റിയാദിലും മറ്റിടങ്ങളിലും വ്യാഴാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥകേന്ദ്രം
text_fieldsറിയാദ് ബത്ഹയിലെ മഴക്കാഴ്ച
യാംബു: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ വ്യാഴാഴ്ച വരെ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
റിയാദിന് പുറമെ ഹാഇൽ, അൽ ഖസിം, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തികൾ, മക്ക, മദീന എന്നിവിടങ്ങളിലും വരുംദിവസങ്ങളിൽ മഴ പെയ്യാൻ സാധ്യതയുള്ളതായി കേന്ദ്രം പുറത്തിറക്കിയ കാലാവസ്ഥാ റിപ്പോർട്ടിൽ വ്യക്തമാക്കി.
തിങ്കളാഴ്ച ചില പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കാണ് സാധ്യതയെന്നും നേരത്തേ കേന്ദ്രം മുന്നറിയിപ്പ് നൽകിയതുപോലെ കഴിഞ്ഞദിവസങ്ങളിൽ കാലാവസ്ഥാമാറ്റങ്ങൾ പ്രകടമായതായും കേന്ദ്രം ചൂണ്ടിക്കാട്ടി. വരുംദിവസങ്ങളിൽ മക്ക മേഖലയിലെ ചില പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴക്കും പൊടിപടലങ്ങൾ ഉയരുന്ന കാറ്റിനും സാധ്യതയുള്ളതായി കേന്ദ്രം മുന്നറിയിപ്പ് നൽകി. ത്വാഇഫ്, മെയ്സാൻ, അദം, അൽ അർദിയാത്ത്, അൽ മുവൈഹ്, അൽ ഖർമ, റാനിയ, തുറാബ, ബഹ്റ, അൽ ജമൂം, ഖുലൈസ്, അൽ കാമിൽ എന്നീ ഗവർണറേറ്റുകളിൽ മഴയും ആലിപ്പഴ വർഷവും വരുംദിവസങ്ങളിൽ പ്രതീക്ഷിക്കുന്നതായി കേന്ദ്രം അറിയിച്ചു.
അൽബഹ മേഖലയിലെ മിക്ക ഗവർണറേറ്റുകളിലും വരുംദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയാണ് ലഭിക്കുക. അതേസമയം റിയാദ്, അൽഖസിം, ഹാഇൽ, നജ്റാൻ, കിഴക്കൻ പ്രവിശ്യ, മദീന, വടക്കൻ അതിർത്തികൾ, അൽജൗഫ് എന്നീ പ്രദേശങ്ങളിലും നേരിയ തോതിലായിരിക്കും മഴ. മഴപെയ്യാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ പൊടിയും മണലും ഇളക്കിവിടുന്ന സജീവമായ കാറ്റിനൊപ്പമായിരിക്കും നേരിയതോ മിതമായതോ ആയ മഴ പെയ്യുക.
കാലാവസ്ഥാമാറ്റങ്ങൾ വരുന്ന സാഹചര്യത്തിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തുവിടുന്ന വിവരങ്ങൾ പിന്തുടർന്ന് ആവശ്യമായ സുരക്ഷാമുന്നൊരുക്കം എടുക്കണമെന്ന് അധികൃതർ അറിയിച്ചു.
ബന്ധപ്പെട്ട കാലാവസ്ഥാ മുന്നറിയിപ്പുകളും നിർദേശങ്ങളും യഥാവിധി പാലിക്കാൻ എല്ലാവരും ജാഗ്രത കാണിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.