ഒരുക്കങ്ങൾ പൂർണം; സൗദി റമദാൻ നിറവിൽ
text_fieldsയാമ്പു: റമദാൻ മാസം ഇന്ന് ആരംഭിക്കവേ, രാജ്യവും രാജ്യവാസികളും ഒരുക്കങ്ങൾ പൂർത്തിയാക്കി. ആഴ്ചകൾക്ക് മുേമ്പ ഇരുഹറമുകളിലും റമദാൻ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. പ്രാർഥനകൾക്കായി അധികമായെത്തുന്ന വിശ്വാസികളെ സ്വീകരിക്കാൻ മക്കയിലും മദീനയിലും എല്ലാ സജ്ജീകരണങ്ങളും തയാറായിക്കഴിഞ്ഞു. ഇഫ്താറിനുള്ള സംവിധാനങ്ങളും പതിവുപോലെ തീർത്തും ശാസ്ത്രീയമായാണ് നടപ്പാക്കുന്നത്. കഴിഞ്ഞ നവംബറിൽ ആരംഭിച്ച സംസം നവീകരണത്തിെൻറ പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി മസ്ജിദുൽ ഹറാമിലെ മത്വാഫ് പൂർണമായും വിശ്വാസികൾക്കായി തുറന്നുകൊടുത്തിട്ടുണ്ട്.
തിരക്കേറുന്ന സമയങ്ങളിൽ മത്വാഫ് ഉംറ തീർഥാടകർക്ക് മാത്രമായി നിയന്ത്രിക്കും. ഇഅ്ത്തികാഫിനെത്തുന്ന വിശ്വാസികൾക്ക് മദീനയിലെ മസ്ജിദുന്നബവിയിലും അധികം സൗകര്യങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. ഇതിനൊപ്പം ഇരുനഗരങ്ങളിലെയും സുരക്ഷയും വർധിപ്പിച്ചു. മക്കയിൽ മസ്ജിദുൽ ഹറാമും പരിസരവും സദാനിരീക്ഷണത്തിലായിരിക്കും. ഇതിനായി പ്രത്യേക വിമാനങ്ങൾ രംഗത്തിറക്കുന്നുണ്ട്.
ഇതിനൊപ്പം, രാജ്യത്തെ ആരാധനാലയങ്ങളും വാസ സ്ഥലങ്ങളും കച്ചവട സ്ഥാപനങ്ങളുമെല്ലാം പവിത്ര നാളുകൾക്കായി തയാറെടുത്തു കഴിഞ്ഞു.
റമദാൻ സ്‌പെഷ്യൽ ടെൻറുകൾ രാജ്യത്തിെൻറ മിക്ക ഭാഗങ്ങളിലും ഉയർന്നിട്ടുണ്ട്. നോമ്പ് തുറക്കാനുള്ള പ്രത്യേക സൗകര്യങ്ങൾ മിക്ക പള്ളികളിലും ഒരുക്കി. മതകാര്യ വകുപ്പിെൻറ സൂക്ഷ്മമായ മേൽനോട്ടം ഇതിനൊക്കെയുണ്ട്. സ്വദേശികൾ ആഴ്ചകൾക്ക് മുമ്പ് തന്നെ റമദാൻ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു. ഗ്രാമീണ അറബികൾ പരമ്പരാഗത രീതിയിൽ റമദാനെ വരവേൽക്കാനാണ് ഇഷ്ടപ്പെടുന്നത്. പഴമകൾ കാത്ത് സൂക്ഷിക്കാനും റമദാൻ സമ്പ്രദായങ്ങൾ പിൻപറ്റാനും അവർ ശ്രദ്ധിക്കുന്നു.
വീടുകളും പരിസരങ്ങളും വൃത്തിയാക്കിയും പഴയ സാധനങ്ങൾ മാറ്റിയും വീട്ടുസാധനങ്ങൾ ക്രമീകരിച്ചും വൃത്തിയാക്കിയുമൊക്കെ അവർ കാത്തിരിക്കുന്നു. ആവശ്യമായ വിഭവങ്ങൾ മുൻകൂട്ടി വാങ്ങിവെക്കാൻ സ്വദേശികളുടെ നിറഞ്ഞ സാന്നിധ്യമാണ് നഗരങ്ങളിലെ സൂക്കുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രകടമായത്. റമദാൻ ദിനരാത്രങ്ങൾ ആരാധനാനുഷ്ഠാനങ്ങൾക്കായി നീക്കിവെക്കാനാണ് നേരത്തെയുള്ള ഒരുക്കം. വാണിജ്യ സ്ഥാപനങ്ങളും റമദാനെ വരവേൽക്കാൻ വൻ ഒരുക്കങ്ങളാണ് നടത്തുന്നത്. മിക്ക സ്ഥാപനങ്ങളും പ്രത്യേക റമദാൻ ഓഫറുകൾ പ്രഖ്യാപിച്ചുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.