രാജൻ നമ്പ്യാർ നാലര പതിറ്റാണ്ടത്തെ പ്രവാസത്തിന് വിരാമമിടുന്നു
text_fieldsയാംബു: നിറഞ്ഞ സംതൃപ്തിയോടെ നാലര പതിറ്റാണ്ടിലേക്ക് നീളുന്ന പ്രവാസം അവസാനിപ്പിച്ച് യാംബുവിലെ ജീവകാരുണ്യ പ്രവർത്തകൻ രാജൻ നമ്പ്യാർ മടങ്ങുന്നു. 30 വർഷത്തെ യു.എ.ഇ പ്രവാസത്തിന് ശേഷമാണ് തൃശൂർ ജില്ലയിലെ കേച്ചേരി കൈപ്പറമ്പ് സ്വദേശിയായ വാരിയത്ത് വീട്ടിൽ രാജൻ നമ്പ്യാർ യാംബുവിലെത്തിയത്. യാംബുവിലെ സോയാബീൻ ക്രഷിങ് കമ്പനിയിൽ മാനേജരായി സേവനം ചെയ്യുന്നതിനിടയിലാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നത്. യാംബുവിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മകളിൽ രാജൻ നമ്പ്യാർ സജീവസാന്നിധ്യമായിരുന്നു.
ഇടതുപക്ഷ പ്രവാസി സംഘടനയായ ജിദ്ദ നവോദയയുടെ യാംബു ഘടകം രൂപവത്കരിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച അദ്ദേഹം കേന്ദ്ര കമ്മിറ്റിയംഗം, ഏരിയ പ്രസിഡന്റ് തുടങ്ങി പല ഔദ്യോഗിക സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. നവോദയയെ യാംബുവിൽ ജനകീയമാക്കുന്നതിലും ഇതര പ്രവാസി സംഘടനാ നേതാക്കളുമായി ഹൃദ്യമായ ബന്ധം നിലനിർത്തുന്നതിനും അദ്ദേഹം അർപ്പണമനോഭാവത്തോടെ പ്രവർത്തിച്ചു. യാംബു മലയാളി അസോസിയേഷൻ (വൈ.എം.എ) പ്രവർത്തനങ്ങളിലും സജീവമായിരുന്നു. നാട്ടിലെ വൃക്കരോഗികളെയും അർബുദരോഗികളെയും സഹായിക്കാൻ വൈ.എം.എക്ക് കീഴിൽ രൂപവത്കരിച്ച 'നന്മ യാംബു'വിന്റെ പ്രഥമ കൺവീനറായിരുന്നു അദ്ദേഹം. നന്മ യാംബുവിന്റെ കീഴിൽ നാട്ടിലെ സന്നദ്ധ സംഘങ്ങൾക്ക് ഡയാലിസിസ് മെഷീനുകൾ സംഭാവന നൽകുവാൻ അദ്ദേഹത്തിന്റെ കൂടി നല്ല പങ്കാളിത്തം ഉണ്ടായിരുന്നു. നാട്ടിലെ രോഗികൾക്ക് സാമ്പത്തിക സഹായം സ്വരൂപിക്കുന്നതിലും സജീവ പങ്കുവഹിച്ചു. കുടുംബത്തോടൊപ്പം യാംബുവിൽ കഴിയുന്ന അദ്ദേഹം കുടുംബവേദികളുടെ കീഴിൽ നടക്കുന്ന പരിപാടികളിലും കുടുംബസംഗമ സദസ്സുകളിലും സജീവമായിരുന്നു. മറ്റുള്ളവരുമായി സഹകരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സാധ്യമായ സേവനങ്ങൾ ചെയ്യാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും ശിഷ്ട ജീവിതം മക്കളും കൊച്ചുമക്കളുമൊത്ത് നാട്ടിൽ വിശ്രമജീവിതം നയിക്കാനും, ചെയ്യാൻ കഴിയുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധകൊടുക്കാനുമാണ് ആഗ്രഹിക്കുന്നതെന്നും രാജൻ നമ്പ്യാർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. സരള രാജഗോപാലനാണ് ഭാര്യ. മകൻ സാജൻ രാജഗോപാലൻ കുടുംബത്തോടൊപ്പം കാനഡയിലാണ്. മകൾ സജ്ന സജിത്ത് കുടുംബത്തോടൊപ്പം നാട്ടിലും. ഈമാസം അവസാനത്തോടെ നാട്ടിലേക്ക് മടങ്ങുന്ന രാജൻ നമ്പ്യാരുമായി സുഹൃത്തുക്കൾക്ക് 0534512422 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.