റമദാൻ വന്നണഞ്ഞു; ഇനി ഇരവ് പകലാവുന്ന ദിനങ്ങൾ
text_fieldsറിയാദ്: വിശുദ്ധ മാസമായ റമദാൻ വന്നണഞ്ഞതോടെ സൗദി അറേബ്യയിൽ ഇനി ഒരു മാസം ഇരവ് പകലാവും. പുലരുവോളം നാടും നഗരങ്ങളും സജീവമാകും. പ്രധാന മാർക്കറ്റുകളെല്ലാം പുലർച്ചെ മൂന്ന് വരെ പ്രവർത്തിക്കും. പ്രഭാത നമസ്കാരത്തിന്റെ ബാങ്ക് വിളി വരെ മിഴിയടക്കാതെ റസ്റ്റാറന്റുകളും കഫേകളും മറ്റു വ്യാപാര സ്ഥാപനങ്ങളും ഉണർന്നിരിക്കും.
മരുഭൂമിയിൽ തുടങ്ങി നഗരത്തിന്റെ ഹൃദയത്തിൽ വരെ ഇഫ്താർ ടെന്റുകളുയർന്നുകഴിഞ്ഞു. ഭാഷ-ദേശ വ്യത്യാസമില്ലാതെ വരുന്നവർക്കെല്ലാം സൗജന്യ ഇഫ്താർ ഇരിപ്പിടങ്ങളൊരുങ്ങി.
വ്യാപാര വ്യവസായ പ്രമുഖരുടെയും അതത് മേഖലയിലെ പൗരപ്രമാണിമാരുടെയുംവക പള്ളികളിലും തെരുവുകളിലും നോമ്പ് തുറവിഭവങ്ങളടങ്ങിയ ഭക്ഷണപ്പൊതികളുടെ വിതരണമുണ്ടാവും.
നഗരത്തിലെ പ്രധാന പൊതുപാർക്കുകളിലും റസ്റ്റാന്റുകളിലും കുടുംബ-സൗഹൃദ കൂട്ടങ്ങളുടെ ഒത്തുകൂടലുകളും സൗഹൃദവിരുന്നും അത്താഴവുംകൊണ്ട് മനുഷ്യസഹവാസത്തിന്റെ മനോഹരക്കാഴ്ചകൾ വിടരും. നാട്ടുകൂട്ടങ്ങളും രാഷ്ട്രീയ സംഘടനകളും ബിസിനസ് സ്ഥാപനങ്ങളും ഇഫ്താറുകളും അത്താഴവിരുന്നും നടത്തും. ഓരോ ദിനവും പകൽ മൗനത്തിലാവുകയും രാത്രിയോടെ ഉണരുകയും ചെയ്യും.
തെരുവുകൾവീണ്ടും സജീവമാകും. പള്ളികളിൽനിന്നൊഴുകുന്ന താറാവീഹിന്റെ മനോഹരമായ ഖുർആൻ പാരായണം ഇളം കാറ്റ് പോലെ അന്തരീക്ഷത്തിലാകെ പടരും. മക്ക മസ്ജിദുൽ ഹറാമിന്റെയും മദീന മസ്ജിദുന്നബവിയുടെയും അകവും പുറവും വിശ്വാസികളാൽ നിറയും.
വ്രതമാസമായ റമദാനെ എല്ലാ അർഥത്തിലും സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഇക്കഴിഞ്ഞ വാരാന്ത്യം കടന്നുപോയത്. റിയാദ് നഗരത്തിലെ പ്രധാന ഹൈവേകളിലും ചെറു നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. വാരാന്ത്യമായതിനാൽ റിയാദിൽ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ നഗരഹൃദയമായ ബത്ഹയിലേക്ക് ഒഴുകിയെത്തി.
റമദാനിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ വാങ്ങാനും മറ്റു ഒരുക്കങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ ശേഖരിക്കാനുമെത്തിയവർ കഴിഞ്ഞ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ബത്ഹയെ തിരക്കിലമർത്തി.
മജ്ലിസുകളിൽനിന്ന് നുരഞ്ഞുപൊന്തുന്ന ഊദിന്റെ പുകയും പരിമളവും അറബ് ആതിഥേയത്വത്തിന്റെ അടയാളമാണ്. മജ്ലിസിൽ അതിഥികളായെത്തുന്നവർക്ക് മുന്തിയയിനം ഈത്തപ്പഴവും കുങ്കുമം ചേർത്ത അറേബ്യൻ ഗഹ്വയും നൽകും.
റമദാനിൽ അതിഥികൾ കൂടുതലെത്തുന്നതു കൊണ്ട് തന്നെ സ്വീകരണമുറിയൊരുക്കാൻ ഈത്തപ്പഴ മാർക്കറ്റിലും ഊദ് വിൽപന സ്ഥാപനങ്ങളിലും നല്ല തിരക്ക് അനുഭവപ്പെട്ടു. രാജ്യത്തെ പ്രധാന ഊദ് വ്യാപാര സ്ഥാനങ്ങളിലെല്ലാം 50 ശതമാനം വരെ വിലക്കിഴിവും റമദാനോടനുബന്ധിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈപ്പർ മാർക്കറ്റുകളിലും ചെറുകിട, വൻകിട വിൽപനകേന്ദ്രങ്ങളിലും കച്ചവടം പൊടിപൊടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.