റമദാൻ ചാരിറ്റി; ‘ഇഹ്സാൻ’ വഴി ധനസമാഹരണത്തിന് സൽമാൻ രാജാവിന്റെ അനുമതി
text_fieldsറിയാദ്: സൗദി അറേബ്യയുടെ ദേശീയ ചാരിറ്റി ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘ഇഹ്സാൻ’ വഴി റമദാനിൽ ജീവകാരുണ്യപ്രവർത്തനത്തിനായി ധനസമാഹരണം നടത്താൻ സൽമാൻ രാജാവ് അനുമതി നൽകി. മാർച്ച് 15ന് (റമദാൻ അഞ്ച്) വൈകീട്ട് കാമ്പയിൻ ആരംഭിക്കും. ശരീഅത്തിനെ അടിസ്ഥാനമാക്കിയുള്ള ഭരണമെന്ന നിലയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും പ്രത്യേക ശ്രദ്ധയും പരിഗണനയുമാണ് നൽകുന്നത്.
പുണ്യം ഇരട്ടിയായി ലഭിക്കുന്ന റമദാനിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാവാനുള്ള അവസരം ഒരുക്കുകയും സാമൂഹിക ഐക്യദാർഢ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയും ഈ ദേശീയ കാമ്പയിന്റെ ലക്ഷ്യമാണ്.ഇഹ്സാൻ പ്ലാറ്റ്ഫോം ആരംഭിച്ചത് മുതൽ രാജാവും കിരീടാവകാശിയും നൽകുന്ന പിന്തുണക്ക് സൂപ്പർവൈസറി കമ്മിറ്റി ചെയർമാൻ ഡോ. മാജിദ് അൽ ഖസബി നന്ദി അറിയിച്ചു.
മുൻ കാമ്പയിനുകളിൽ വലിയ ജനപങ്കാളിത്തമാണുണ്ടായത്. ഇത്തവണ നാലാം പതിപ്പിലെത്തുമ്പോൾ അത് കൂടുതൽ വിപുലപ്പെടുമെന്നും അൽ ഖസബി പറഞ്ഞു. മൂന്നാം പതിപ്പിൽ വലിയ ജനപങ്കാളിത്തമാണുണ്ടായത്. അതിലെത്തിയ സംഭാവനകൾ ആകെ 76 കോടി റിയാലായിരുന്നു. ഇത് 3,98,000 ലധികം ആളുകൾക്ക് സഹായം എത്തുന്നതിന് വിനിയോഗിച്ചു.
കഴിഞ്ഞ വർഷം റമദാൻ 27ന് 24 മണിക്കൂറിനുള്ളിൽ ലഭിച്ച സംഭാവനകൾ ലോകത്തിലെ ഏറ്റവും വലിയ പ്രതിദിന സംഭാവനയായി ഗിന്നസ് റെക്കോഡ് നേടിയിരുന്നു. സമൂഹത്തിന്റെ വിവിധ തുറയിലെ ആളുകൾക്കിടയിൽ ഐക്യദാർഢ്യത്തിന്റെ ഏറ്റവും വലിയ ചിത്രങ്ങൾ പ്രതിഫലിപ്പിക്കുന്ന മഹത്തായ പ്രവർത്തനങ്ങൾക്കാണ് ഇഹ്സാൻ പ്ലാറ്റ്ഫോം സാക്ഷ്യം വഹിച്ചതെന്ന് അൽ ഖസബി പറഞ്ഞു.
Ehsan.sa എന്ന സൈറ്റ് വഴിയോ അല്ലെങ്കിൽ ഏകീകൃത നമ്പർ 8001247000 വഴിയോ പൊതുജനങ്ങൾക്ക് സംഭാവനകൾ നൽകാനാവുമെന്നും ഡോ. മാജിദ് അൽ ഖസബി വിശദീകരിച്ചു.
2021 മാർച്ച് 21 നാണ് സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി ‘ഇഹ്സാൻ’ ആരംഭിച്ചത്. 13 സർക്കാർ ഏജൻസികൾ അടങ്ങുന്ന സൂപ്പർവൈസറി കമ്മിറ്റിയാണ് മേൽനോട്ടം നടത്തുന്നത്. ആരംഭം മുതൽ ഇതുവരെ ലഭിച്ച മൊത്തം സംഭാവന 500 കോടി റിയാലിലേറെയായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അർഹതയുള്ള 48 ലക്ഷം ആളുകൾക്ക് പ്രയോജനം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.