സൗദിയിൽ വീണ്ടും മഴയും മഞ്ഞുവീഴ്ചയും പൊടിക്കാറ്റും
text_fieldsയാംബു: കഴിഞ്ഞദിവസം സൗദിയിലെ വിവിധ പ്രദേശങ്ങളിൽ മഴയും പൊടിക്കാറ്റുമുണ്ടായതായി റിപ്പോർട്ട്. തബൂക്ക് മേഖലയിലെ അൽലോസ് പർവതനിരകളിൽ ശനിയാഴ്ച മഴക്കൊപ്പം മഞ്ഞുവീഴ്ചയും ഉണ്ടായി. സമുദ്രനിരപ്പിൽനിന്ന് 2,600 മീറ്റർ ഉയരത്തിലുള്ള അൽലോസ് കൊടുമുടികളിൽ മഞ്ഞുവീഴ്ച കാണാൻ സന്ദർശകർ എത്തിയിരുന്നു. രാജ്യത്തെ വടക്കൻമേഖലയിലും മക്കയിലെയും ജിദ്ദയിലെയും ചില മേഖലകളിലും നേരിയ തോതിൽ മഴപെയ്തതായി റിപ്പോർട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പൊതുവെ മേഘാവൃതമായ അന്തരീക്ഷമായിരുന്നു. നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം) നൽകിയ കാലാവസ്ഥ മുന്നറിയിപ്പിനെ ശരിവെക്കുന്ന രീതിയിലായിരുന്നു കാലാവസ്ഥാ വ്യതിയാനം.
ശനിയാഴ്ച റിയാദിലെയും കിഴക്കൻ മേഖലയിലെയും ചില ഭാഗങ്ങളിൽ നല്ല പൊടിക്കാറ്റുണ്ടായി. അൽജൗഫിലെ ചില മേഖലയിൽ മഴയോടൊപ്പം മഞ്ഞുവീഴ്ചയും ഉണ്ടായതായും ബന്ധപ്പെട്ടവർ അറിയിച്ചു. മഴയും മഞ്ഞുവീഴ്ചയും ഉണ്ടായ പ്രദേശങ്ങളിൽ വരുംദിവസങ്ങളിലും കുറഞ്ഞ താപനില തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. റിയാദ്, മദീന, ജീസാൻ, അസീർ, അൽബഹ തുടങ്ങിയ പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ ഇടിമിന്നലുമുണ്ടായി.
ചെങ്കടലിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് മണിക്കൂറിൽ 20 മുതൽ 45 വരെ കിലോമീറ്റർ വേഗതയിൽ കാറ്റടിച്ചു. രണ്ടുമീറ്റർ വരെ ഉയരത്തിൽ തിരമാലകൾ അടിച്ചുയർന്നു. അറേബ്യൻ ഗൾഫിലെ വടക്കുമുതൽ വടക്കുപടിഞ്ഞാറൻ ഭാഗം വരെ മണിക്കൂറിൽ 15 മുതൽ 40 വരെ വേഗത്തിൽ കാറ്റു വീശി. വരും ദിവസങ്ങളിൽ റിയാദ്, അൽഖസീം, വടക്കുകിഴക്കൻ മേഖലകളിൽ കാഴ്ച മറയുംവിധം പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.