റമദാനിലെ തിരക്ക്; മക്ക ഹറമിൽ ഇലക്ട്രിക് ഗോൾഫ് വാഹനങ്ങളുടെ എണ്ണം ഇരട്ടിയാക്കി
text_fieldsമക്ക ഹറമിൽ ഏർപ്പെടുത്തിയ ഇലക്ട്രിക് ഗോൾഫ് വാഹനങ്ങൾ
മക്ക: റമദാനിലെ വർധിച്ച തിരക്ക് കണക്കിലെടുത്ത് മക്ക ഹറമിൽ ഇലക്ട്രിക് ഗോൾഫ് വാഹനങ്ങളുടെ എണ്ണം ഇരട്ടിയാക്കി. ഇതോടെ ഹറമിൽ ഓടുന്ന ഗോൾഫ് വാഹനങ്ങളുടെ എണ്ണം 400 ആയി. മസ്ജിദുൽ ഹറാമിന്റെ സവിശേഷ സ്വഭാവം പ്രതിഫലിപ്പിക്കുന്ന ഏകീകൃത വിഷ്വൽ ഐഡന്റിറ്റിയിൽ, സീസണിൽ തീർഥാടകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേക ഡിസൈനുകളിൽ ഇരുഹറം പരിപാലന അതോറിറ്റി നിരവധി കൈവണ്ടികളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. അനുഷ്ഠാനങ്ങൾ വേഗത്തിലും എളുപ്പത്തിലും നടത്തുന്നതിന് സൗകര്യപ്രദമായ ഗതാഗത ഓപ്ഷനുകൾ നൽകുന്നതാണിത്.
സൗജന്യ, പേയ്മെന്റ് കൈവണ്ടികൾ ഒരുക്കിയിട്ടുണ്ട്. കിഴക്കൻ മുറ്റം (ബാബ് അൽസലാം നമ്പർ 19), പടിഞ്ഞാറൻ മുറ്റം (ശുബൈക പാലം, കവാടം 64) എന്നിവിടങ്ങളിൽ സൗജന്യ വാഹനങ്ങൾ ലഭ്യമാണ്. ഗ്രൗണ്ട് മസ്അ (കവാടം 14), മസ്അ ഒന്നാം നില (കവാടം 16), പടിഞ്ഞാറെ മുറ്റം (ശുബൈക പാലം, കവാടം 64), തെക്കൻ മുറ്റം (ശുചിമുറി നമ്പർ രണ്ടിന് അടുത്ത്) എന്നിവിടങ്ങളിലാണ് അഡ്വാൻസ് പെയ്ഡ് മാനുവൽ വണ്ടികൾ സ്ഥിതി ചെയ്യുന്നത്.
ഇലക്ട്രിക് ഗോൾഫ് വണ്ടികളും മുറ്റങ്ങളിലെ ഇതിനായുള്ള പോയന്റുകൾ വഴി നേരിട്ട് ബുക്ക് ചെയ്യാം. പടിഞ്ഞാറ് മുറ്റം (ശുബൈക പാലം, കവാടം 64), അജിയാദ് പാലം (കവാടം നാല്), ഒന്നാം നിലയിൽനിന്നുള്ള അജിയാദ് കോണി (കവാടം നാല്) എന്നിവിടങ്ങളിലാണ് ഇലക്ട്രിക് ഗോൾഫ് വണ്ടികൾ സ്ഥിതി ചെയ്യുന്നത്. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ഈ വാഹനങ്ങൾ വലിയ ആശ്വാസമാണ്. ഹറമിനുള്ളിൽ നടക്കാൻ ബുദ്ധിമുട്ടുള്ള തീർഥാടകരെയും ഇത് സഹായിക്കുന്നു. സന്ദർശകരുടെ സഞ്ചാരം വ്യവസ്ഥാപൃതമാക്കുന്നതിനും തിരക്ക് കുറക്കുന്നതിനും പ്രത്യേകിച്ചും റമദാൻ സീസണിൽ വൈകല്യമുള്ളവർക്ക് സൗജന്യ ഇലക്ട്രിക് ഗോൾഫ് വണ്ടികൾ സേവനവും നൽകുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.