പുണ്യ റമദാനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ
text_fieldsയാംബു: വിശ്വാസികൾക്ക് ആത്മസായൂജ്യത്തിന്റെ നാളുകൾ. ഉപവാസത്തിലും പ്രാർഥനയിലും മുഴുകുന്ന ദിനരാത്രങ്ങൾ. വീണ്ടുമൊരു വ്രതകാലം കൂടി.
ആത്മീയമായ ഉണർവുപകരുന്ന റമദാൻ നിലാവിനെ വരവേൽക്കാനൊരുങ്ങി ലോക മുസ്ലിംകളുടെ ഭാഗമായ പ്രവാസലോകത്തെ സ്വദേശികളും വിദേശികളുമായ വിശ്വാസികൾ. പള്ളികളിലെ തയാറെടുപ്പുകളും പൂർത്തിയായിക്കഴിഞ്ഞു. സൗദിയിലെ ചെറുതും വലുതുമായ എല്ലാ പള്ളികളിലും പുതിയ കാർപെറ്റുകൾ വിരിച്ചും സൗകര്യങ്ങൾ നവീകരിച്ചും ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ട്.
പ്രാർഥനക്കെത്തുന്ന വിശ്വാസിസമൂഹത്തെ ഉൾക്കൊള്ളാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാൻ അധികൃതർ ശ്രദ്ധിക്കുന്നുണ്ട്. മിക്ക പള്ളികളിലും നോമ്പ് തുറക്കാനുള്ള സൗകര്യങ്ങൾ ഓരോ വർഷവും ഒരുക്കാറുണ്ട്. ചിലയിടങ്ങളിൽ റമദാൻ സ്പെഷൽ ടെന്റുകൾ പണിയുന്ന ജോലികൾ പുരോഗമിക്കുകയാണ്.
അറബ് രാഷ്ട്രങ്ങളിലെ മതകാര്യവകുപ്പിന്റെ മേൽനോട്ടത്തിൽ റമദാൻ ദിനങ്ങൾ സമ്പന്നമാക്കാൻ ദിവസങ്ങൾക്ക് മുമ്പേ ഒരുക്കങ്ങൾ നടന്നിരുന്നു. റമദാൻ ദിനങ്ങളിലെ പവിത്രതക്ക് ഭംഗം വരുത്തുന്ന പ്രവണതകൾ നിരീക്ഷിക്കാനും നടപടിയെടുക്കുവാനും വേണ്ട സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച്ചയിലെ ജുമുഅ പ്രഭാഷണങ്ങളിൽ ഇമാമുമാർ പ്രാർഥിച്ചത് റമദാനിനെ ഞങ്ങളിലേക്ക് എത്തിക്കണേയെന്നായിരുന്നു.
സത്യത്തിന്റെ വെളിച്ചവുമായി ഖുർആൻ വചനങ്ങൾ പെയ്തിറങ്ങിയ പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ ഹൃദയത്തോട് അടുപ്പിക്കാൻ ഓരോ വിശ്വാസിയും പ്രയത്നിക്കുന്നു. ജീവിതത്തിലെ കറകൾ ഈ നാളുകളിൽ കഴുകാനും മനസ് സ്ഫുടം ചെയ്യാനും ഓരോ വിശ്വാസിക്കും കഴിയുന്നു.
അഴുക്കില്ലാത്ത പുതിയ മനസ്സിൽ ഇനി ഭക്തിയുടെ കതിർ വളരുകയാണ്. നമ്മുടെ ശീലങ്ങളിലാണ് ഓരോ റമദാൻ വ്രതവും ഇടപെടേണ്ടത്. ദുശീലങ്ങളെ അകറ്റി നല്ല ശീലങ്ങളെ അടുപ്പിച്ചുനിർത്താനുള്ള ശ്രമങ്ങളുടെ കാലമാണ് റമദാൻ.
ഈ മാസത്തിലെ നന്മയായ പ്രവർത്തനങ്ങൾക്കും ദാനധർമങ്ങൾക്കും ഖുർആൻ പാരായണത്തിനും കൂടുതൽ പ്രതിഫലം ലഭിക്കുന്നു. അതുകൊണ്ട് തന്നെയാണ് മുസ്ലിം ലോകം റമദാനിൽ സുകൃതങ്ങൾ അധികരിപ്പിക്കാൻ കൂടുതൽ ജാഗ്രത കാണിക്കുന്നത്. നോമ്പും രാത്രിയിലെ നമസ്കാരവും വിശ്വാസികളെ സംബന്ധിച്ചേടത്തോളം പാപമോചനത്തിന്റെ സവിശേഷ സന്ദർഭങ്ങളാണെന്ന് പ്രവാചകൻ അരുൾ ചെയ്തിട്ടുണ്ട്. റമദാന്റെ ഒരുമാസക്കാലം മാധുര്യമായ അനുഭവമാണ് ഓരോ വിശ്വാസിക്കും പ്രദാനം ചെയ്യുന്നത്.
പ്രവാസി മലയാളികളിൽ മിക്കവരും റമദാൻ മുഴുവനും ഗൾഫുനാടുകളിൽ കഴിയാനാണ് ഇഷ്ടപ്പെടുന്നത്. വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമായ അറബ് രാജ്യങ്ങൾ റമദാനിൽ ഒരുക്കുന്ന തിളക്കമാർന്ന സൗകര്യങ്ങൾ പ്രവാസികളെ ഏറെ സ്വാധീനിക്കുന്നു.
ജോലിസമയത്തെ ലഘൂകരണം, നോമ്പ് തുറക്കും മറ്റും വ്യാപകമായുള്ള സൗകര്യങ്ങൾ, ആകർഷണീയമായ ഖുർആൻ പാരായണത്തോടെയുള്ള സംഘടിത നമസ്കാരം തുടങ്ങിയവ എല്ലാവരെയും ആകർഷിക്കുന്നു. പരസ്പര ഐക്യത്തിലും സ്നേഹത്തിലും കഴിയുന്ന ശാന്തമായ ആത്മീയമായ അന്തരീക്ഷമാണ് ഗൾഫ് നാടുകളിലെങ്ങും അനുഗ്രഹങ്ങളുടെ റമദാനിൽ നമുക്ക് കാണാൻ കഴിയുക.
സൗദിയിൽ ഇന്ന് മാസപ്പിറവി ദർശിക്കാൻ കഴിഞ്ഞാൽ ശനിയാഴ്ച വ്രതാനുഷ്ഠാനത്തിന് തുടക്കം കുറിക്കും. ഇല്ലെങ്കിൽ ഞായറാഴ്ചയായിരിക്കും ഈ വർഷത്തെ റമദാൻ ഒന്ന് ആരംഭിക്കുക.
റമദാനെ വരവേൽക്കാൻ ഇരു ഹറമുകളും സർവസജ്ജമായിട്ടുണ്ട്. നോമ്പുകാലത്ത് പ്രത്യേക സുരക്ഷയും സൗകര്യങ്ങളുമാണ് ഇരുഹറമുകളിലും ഒരുക്കുന്നത്. ഈ വർഷത്തെ റമദാൻ വേനലിലല്ല അറബുനാടുകളിൽ വിരുന്നെത്തുന്നത് എന്നത് വലിയ ആശ്വാസം നൽകുന്നുണ്ട്. പൊതുവെ തണുത്തകാലാവസ്ഥയിലായിരിക്കും റമദാൻ ഈ വർഷം കടന്നുപോകുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.