രാവുകൾക്ക് പൊലിമയായി ‘ബസ്ത ഖൈർ’
text_fieldsയാംബു: റമദാൻ അവസാന നാളുകളിലേക്ക് അടുത്തതോടെ രാവുകൾക്ക് ആഘോഷപ്പൊലിമ നൽകി ‘റമദാൻ ബസ്ത ഖൈർ’. വഴിയരികുകളിൽ രാത്രി ഭക്ഷണവിഭവങ്ങൾ വിൽക്കാൻ ഒരുക്കുന്ന താൽക്കാലിക സ്റ്റാളുകളാണിവ.
രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ സ്വദേശി യുവതീയുവാക്കൾ നയിക്കുന്ന ഇത്തരം ബസ്തകൾ റമദാൻ രാവുകളിൽ വ്യാപകമായി കാണാം. ഫാനൂസ് വിളക്കുകളും അലങ്കാര വിളക്കുകളും തോരണങ്ങളും ചാർത്തിയുള്ള ബസ്തകൾ മനോഹര കാഴ്ചയാണ്.
ബത്താത്തീസ്, സമൂസ, ഖിബ്ദ, മുഖസറാത്ത്, ബലീല തുടങ്ങിയ ജനപ്രിയ വിഭവങ്ങളും സൂബിയ, തമറുൽ ഹിന്ദ് തുടങ്ങിയ വിവിധ തരം ജ്യൂസുകളുമാണ് വിൽക്കുന്നത്.
പഴയ ഹിജാസി പാരമ്പര്യ വേഷമണിഞ്ഞും കച്ചവടക്കാർ ബസ്തകൾക്ക് പിന്നിൽ അണിനിരക്കുന്നതും കൗതുക കാഴ്ചയാണ്. റമദാനിലെ പ്രത്യേക ഭക്ഷണവിഭവങ്ങൾ വാങ്ങാൻ പല ബസ്തകൾക്ക് മുന്നിലും രാത്രി വൈകിയും ആൾക്കൂട്ടങ്ങൾ കാണാം. ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങളും ഫുട്ബാൾ കളികളും മറ്റും കാണാനുള്ള ബിഗ് സ്ക്രീനുകളും ഒരുക്കുന്ന ‘ആഡംബര’ ബസ്തകൾ കൂട്ടത്തിലെ മുന്തിയവയാണ്.
റമദാൻ അവസാന രാവുകളിൽ സുബ്ഹി ബാങ്ക് വരെ ബസ്തകൾ സജീവമായിരിക്കും. ചില ബസ്തകൾക്ക് പതിവ് കസ്റ്റമർമാർ തന്നെയുണ്ടാവും. അവിടെ വിളമ്പുന്ന രുചിഭേദങ്ങളുടെ വേറിട്ട കൂട്ട് ഇഷ്ടപ്പെടുന്നവരാണ് ഇങ്ങനെ പതിവുകാരാകുന്നത്. ഇത്തരം ബസ്തകൾ തേടി അകലങ്ങളിൽനിന്നുപോലും ആളുകളെത്തുന്നു. പെരുന്നാൾ ആഘോഷത്തിനുള്ള വസ്ത്രങ്ങളും മധുര പലഹാരങ്ങളും സുഗന്ധ ദ്രവ്യങ്ങളും ചെരിപ്പുകളും വിൽക്കുന്ന ചില ബസ്തകളും ഒരുങ്ങുന്നുണ്ട്.
രാജ്യത്തുടനീളമുള്ള തെരുവുകച്ചവടക്കാർക്കുള്ള സഹായ പദ്ധതിയുടെ ഭാഗമായി ‘ബസ്ത ഖൈർ’ സംരംഭകരെ മുനിസിപ്പൽ- ഭവന മന്ത്രാലയം പ്രോത്സാഹനം നൽകുന്നു.
600 ലധികം ‘ബസ്ത ഖൈറു’കൾ ഇങ്ങനെ അംഗീകാരവും പിന്തുണയും നേടിക്കഴിഞ്ഞു. ഓരോ മുനിസിപ്പാലിറ്റികളും നിശ്ചയിച്ച സ്ഥലങ്ങളിൽ മാത്രമാണ് ‘ബസ്തക’ൾ നടത്താൻ അനുവാദം. ഗുണമേന്മ കുറഞ്ഞ വസ്തുക്കൾ വിൽപന നടത്തുന്നതും ശുചിത്വമില്ലായ്മയും അനധികൃത വഴിവാണിഭം നടത്തുന്നതും നിരീക്ഷിക്കാൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ രംഗത്തുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.