'ഹദിയ'യുടെ മഴക്കാലമായി റമദാൻ
text_fieldsറിയാദ്: ശഹ്ബാൻ അസ്തമിച്ച് റമദാൻ ഉദിക്കുന്നതിന്റെ സൂചന കിട്ടിയാൽ സൗദിയിൽ ആഘോഷത്തിന്റെ ഇരവ് പകലുകളാണ്. ആഘോഷകാലങ്ങളിൽ അറബ് സംസ്കാരത്തിൽ ഒഴിച്ചുകൂടാനാകാത്തതാണ് ഹദിയ (സമ്മാനം). കുട്ടികളും മുതിർന്നവരും അയൽവാസികളും സഹപ്രവർത്തകരും കുടുംബങ്ങളും ബന്ധുക്കളും പരസ്പരം ഹദിയ കൈമാറും. ഈത്തപ്പഴവും ഊദും ബഖൂറുമാണ് (സുഗന്ധം പരത്തുന്ന പുകയുണ്ടാകുന്ന ഊദ് കഷണങ്ങൾ) സാധാരണ ബഹുഭൂരിപക്ഷത്തിന്റെ സമ്മാനപ്പൊതിയിലുണ്ടാകുക. കാറും വാച്ചും മൊബൈൽ ഫോണും ഉൾപ്പെടെ ചെലവേറിയ സമ്മാനം നൽകുന്നവരുമുണ്ട്.
മികച്ച കമ്പനികളുടെ ഉൽപന്നങ്ങൾ ഓൺലൈൻ വഴി പ്രിയപ്പെട്ടവരുടെ വിലാസത്തിലേക്ക് ഓർഡർ നൽകിയാണ് നഗരങ്ങളിൽ സമ്മാന കൈമാറ്റം. സൗദി ഗ്രാമങ്ങളിൽ ഇപ്പോഴും തനത് അറേബ്യൻ രീതിയാണ്. മധുര പലഹാരങ്ങളും കബ്‌സ, മന്തി ഉൾപ്പെടെയുള്ള ഭക്ഷണങ്ങളും വീട്ടിലുണ്ടാക്കി ചൂടോടെ പ്രിയപ്പെട്ടവർക്ക് എത്തിക്കുന്നതാണ് പതിവ്. ഈ രീതി ഇന്നും തുടരുന്ന അസംഖ്യം ഊരുകളുണ്ട്.
ചെറുപ്പം മുതലേ കുട്ടികളെയും ഈ സംസ്കാരം പഠിപ്പിക്കുന്നതിലും അറബികൾ മുന്നിലാണ്. റമദാന് മുമ്പേ കുട്ടികൾ തങ്ങളുടെ സഹപാഠികൾക്കും അയൽവാസികൾക്കും വ്യത്യസ്‍തവും അമൂല്യവുമായ സമ്മാനം നൽകാൻ നാണയത്തുട്ടുകൾ ശേഖരിച്ചു തുടങ്ങും. സൃഷ്‌ടിപരമായ കൗതുക വസ്തുക്കൾ, വസ്ത്രങ്ങളിൽ നൂലുകൊണ്ടുള്ള ചിത്രപ്പണികൾ ചെയ്ത് അഭിനന്ദന വാക്കുകൾ കുറിച്ച് നൽകുക, പ്രാർഥനകളും ആശംസകളും ചിത്രത്തോടൊപ്പം വരച്ചുനൽകുക, തെർമോകോളിലും പ്ലാസ്റ്റിക് ഷീറ്റിലും തീർത്ത ഫാനൂസ് വിളക്കുകൾ തുടങ്ങി അവരുടെ കൈയൊപ്പ് ചാർത്തിയാണ് കുട്ടികളുടെ ഹദിയ.
കുടുംബങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പുറമെ അപരിചിതരായ മനുഷ്യർക്കും പ്രത്യേകം സമ്മാനം മാറ്റിവെക്കുന്ന ശീലമുണ്ട് സൗദികൾക്ക്. പള്ളികളിലും പൊതുഇടങ്ങളിലും നിർധനരായ വിദേശികൾ താമസിക്കുന്ന മാർക്കറ്റുകളിലും വൈകുന്നേരങ്ങളിൽ ഭക്ഷണപ്പൊതിയും വെള്ളവും ഈത്തപ്പഴവുമായി വിതരണത്തിനിറങ്ങുന്ന സുമനസ്സുകളും ഏറെയുണ്ട്. വാഹനം നിറയെ വെള്ളവും ഈത്തപ്പഴവും മോരും അടങ്ങിയ ചെറിയ പെട്ടികൾ നിറച്ച് നോമ്പുതുറ സമയത്ത് നിരത്തിലിറങ്ങി യാത്രക്കാർക്ക് നൽകുന്ന രീതി ഗ്രാമങ്ങളിലും നഗരങ്ങളിലും ദൈനംദിന കാഴ്ചയാണ്. ദൈവത്തിന്റെ പ്രീതി ആഗ്രഹിച്ച് സ്വാർഥതാൽപര്യങ്ങളൊന്നുമില്ലാതെ സമ്മാനം നൽകുന്നതും വാങ്ങുന്നതും പുണ്യമാണെന്ന വിശ്വാസമാണ് ഇതിന്റെ അടിസ്ഥാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.