മഴയും തണുപ്പും; അസീറിലേക്ക് സന്ദർശക പ്രവാഹം
text_fieldsഅബ്ഹ: കത്തുന്ന വേനലിൽ ശീതളിമ തേടി അസീർ മേഖലയിലേക്ക് സന്ദർശക പ്രവാഹം. അന്തരീക്ഷോഷ്മാവിലെ കുറവും മഴയുമാണ് വേനലവധി ചെലവഴിക്കാൻ രാജ്യത്തെ മറ്റ് ഭാഗങ്ങളിൽനിന്ന് വൻതോതിൽ ആളുകളെ അസീർ മേഖലയിലേക്ക് ആകർഷിക്കുന്നത്. മലമുകളിലെ മൂടൽമഞ്ഞും മലഞ്ചരിവുകളിലെ പ്രകൃതിരമണീയ ദൃശ്യങ്ങളും വേറിട്ട കാഴ്ചകളാണ് സന്ദർശകർക്ക് സമ്മാനിക്കുന്നത്. സന്ദർശകരുടെ വരവ് കൂടിയതോടെ ഗവൺമെൻറ്, സ്വകാര്യ വകുപ്പുകൾ സേവനങ്ങൾ നൽകുന്നതിനുള്ള ശ്രമങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഉല്ലാസകേന്ദ്രങ്ങളിലും പാർക്കുകളിലും തോട്ടങ്ങളിലും ശുചീകരണത്തിന് കൂടുതലാളുകളെ നിയോഗിച്ചിട്ടുണ്ട്.
മഴവെള്ളം മുഴുസമയവും നീക്കംചെയ്യാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ഗതാഗത വകുപ്പിന് കീഴിലെ പ്രത്യേക സംഘവും രംഗത്തുണ്ട്. സുരക്ഷ നിരീക്ഷണത്തിനായി സിവിൽ ഡിഫൻസ്, പൊലീസ് ഉദ്യോഗസ്ഥ സംഘത്തെ സന്ദർശകർ കടന്നുപോകുന്ന റോഡുകളിലും ഉല്ലാസകേന്ദ്രങ്ങൾക്കടുത്തും നിയോഗിച്ചിട്ടുണ്ട്. സന്ദർശകരുടെ വരവ് കൂടിയതോടെ അബ്ഹയിലും പരിസര മേഖലകളിലുമുള്ള ഹോട്ടലുകളിലും അപ്പാർട്മെൻറുകളിലും ബുക്കിങ് അനുപാതം 95 ശതമാനം വരെയെത്തിയതായാണ് കണക്ക്. താമസകേന്ദ്രങ്ങളിലെ സേവനങ്ങൾ ടൂറിസ്റ്റ് വകുപ്പിന് കീഴിലെ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.
ഇൗ വർഷം മുനിസിപ്പാലിറ്റി ഒരുക്കിയ പരിപാടികളിൽ ഏറ്റവും ശ്രദ്ധേയമായത് ശാരിഅ് അൽഫന്നിലെ 'ഖൈറാത്ത് അസീർ'എന്ന പ്രദർശനമാണ്. മേഖലയിൽ ഉൽപാദിപ്പിക്കുന്ന വിവിധ പഴവർഗങ്ങൾ, പച്ചക്കറികൾ എന്നിവക്ക് പുറമെ തേൻ, നെയ്യ്, കാപ്പി, സുഗന്ധ സസ്യങ്ങൾ, ധാന്യങ്ങൾ തുടങ്ങിയവയാണ് പ്രദർശനത്തിലുള്ളത്. നിരവധി പേരാണ് പ്രദർശനം കാണാനെത്തുന്നത്. ഇതോടൊപ്പം മേഖലകളിലെ കലാസംഘങ്ങളുടെ നാടൻ കലാപരിപാടികളും നടന്നുവരുന്നുണ്ട്. 'മെയ്ഡ് ഇൻ അസീർ'എന്നതാണ് മറ്റൊരു പ്രദർശനം. മേഖലയിലെ പരമ്പരാഗത തുണിത്തരങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, അലങ്കരിച്ച പാത്രങ്ങൾ, കൊത്തുപണികളുള്ള സാധനങ്ങൾ എന്നിവയുടെ പ്രദർശനമാണിത്. വേനലവധി ആഘോഷങ്ങളുടെ ഭാഗമായി ഫാൽക്കൺ പ്രദർശനം, കുതിരയോട്ടം തുടങ്ങിയ പരിപാടികൾ അടുത്തിടെയാണ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.