വരവായി റമദാൻ; വിശ്വാസികളെ സ്വീകരിക്കാനൊരുങ്ങി ഹറമുകൾ
text_fieldsമക്ക: വിശുദ്ധ മാസമായ റമദാനിൽ തീർഥാടകരെയും സന്ദർശകരെയും സ്വീകരിക്കാൻ മക്ക, മദീന ഹറമുകൾ സജ്ജമായതായി ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. ദശലക്ഷക്കണക്കിന് വിശ്വാസികൾ വന്നണയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവരെ വരവേൽക്കാനാവശ്യമായ എല്ലാ ഒരുക്കവും ഇരുഹറം കാര്യാലയം പൂർത്തിയാക്കിയിട്ടുണ്ട്. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തീർഥാടകർക്കും നമസ്കാരത്തിനെത്തുന്നവർക്കും ആശ്വാസത്തോടും സമാധാനത്തോടും ഹറമിൽ കഴിഞ്ഞുകൂടാൻ വിവിധ വകുപ്പുകളുമായി സഹകരിച്ച് സംയോജിത പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. ഫീൽഡ് ബോധവത്ക്കരണ പരിപാടികൾ, പഠനക്ലാസുകൾ, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആധുനിക മാധ്യമങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി റമദാൻ പദ്ധതി പൂർണമായ അളവിലും അത്യുത്തമമായും നടപ്പാക്കലാണ് ലക്ഷ്യമിടുന്നത്. ഇരുഹറം കാര്യാലയത്തിന്റെ ലക്ഷ്യങ്ങളിൽ മികവും ഗുണനിലവാരവും കൈവരിക്കാൻ റമദാനിലേക്ക് തയാറാക്കിയ പദ്ധതിക്ക് അനുസൃതമായാണ് പ്രവർത്തിക്കുകയെന്നും സുദൈസ് പറഞ്ഞു.
റമദാൻ ഒരുക്കം വിലയിരുത്തുന്നതിനായി ഇരുഹറം കാര്യാലയത്തിെൻറ ഉപമേധാവികളുമായി കൂടിക്കാഴ്ച നടത്തുകയും നടപ്പാക്കാൻ പോകുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു. എല്ലാ വകുപ്പുകളും തങ്ങളുടെ ഫീൽഡ് പ്രയത്നങ്ങൾ ശക്തമാക്കേണ്ടതിന്റെ ആവശ്യകത അൽസുദൈസ് ഉപമേധാവികളോട് ഊന്നിപ്പറഞ്ഞു. റമദാൻ പദ്ധതികൾ വിജയിക്കാൻ സുരക്ഷാ വിഭാഗം, മറ്റ് പങ്കാളികൾ എന്നിവരുമായി യോജിച്ച് പ്രവർത്തിക്കണമെന്നും അൽസുദൈസ് പറഞ്ഞു.
ഇന്ന് റമദാൻ മാസപ്പിറവിക്ക് സാധ്യത
റിയാദ്: ഞായറാഴ്ച വൈകീട്ട് റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുഴുവൻ മുസ്ലിംങ്ങളോടും സൗദി സുപ്രീം കോടതി ആവശ്യപ്പെട്ടു. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ഞായറാഴ്ച ശഅ്ബാൻ 29 ആണ്. അതുകൊണ്ട് റമദാൻ മാസപ്പിറവിക്ക് സാധ്യതയുണ്ട്. രാജ്യത്തുള്ളവരെല്ലാം നിരീക്ഷിക്കണം. നഗ്നനേത്രങ്ങൾകൊണ്ടോ ബൈനോക്കുലർ വഴിയോ ആരുടെയെങ്കിലും ദൃഷ്ടിയിൽ പിറ പതിഞ്ഞാൽ അടുത്തുള്ള കോടതിയെ അറിയിക്കുകയും അവിടെ സാക്ഷ്യം രേഖപ്പെടുത്തുകയും ചെയ്യണം. അല്ലെങ്കിൽ അടുത്തുള്ള കേന്ദ്രവുമായി ബന്ധപ്പെട്ട് മാസപ്പിറവി കണ്ട ആളെ കോടതിയിലെത്തിക്കാൻ സഹായിക്കുകയും വേണമെന്ന് സുപ്രീം കോടതി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി.
ഹറമിൽ പൊതുസുരക്ഷ മേധാവി പരിശോധന നടത്തി
മക്ക: ഈ വർഷത്തെ ഉംറ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട ഹറമിലെ സുരക്ഷാ, ട്രാഫിക് വകുപ്പുകളുടെ ഒരുക്കം പൊതുസുരക്ഷ മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽബസ്സാമി പരിശോധിച്ചു. ഉംറ സെക്യൂരിറ്റി ഫോഴ്സ് കമാൻഡറുടെയും ഫീൽഡ് കമാൻഡർമാരുടെയും സാന്നിധ്യത്തിൽ നടന്ന ഫീൽഡ് വിന്യാസത്തിന്റെ തത്സമയ പ്രദർശനം പൊതുസുരക്ഷ മേധാവി നോക്കിക്കണ്ട് വിലയിരുത്തി. ഹറമിനുള്ളിലെ സ്ഥലങ്ങളും പാതകളും മുറ്റങ്ങളും പൊതുഗതാഗത സ്റ്റേഷനുകളും സന്ദർശിച്ചു. സുരക്ഷാ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ അവലോകനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.