രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു
text_fieldsഅൽഹസ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ഡിജിറ്റൽ ഇന്ത്യയുടെ പിതാവുമെന്നറിയപ്പെടുന്ന രാജീവ് ഗാന്ധിയുടെ 32ാമത് രക്തസാക്ഷിത്വദിനം അൽഹസ ഒ.ഐ.സി.സി വിവിധ പരിപാടികളോടെ ആചരിച്ചു. മുബാറസ് നെസ്റ്റോ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണച്ചടങ്ങിൽ സർവമത പ്രാർഥന, പുഷ്പാർച്ചന, അനുസ്മരണ യോഗം എന്നീ പരിപാടികൾ ഉണ്ടായിരുന്നു. ഒ.ഐ.സി.സി വനിത വേദി നേതാക്കളായ റീഹാന നിസാം, ജ്വിന്റി എന്നിവർ പ്രാർഥനകൾക്ക് നേതൃത്വം നൽകി. നേതാക്കളും പ്രവർത്തകരും രാജീവ് ഗാന്ധിയുടെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ ചെയർമാൻ ഫൈസൽ വാച്ചാക്കൽ അധ്യക്ഷത വഹിച്ചു. ഉമർ കോട്ടയിൽ, അർശദ് ദേശമംഗലം, റഫീഖ് വയനാട്, അഫ്സൽ തിരൂർക്കാട് എന്നിവർ സംസാരിച്ചു.
വളരെ ചെറിയ പ്രായത്തിൽ ഇന്ത്യയെന്ന മഹത്തായ രാജ്യത്തിന്റെ പ്രധാനമന്ത്രിപദത്തിലെത്തിയ രാജീവ് ഗാന്ധി ആറര വർഷത്തെ ചുരുങ്ങിയ ഭരണകാലഘട്ടത്തിൽ ശാസ്ത്ര സാങ്കേതിക രംഗത്തടക്കം നടപ്പാക്കിയ വിപ്ലവകരമായ വികസന പ്രവർത്തനങ്ങൾ മാത്രം മതി അദ്ദേഹത്തിന്റെ ജീവിതം മരിക്കാത്ത ഓർമകളായി നിലനിൽക്കാനെന്ന് രാജീവ് ഗാന്ധിയെ സ്മരിച്ച് നേതാക്കൾ പറഞ്ഞു.
ലിജു വർഗീസ് സ്വാഗതവും നിസാം വടക്കേകോണം നന്ദിയും പറഞ്ഞു. ഷാനി ഓമശ്ശേരി, റീഹാന നിസാം, ജ്വിന്റി, റസീന ഷമീർ, മുരളി സനയ്യ, മൊയ്തു അടാടി, സിജോ രാമപുരം, ജോബി പാലാ, മൊയ്തീൻകുട്ടി നെടിയിരുപ്പ്, ഷാജി പട്ടാമ്പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.