റമദാൻ 29 വരെ കർഫ്യൂ ഇളവ്: പെരുന്നാൾ ദിനങ്ങളിൽ സമ്പൂർണ നിരോധനാജ്ഞ
text_fieldsജിദ്ദ: സൗദി അറേബ്യയിൽ നിലവിൽ കർഫ്യൂവിൽ ഏർപ്പെടുത്തിയിരിക്കുന്ന ഇളവ് റമദാൻ 29, അതായത് മേയ് 22 വരെ നീട്ടി. എന്നാൽ, റമദാൻ 30 മുതൽ ശവ്വാൽ നാലുവരെ, അതായത് ഇൗദുൽ -ഫിത്വ്റുമായി ബന്ധപ്പെട്ട അഞ്ചു ദിവസം രാജ്യമൊട്ടാകെ സമ്പൂർണ നിരോധനാജ്ഞ പ്രഖ്യാപിച്ചും ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. പെരുന്നാൾ പ്രമാണിച്ചുള്ള ആൾക്കൂട്ടവും പൊതുസമ്പർക്കവും ഒഴിവാക്കാനാണിത്. അതേസമയം, മേയ് 22 വരെ നീട്ടിയ കർഫ്യൂ ഇളവിൽ നിന്ന് മക്ക പട്ടണത്തെയും മറ്റ് ചില സ്ഥലങ്ങളെയും ഒഴിവാക്കി. അവിടങ്ങളിൽ കർശന നിരോധനാജ്ഞ തുടരും. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തുന്ന സമിതിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിൽ സൽമാൻ രാജാവാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഇതനുസരിച്ച് കർഫ്യൂ സമയത്ത് പ്രവർത്തിക്കാൻ ഏപ്രിൽ 25 മുതൽ ഇളവുള്ള വാണിജ്യ, സാമ്പത്തിക സ്ഥാപനങ്ങൾക്ക് മേയ് 22 വരെയും പ്രവർത്തനാനുമതിയുണ്ട്. ഒാരോ സ്ഥാപനങ്ങളും നിശ്ചിത ആരോഗ്യ സുരക്ഷാ മുൻകരുതൽ നടപടികൾ നിർബന്ധമായും പാലിച്ചിരിക്കണം.
മക്ക ഒഴികെയുള്ള മുഴുവൻ പട്ടണങ്ങളിലും പ്രദേശങ്ങളിലും പകൽ എട്ട് മണിക്കൂർ അഥവാ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ പുറത്തിറങ്ങാമെന്ന ഇളവും മേയ് 22 വരെ തുടരും. പൗരന്മാരും രാജ്യത്തെ വിദേശികളും ആരോഗ്യ മുൻകരുതൽ നടപടികൾ നിർബന്ധമായും പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തും. മക്കയിൽ മുഴുവൻ സമയ കർഫ്യൂ തുടരും. പ്രവിശ്യകൾക്കിടയിലും നഗരങ്ങൾക്കിടയിലുമുള്ള യാത്രാവിലക്കും തുടരും. മേയ് 23 (റമദാൻ 30) മുതൽ മേയ് 27 (ശവ്വാൽ നാല്) വരെ രാജ്യത്തെ മുഴുവൻ മേഖലകളിലും മുഴുവൻസമയ കർഫ്യൂ ആയിരിക്കും. ഇൗ ദിവസങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് കർശനമായി ഉറപ്പുവരുത്തും. ആൾക്കൂട്ടം നിരോധിച്ച് മേയ് ഏഴിന് പ്രഖ്യാപിച്ച ചട്ടങ്ങൾ പ്രകാരം അഞ്ചോ അതിൽ കൂടുതലോ ആളുകൾ സംഗമിക്കുന്നത് തടയും. നിയമലംഘകർക്കെതിരെ അതനുസരിച്ചുള്ള ശിക്ഷാ നടപടികളുണ്ടാകും.
കോവിഡ് വ്യാപനം തടയുന്നതിന് നിശ്ചയിച്ച ആരോഗ്യ സുരക്ഷ നിബന്ധനകൾ മുഴുവൻ സ്ഥാപനങ്ങളും ആളുകളും പാലിക്കണമെന്നും സാമൂഹിക അകലം പാലിച്ച്, ഒരു തരത്തിലുള്ള കൂടിച്ചേരലുകളും നടത്താതെ കഴിയണമെന്നും മന്ത്രാലയ വൃത്തങ്ങൾ ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധ മുൻകരുതലായി സൗദിയിൽ മാർച്ച് 23 മുതലാണ് കർഫ്യൂ ആരംഭിക്കുന്നത്. ആദ്യ കർഫ്യൂ തീരുമാനം മൂന്നാഴ്ചത്തേക്കായിരുന്നു. ചിലയിടങ്ങളിൽ ഭാഗികമായിരുന്നു. ഏപ്രിൽ 26ന് മക്ക ഒഴികെയുള്ള പട്ടണങ്ങളിൽ മേയ് 13 (റമദാൻ 20) വരെ രാവിലെ ഒമ്പതിനും വൈകീട്ട് അഞ്ചിനും ഇടയിൽ കർഫ്യൂ ഭാഗികമായി പിൻവലിച്ച് സൗദി ഭരണാധികാരി സൽമാൻ രാജാവാണ് ഉത്തരവിട്ടത്. അതാണിപ്പോൾ മേയ് 22 വരെ നീട്ടിയത്. നേരത്തെ മുഴുവൻസമയ കർഫ്യൂ പ്രഖ്യാപിച്ച മക്കയിൽ ഇപ്പോഴും പൂർണമായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.