തബൂക്കിൽ മഴ, മക്ക മേഖലയിൽ കനത്ത ജാഗ്രത
text_fieldsജിദ്ദ: മഴക്കുള്ള സാധ്യത കണക്കിലെടുത്ത് മക്ക മേഖലയിൽ കനത്ത ജാഗ്രത. സിവിൽ ഡിഫൻസ്, സൗദി റെഡ് ക്രസൻറ് എന്നിവക്ക് കീഴിൽ മേഖലയുടെ വിവിധ ഭാഗങ്ങളിൽ എല്ലാ മുൻകരുതലും തയാറെടുപ്പുകളും പൂർത്തിയാക്കിയതായാണ് റിപ്പോർട്ട്. തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ രാജ്യത്തെ വിവിധ മേഖലകളിലും മക്ക, ജിദ്ദ, ത്വാഇഫ്, ജമൂം, ഖുലൈസ്, മീസാൻ, അൽലെയ്ത്ത്, അദമ്, അർദിയാത്ത് എന്നിവിടങ്ങളിൽ മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണിത്.
മുന്നറിയിപ്പ് വന്നതിനെ തുടർന്ന് കമാൻഡ് ആൻഡ് കൺട്രോൾ റൂം പൂർണ സജ്ജമായതായി മക്ക മേഖല റെഡ്ക്രസൻറ് മേധാവി ഡോ. മുസ്തഫ ബിൻ ജമീൽ ബൽജൂൻ പറഞ്ഞു. 98 ആംബുലൻസ് കേന്ദ്രങ്ങൾ, 160 ആംബുലൻസ് വോളന്റിയർ ടീമുകൾ, രണ്ട് എയർ ആംബുലൻസ് വിമാനങ്ങൾ, മറ്റ് വാഹനങ്ങൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ജിദ്ദയുടെ മധ്യഭാഗത്തും വടക്കുഭാഗത്തും ബഹ്‌റ പാലം, അൽ-ഇവാ പാലം എന്നിവിടങ്ങളിലുമായി നാല് അടിയന്തര സഹായ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
പ്രദേശങ്ങളിലെ പൗരന്മാരോടും താമസക്കാരോടും ജാഗ്രത പുലർത്താനും നിർദേശങ്ങൾ പാലിക്കാനും റെഡ്ക്രസൻറ് മേധാവി ആവശ്യപ്പെട്ടു. സിവിൽ ഡിഫൻസും ആളുകളോട് ജാഗ്രത പുലർത്താൻ നിർദേശിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം തുടരുന്നതിനാൽ ദൂരക്കാഴ്ച കുറയും. ഡ്രൈവിങ് നടത്തുന്നവർ ആവശ്യമായ മുൻകരുതലെടുക്കണമെന്നും റോഡ് സുരക്ഷ സേന ഉണർത്തി. അതേ സമയം, തബൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ സമാന്യം നല്ല മഴയുണ്ടായി. ഹഖ്ൽ, ദുബ, ഉംലജ്, അൽവജ്ഹ് എന്നിവിടങ്ങളിലാണ് മഴയുണ്ടായത്.
വാദി അൽഖശബിയയിലെ ഒഴുക്ക് കാരണം അൽഉല - മദീന റോഡ് വഴിതിരിച്ചുവിട്ടതായി റോഡ് സുരക്ഷ സേന അറിയിച്ചു. ഒഴുക്കും ഉയർന്ന ജലനിരപ്പും കാരണമാണ് അൽഉല - മദീന റോഡ് രണ്ട് ഭാഗത്തേക്കും താത്കാലികമായി 237 കിലോമീറ്റർ അടച്ചതെന്നും ബദൽ റോഡ് അൽഉല - ഖൈബർ റോഡ് ആയിരിക്കുമെന്ന് റോഡ് സുരക്ഷ സേന ട്വിറ്ററിൽ അറിയിച്ചു. മുൻകരുതലെന്നോണം തബൂക്ക് മേഖലയിലെ മറ്റ് ചില റോഡുകളും അടച്ചിരുന്നു. മദീന, അറാർ, അൽജൗഫ് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച മഴയുണ്ടായതായി റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.