ബദ്ർ സ്മരണയിൽ റമദാൻ പതിനേഴ്
text_fieldsയാംബു: അതിജീവന പോരാട്ടത്തിെൻറ ബദ്ർ സ്മരണയുണർത്തി ഒരു റമദാൻ പതിനേഴ് കൂടി. ബദ്ർ യുദ്ധം നടന്നത് ഹിജ്റ രണ്ടാം വർഷത്തിൽ (എ.ഡി 624) റമദാനിലെ ഈ ദിവസമായിരുന്നു. ബദ്ർ താഴ്വാരം മദീനയിൽ നിന്ന് 148 കിലോമീറ്റർ അകലെയാണ്. ജ്വലിക്കുന്ന ചരിത്രമാണ് ബദ്റിന്റേത്. മക്കയിൽനിന്ന് പാലായനം ചെയ്ത് മദീനയിലെത്തിയ പ്രവാചകന് അവിടെ ലഭിച്ച അംഗീകാരത്തിലും വിശ്വാസികളുടെ എണ്ണം നാൾക്കുനാൾ പെരുകുന്നതിലും അരിശംപൂണ്ട മക്കയിലെ ഖുറൈശിക്കൂട്ടം മദീനയെ തകർക്കാൻ ഗൂഢതന്ത്രം ആവിഷ്കരിച്ചു. ഇതറിഞ്ഞ പ്രവാചകൻ അവരെ നേരിടാനൊരുങ്ങി.
അതാണ് ബദ്ർ യുദ്ധത്തിന് ഹേതുവായത്. ഇസ്ലാമിക ചേരിയിലെ മൂന്നിരട്ടിയിലേറെ വരുന്ന സംഘവുമായാണ് മക്കയിലെ ഖുറൈശികൾ യുദ്ധത്തിന് വന്നത്. ആയുധബലവും കൂടുതൽ ഖുറൈശിക്കൂട്ടത്തിനായിരുന്നു. എന്നാൽ, വിശ്വാസത്തിെൻറ കരുത്തും സ്ഥൈര്യവും നിമിത്തം നിഷ്പ്രയാസം പ്രവാചകനും അനുചരന്മാർക്കുമാണ് പോരാട്ടത്തിൽ വിജയം വരിക്കാൻ കഴിഞ്ഞത്.
ഇസ്ലാമിെൻറ പ്രഥമ ധർമസമരത്തിൽ പങ്കെടുത്ത ദുർബലരായ മുസ്ലിം സംഘത്തിെൻറ മൂന്നിരട്ടി വരുന്ന ശക്തരായ പടയാളികളെ നേരിട്ട ഈ സന്നദ്ധ സംഘം വിജയത്തിെൻറ വെന്നിക്കൊടി പാറിച്ച ചരിത്രവിജയത്തിന് സാക്ഷ്യംവഹിച്ച രണാങ്കണത്തിെൻറ പേരാണ് ബദ്ർ. നിത്യവിസ്മയവും ചരിത്രനിയോഗവുമായി ബദ്ർ സ്മൃതികൾ അയവിറക്കാനാണ് പലപ്പോഴും സഞ്ചാരികൾ ഇവിടെയെത്തുന്നത്.
ബദ്ർ അങ്കക്കളരിയിലെ വിജയം ഇസ്ലാമികചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ്. യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ഖബറുകൾ ഇവിടെ ഉണ്ട്. ബദ്റിൽ രക്തസാക്ഷികളായ 14 വീരസേനാനികളുടെ പേരുവിവരങ്ങൾ പ്രത്യേക ഫലകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. അസത്യത്തിന് മേൽ നേടിയ വലിയ വിജയത്തിെൻറ മധുരതരമായ ഓർമകൾ റമദാൻ 17ന് വിശ്വാസികൾ അയവിറക്കുകയാണ്.
ബദ്ർ ബിൻ യഖ്ലദ് ബ്നു നദ്ർ എന്നയാൾ ബദ്ർ സംഭവത്തിനൊക്കെ വളരെ മുമ്പ് ഈ പ്രദേശത്ത് താമസിച്ചിരുന്നെന്നും അതുകൊണ്ടാണ് ഈ പേര് പ്രദേശത്തിന് ലഭിച്ചതെന്നുമാണ് ചരിത്രം. അക്കാലത്ത് അറബികളുടെ പ്രധാന ചന്തകളിലൊന്ന് കൂടിയായിരുന്നു ബദ്ർ. ജലത്തിെൻറ സാന്നിധ്യംകൊണ്ട് ഇവിടം പ്രസിദ്ധമായിരുന്നു. മക്കയിൽനിന്ന് ശാമിലേക്ക് പോയിരുന്ന കച്ചവടസംഘങ്ങളുടെ വഴിയിലെ ഇടത്താവളവും ചെങ്കടലിലെ പഴയ തുറമുഖ നഗരിയായ യാംബുവിലേക്കുള്ള വഴിയും കൂടിയായിരുന്നു ബദ്ർ.
ഖുർആനിൽ പേരെടുത്ത് പരാമർശിച്ച പ്രദേശം കൂടിയാണ് ഇത്. വിശ്വാസിയുടെ വ്യക്തിത്വവും പ്രവർത്തനക്രമവും നിർണയിക്കുന്നതിലും അവനെയും സമൂഹത്തെയും ശാക്തീകരിക്കുന്നതിലും ബദ്ർ പോരാട്ടം നൽകുന്ന പാഠം വലുതാണ്. പ്രതിസന്ധികളും എങ്ങനെ അഭിമുഖീകരിക്കണമെന്നും ഏതു സന്ദിഗ്ധഘട്ടങ്ങളും വിശ്വാസികൾക്ക് അതിജയിക്കാൻ കഴിയുമെന്ന സന്ദേശവും ബദ്ർ നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.