റമദാൻ സാംസ്കാരിക പൈതൃകം; പുനരുജ്ജീവന പരിപാടികളുമായി സാംസ്കാരിക മന്ത്രാലയം
text_fieldsറിയാദ്: റമദാൻ മാസവുമായി ബന്ധപ്പെട്ട ചരിത്രപരമായ സാംസ്കാരിക പൈതൃകത്തെ പുനരുജ്ജീവിപ്പിക്കുന്നതിനായി സൗദി അറേബ്യയിലുടനീളം വൈവിധ്യമാർന്ന റമദാൻ സീസൺ പരിപാടികൾ സംഘടിപ്പിക്കാൻ സൗദി സാംസ്കാരിക മന്ത്രാലയം തയാറെടുക്കുന്നു. സൗദി അറേബ്യയിലെ 10 പ്രവിശ്യകളിൽ 14 നഗരങ്ങളിലെ 38 കേന്ദ്രങ്ങളിൽ സമഗ്രമായ സാംസ്കാരിക പ്രവർത്തനങ്ങൾ മന്ത്രാലയം മുൻകൈയെടുത്ത് സംഘടിപ്പിക്കും. സാമൂഹിക പങ്കാളിത്തത്തോടെ സർഗാത്മകമായ പരിപാടികളാണ് സംഘടിപ്പിക്കുക.
വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി ആദ്യകാല സൗദി സമൂഹത്തിൽ നിലനിന്ന പരമ്പരാഗത ആചാരങ്ങൾ പുനഃസംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി തനത് സൗദി വിഭവങ്ങൾ പരിചയപ്പെടുത്തും. മുൻ തലമുറ കൂട്ടായ്മയോടെ ആചരിച്ചിരുന്ന നോമ്പുകാല പ്രവർത്തനങ്ങൾ അതിന്റെ സമ്പന്നമായ വിശദാംശങ്ങളോടെ, നൂതനമായ രീതിയിൽ പുനരാവിഷ്കരിക്കാനുള്ള തയാറെടുപ്പ് നടത്താൻ മന്ത്രാലയം പ്രവിശ്യ ഓഫിസുകൾക്ക് നിർദേശം നൽകി. കൂടാതെ ഇസ്ലാമിക ലോകവുമായി ബന്ധപ്പെട്ട പ്രാദേശിക സാംസ്കാരിക അനുഭവങ്ങൾ പുതുതലമുറക്ക് പകർന്നുനൽകാനും റമദാൻ സീസൺ ലക്ഷ്യമിടുന്നു.
ഇഫ്താർ (നോമ്പുതുറ), സുഹൂർ (അത്താഴം) കൂട്ടായ്മകൾക്ക് പുറമെ തത്സമയ ആവിഷ്കാരങ്ങൾ, കരകൗശല വസ്തുക്കളുടെ പ്രദർശനം, കഥാമത്സരങ്ങൾ, കായിക ടൂർണമെൻറുകൾ, വിനോദ പ്രവർത്തനങ്ങൾ, ചരിത്ര പ്രദർശനങ്ങൾ, ജനപ്രിയ ഗെയിമുകൾ എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന പരിപാടികളും സീസൺ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. സൗദി അറേബ്യൻ പ്രദേശങ്ങളുടെയും നഗരങ്ങളുടെയും പ്രത്യേക സാംസ്കാരിക തനിമയെ അടിസ്ഥാനമാക്കി റമദാന്റെ അതുല്യമായ മഹിമക്ക് അർഹമായ ആദരവ് നൽകിയാണ് സീസൺ ആഘോഷിക്കുക. രണ്ട് വിശുദ്ധ മസ്ജിദുകളിലേക്കുള്ള കവാടമായി കണക്കാക്കപ്പെടുന്ന ജിദ്ദയിലാണ് ഇക്കൊല്ലത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുക. റമദാൻ കഥകൾ പോലെയുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ജിദ്ദയിലെ ചരിത്രപ്രധാനമായ അൽ-ബലദ് ഗേറ്റിൽ സംഘടിപ്പിക്കും.
ജീവകാരുണ്യ പ്രവർത്തനങ്ങൾ, ജിദ്ദയുടെ ചരിത്രത്തെക്കുറിച്ചുള്ള പ്രദർശനങ്ങൾ, ചരിത്രപ്രസിദ്ധമായ മസ്ജിദുകളുടെ പുനരുദ്ധാരണം, ഖുർആൻ പ്രചാരണം, ജനപ്രിയ ഭക്ഷണങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് ജിദ്ദയിൽ സംഘടിപ്പിക്കുക. റമദാൻ കൂടാരം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ഇ-ഗെയിമുകൾ എന്നിങ്ങനെ നിരവധി പരിപാടികളാണ് തലസ്ഥാനമായ റിയാദിൽ ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.