിച്ചാണ് അവശിഷ്ടങ്ങൾ വേഗം നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങൾ ആരംഭിച്ചിരിക്കുന്നത്.
മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് വന്നതോടെ അതത് ബലദിയ ബ്രാഞ്ച് ഓഫീസുകൾ നാശനഷ്ടങ്ങൾ ഒഴിവാക്കുന്നതിനും ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിനും വേണ്ട മുൻകരുതൽ എടുത്തിരുന്നു. ഫീൽഡിൽ വേണ്ട ഉപകരണങ്ങളും തൊഴിലാളികളെയും ഒരുക്കി നിർത്തുകയും ചെയ്തിരുന്നു. മഴയെ തുടർന്ന് റോഡുകൾ എത്രയും വേഗം ഗതാഗത യോഗ്യമാക്കുന്നതിന് അടിയന്തിര പദ്ധതിയാണ് മുനിസിപ്പാലിറ്റി ഇപ്പോൾ നടപ്പിലാക്കുന്നത്.
വിവിധ റോഡുകളിൽ അടിഞ്ഞുകൂടിയ വെള്ളം വലിച്ചെടുക്കുന്നതിനും റോഡുകൾ വ്യത്തിയാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പദ്ധതി നടപ്പിലാക്കാൻ ജീവനക്കാർ, സൂപ്പർവൈസർമാർ, നിരീക്ഷകർ, എഞ്ചിനീയർമാർ, ഫീൽഡ് വർക്കർമാർ എന്നിവരുൾപ്പെടെ 10,552 പേരും വിവിധ വലിപ്പത്തിലുള്ള 2,556 യന്ത്ര സാമഗ്രികളും വാഹനങ്ങളും മഴക്കെടുതിയുണ്ടായ സ്ഥലങ്ങളിൽ ഒരുക്കിയിട്ടുണ്ട്. കനത്ത മഴക്കാണ് മക്ക നഗരം ഇന്നലെ സാക്ഷ്യം വഹിച്ചത്. നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും മരങ്ങളും പരസ്യ ബോർഡുകളും വീഴുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.