സൗദിയിൽ മഴ തുടരുന്നു; ജിദ്ദയിൽ കനത്ത ഇടിയും മഴയും
text_fieldsജിദ്ദ: ജിദ്ദയിൽ കനത്ത ഇടിയും മഴയും. ശനിയാഴ്ച മുതൽ മേഖലയിൽ മഴ ആരംഭിച്ചിരുന്നു. ഞായറാഴ്ച രാവിലെ മുതൽ ഇടിയും ചാറൽ മഴയും തുടങ്ങി. പതിനൊന്ന് മണിയോടെ പട്ടണത്തിന്‍റെ മിക്ക ഭാഗങ്ങളിലും കനത്ത മഴയാണുണ്ടായത്.
രണ്ട് വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴക്കാണ് ജിദ്ദ പട്ടണം സാക്ഷ്യം വഹിച്ചത്. താഴ്ന്ന പ്രദേശങ്ങളിലും പല റോഡുകളിലും വെള്ളം കയറി. നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി. കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറി.
കാറ്റിനെ തുടർന്ന് നസീം, സുലൈമാനിയ ഡിസ്ട്രിക്റ്റുകളിൽ മരങ്ങൾ നിലംപൊത്തി. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ജിദ്ദയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിനെ തുടർന്ന് സിവിൽ ഡിഫൻസ്, ട്രാഫിക്, മുനിസിപ്പാലിറ്റി, ആരോഗ്യം, റെഡ്ക്രസൻറ് വകുപ്പുകൾക്ക് കീഴിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു.
വെള്ളക്കെട്ടിനും ഒഴുക്കിനും കൂടുതൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ഫൈബർ ബോട്ടുകളടക്കമുള്ള രക്ഷാപ്രവർത്തന സംവിധാനങ്ങൾ ട്രാഫിക്കും സിവിൽ ഡിഫൻസും ഒരുക്കിയിരുന്നു. റോഡിലെയും അണ്ടർ പാസ്വേകളിലേയും വെള്ളം നീക്കുന്നതിനും ശുചീകരണത്തിനും മുനിസിപ്പാലിറ്റി കൂടുതൽ തൊഴിലാളികളെ നിയോഗിക്കുകയും ഇവർക്കാവശ്യമായ ഉപകരണങ്ങളും വാഹനങ്ങളും ഒരുക്കുകയും ചെയ്തിരുന്നു. മുഴുവൻ ആശുപത്രികൾക്കും ജാഗ്രതാ നിർദേശം മേഖല ആരോഗ്യകാര്യ ഡയറക്ട്രേറ്റ് നിൽകി. ഞായറാഴ്ച വരെ മേഖലയിൽ മഴയുണ്ടാകുമെന്നും മുൻകരുതൽ വേണമെന്നും മക്ക മേഖല ദുരന്ത നിവാരണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, സൗദിയുടെ പടിഞ്ഞാറെ മേഖലകളിൽ കാലാവസ്ഥ വ്യതിയാനം തുടരുകയാണ്. മക്ക, തബൂക്ക് മേഖലകളുടെ വിവിധ ഭാഗങ്ങളിലും ഞായറാഴ്ച മഴയുണ്ടായി. അടുത്ത ചൊവ്വാഴ്ച വരെ പല മേഖലകളിലും മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിഭാഗത്തിന്‍റെ അറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.