റമദാനും ഉംറ സീസണും; മക്കയിലും മദീനയിലും വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന
text_fieldsജിദ്ദ: റമദാനും ഉംറ സീസണും അടുത്തതോടെ മക്ക, മദീന എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കി വാണിജ്യ മന്ത്രാലയം. വ്യാപാര സ്ഥാപനങ്ങൾ ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ കടകൾ, മൊത്തവ്യാപാര മാർക്കറ്റുകൾ, വെയർഹൗസുകൾ, ജ്വല്ലറികൾ എന്നിവിടങ്ങളിൽ ഒരു മാസത്തിനുള്ളിൽ 4,953 പരിശോധനകളാണ് മന്ത്രാലയത്തിനുകീഴിലെ ഫീൽഡ് ടീം നടത്തിയത്.
ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയാണിത്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അടിസ്ഥാന ഭക്ഷണവിഭവങ്ങളുടെ വിതരണത്തിനുള്ള സ്റ്റോക്കുകളുടെ ലഭ്യത മന്ത്രാലയം നിരീക്ഷിച്ചു. കൂടാതെ വിതരണക്കാരിലൂടെ ആവശ്യമായ ഉൽപന്നങ്ങൾ വിതരണം ചെയ്യപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുകയും ആളുകളുടെ ആവശ്യത്തെ ബാധിക്കുന്ന ഏതെങ്കിലും ലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുകയും ചെയ്തു.
മക്ക, മദീന റോഡുകളിലെ സേവനകേന്ദ്രങ്ങൾ, ഗ്യാസ് സ്റ്റേഷനുകൾ, കാർ ടയർ, ഓയിൽ സ്റ്റോറുകൾ എന്നിവ നിരീക്ഷിക്കുന്നതിനായി വാണിജ്യ മന്ത്രാലയത്തിന്റെ പ്രത്യേക സംഘവും രംഗത്തുണ്ട്. ഓഫറുകളുടെയും കിഴിവുകളുടെയും സാധുത, ചരക്കുകളുടെയും ഉൽപ്പന്നങ്ങളുടെയും ഗുണനിലവാരം എന്നിവയും പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.