റമദാൻ അവസാന പത്തിലേക്ക്; മക്കയിലും മദീനയിലും ഭക്തജനസാഗരം
text_fieldsമദീന മസ്ജിദുന്നബവിയിലെ തിരക്ക്
മക്ക: റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ ഭക്തിയുടെ വിശുദ്ധിയിലാണ് വിശ്വാസികൾ. മക്കയിലും മസ്ജിദിലും പ്രാർഥനക്കെത്തുന്ന വിശ്വാസികളുടെ തിരക്ക് വർധിച്ചിരിക്കുകയാണ്. റമദാൻ അവസാന 10 പാപമോചനത്തിന്റെ ദിനങ്ങളായാണ് കണക്കാക്കുന്നത്. ദൈവത്തിന്റെ പ്രത്യേക അനുഗ്രഹങ്ങളുമായി റമദാനിൽ വിശ്വാസികൾ പ്രതീക്ഷിക്കുന്ന ആയിരം മാസത്തേക്കാൾ മഹത്തരമായ ലൈലത്തുൽ ഖദ്ർ (വിധി നിർണായക രാവ്) അവസാന പത്തിലാവാനാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്.
ലൈലത്തുൽ ഖദ്റിൽ വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടെയും ആരെങ്കിലും നമസ്കരിച്ചാൽ അയാളുടെ ചെയ്തുപോയ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ് എന്നാണ് പ്രവാചക വചനം. ഇനിയുള്ള ദിനങ്ങൾ കാരുണ്യപ്രവർത്തനങ്ങളും സഹായവിതരണങ്ങളുമായി വിശ്വാസികൾ കൂടുതൽ സജീവമാകും. ലൈലത്തുൽ ഖദ്റിലെ ഓരോ നന്മക്കും ആയിരം മടങ്ങ് പ്രതിഫലം ഉണ്ടാകുമെന്നതിനാൽ വിശ്വാസികൾ ആരാധനകളിൽ കൂടുതൽ സമയം വിനിയോഗിക്കും. അർധരാത്രി കഴിഞ്ഞ് ദീർഘനേരത്തെ പ്രത്യേക നമസ്കാരവും പ്രാർഥനയും ഇരു ഹറമുകളിലും നടക്കും. ഇതിന് മേൽനോട്ടം വഹിക്കാൻ പ്രത്യേക ഇമാമുമാരെ മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്.
മക്ക മസ്ജിദുൽ ഹറാമിലും മദീന മസ്ജിദുന്നബവിയിലും റമദാനിലെത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികളെ വരവേൽക്കാനുള്ള എല്ലാവിധ സംവിധാനങ്ങളും പൂർത്തിയാക്കിയതായി ഇരുഹറം കാര്യാലയം അറിയിച്ചു. ജനത്തിരക്ക് നിയന്ത്രിക്കാനുള്ള എല്ലാവിധ തയാറെടുപ്പുകൾ നടത്തുകയും സുരക്ഷ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ആഭ്യന്തര തീർഥാടകരുടെ എണ്ണത്തിലും ഇനി നല്ല വർധനവുണ്ടാവും.
സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നും ആയിരക്കണക്കിനാളുകൾ ഉംറക്കും ഇരുഹറമുകളിലെ നമസ്കാരങ്ങൾക്കും എത്തുന്നുണ്ട്. രാജ്യത്തെ മിക്ക സ്ഥാപനങ്ങളും അവധിയിലേക്ക് നീങ്ങുന്നതോടെ വിദേശികളും സ്വദേശികളും ഒരുപോലെ ഒഴുകിയെത്തും. ഇരുഹറമുകളും വലിയ തിരക്കിനാവും വരും ദിവസങ്ങളിൽ സാക്ഷ്യം വഹിക്കുക. ഹറമുകളിലെത്തുന്ന എല്ലാ തീർഥാടകർക്കും നോമ്പ് തുറക്കുന്നതിനുള്ള വിഭവങ്ങളും നൽകിവരുന്നുണ്ട്. ഉംറ ചെയ്യുന്നവരുടെ തിരക്ക് വർധിച്ചതോടെ ഹറമുകൾക്ക് ചുറ്റുമുള്ള ഹോട്ടലുകൾ, അപ്പാർട്മെന്റുകൾ എന്നിവ തീർഥാടകരെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഹറമിനകത്തേക്കുള്ള മുഴുവൻ പാതകളും ഹറം സുരക്ഷാവിഭാഗത്തിന്റെ പൂർണ നിയന്ത്രണത്തിലാണ്. പ്രാർഥനക്കെത്തുന്ന വിശ്വാസികൾക്ക് വിവിധ സേവനങ്ങൾക്കായി ആരോഗ്യവകുപ്പ് , റെഡ് ക്രസന്റ്, സിവിൽ ഡിഫൻസ് തുടങ്ങിയ വിഭാഗങ്ങളും മുഴുസമയങ്ങളിൽ ഇരു ഹറമുകളിൽ സജീവമാണ്. ഇരുഹറം പള്ളികളിലെ എല്ലാ സൗകര്യങ്ങളും തീർഥാടകർക്ക് കുറ്റമറ്റ രീതിയിൽ ഉപയോഗിക്കാനായി വിപുലീകരിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.