റമദാൻ വിപണി; മെയിൻ റോളിൽ ഓറഞ്ച്, തണ്ണിമത്തൻ ഗെസ്റ്റ് റോളിൽ
text_fieldsറിയാദ്: റമദാനിൽ ഇഫ്താർ മേശയിൽ മെയിൻ റോൾ വഹിച്ചിരുന്ന തണ്ണിമത്തൻ ഇത്തവണ ഗെസ്റ്റ് റോളിലേക്ക് മാറ്റപ്പെട്ടു. പകരം ഓറഞ്ച് മെയിൻ റോളിലെത്തി. ഓറഞ്ചിനും സ്ട്രോബെറിക്കുമാണ് ഈ റമദാൻ സീസണിൽ സൗദി വിപണിയിൽ ആധിപത്യം. മറ്റ് പഴങ്ങളെക്കാൾ കുറഞ്ഞ വിലയാണെന്നത് തന്നെ കാരണം.
ഓറഞ്ച് കിലോക്ക് 2.95 റിയാൽ മുതൽ ലഭ്യമാണ്. നിറവും പേരും ഇറക്കുമതി ചെയ്യുന്ന രാജ്യവും മാറുമ്പോൾ വിലയിൽ അൽപം മാറ്റമുണ്ടാകുമെങ്കിലും ഓറഞ്ച് ഇത്തവണ തണ്ണിമത്തന് മുകളിൽ ജനകീയമാകാൻ കാരണം ഇതുതന്നെയാണ്. തൊട്ടുപിറകിലാണ് സ്ട്രോബറിയും പച്ച മുന്തിരിയും.
10 കിലോ വരെ വരുന്ന തണ്ണിമത്തൻ 10 റിയാലിനൊക്കെ മുമ്പ് കിട്ടിയിരുന്നു. ഹൈപ്പർ മാർക്കറ്റുകളിലാവട്ടെ അതിലും കുറവായിരുന്നു വില. ഇതിനു പുറമെ സീസണിൽ തെരുവുകളിലെല്ലാം തണ്ണിമത്തൻ അഞ്ച് റിയാൽ മുതൽ ലഭ്യമായിരുന്നു. ഇതുകൊണ്ടെല്ലാം തന്നെ കുറഞ്ഞ വരുമാനക്കാരുടെ തീന്മേശയിൽ തണ്ണിമത്തനായിരുന്നു ആധിപത്യം.
അന്തരീക്ഷത്തിലെ ഈർപ്പവും തണുപ്പും കുറഞ്ഞ വരണ്ട കാലാവസ്ഥയാണ് തണ്ണിമത്തന്റെ കൊയ്ത്തുകാലം. സൗദിയിൽ വേനൽക്കാലമെത്താൻ ഇനിയും സമയമെടുക്കും. ഇപ്പോഴും തണുത്ത കാലാവസ്ഥയാണ് രാജ്യത്ത്.
തണുപ്പുകാലം അവസാനിക്കുന്നതിന് മുമ്പ് റമദാൻ വന്നതാണ് തണ്ണിമത്തന് തിരിച്ചടിയായത്. വിളവെടുത്ത് വിപണിയിലെത്താൻ സമയമായിട്ടില്ല. അതോടെ വിപണിയിൽ ലഭ്യത കുറഞ്ഞു. റിയാദ്, അൽ ജൗഫ്, ഹാഇൽ, മക്ക, അൽ ഖസീം, ജിസാൻ എന്നീ പ്രവിശ്യകളിലായി ആകെ 23,000 ഹെക്ടറിലാണ് തണ്ണിമത്തൻ കൃഷി ചെയ്യുന്നത്. പ്രതിവർഷം ആറര ലക്ഷം ടൺ തണ്ണിമത്തനാണ് വിളവെടുക്കുന്നത്.
ഇതിനു പുറമെ മറ്റ് രാജ്യങ്ങളിൽനിന്നും തണ്ണിമത്തൻ ഇനങ്ങൾ എത്തുന്നുണ്ട്. എന്നാൽ ഇത്തവണ ഒന്നും സമയത്തിന് എത്തിയിട്ടില്ല. റമദാൻ സീസണിലെ ഹൈപ്പർ മാർക്കറ്റുകളുടെ ഓഫർ ഫ്ലയറുകളിലെ ആദ്യ പേജിൽ ഇടംപിടിച്ചിരുന്ന തണ്ണിമത്തൻ ഇത്തവണ ചിത്രത്തിലേ ഇല്ല.
വിപണിയിൽ അപൂർവമായി എത്തിയിട്ടുള്ളതിനാകട്ടെ വിലകൂടുതലാണ്. മൂപ്പെത്താതെ പഴുത്തതായതിനാൽ രുചിയും കുറവ്. തണ്ണിമത്തനേക്കാൾ വില കുറഞ്ഞും ഗുണനിലവാരമുള്ള മറ്റ് പഴങ്ങൾ വിപണിയിൽ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും എത്തിയതോടെ ഈ സീസണിൽ തണ്ണിമത്തൻ പൂർണമായും ഔട്ടായ അവസ്ഥയിലാണ്.
വില കൂടിയ പഴവർഗങ്ങളിൽ ഒന്നാണ് ഇന്ത്യയുടെ മാതളം. കിലോ 20 സൗദി റിയാൽ വരെ എത്തുന്ന മാതളം 8.95 റിയാലിന് ലഭ്യമാണ്. ബ്ലൂ ബെറി ഉൾപ്പടെയുള്ള ബെറിപ്പഴങ്ങൾക്കും താരതമ്യേന റമദാൻ സീസണിൽ ലഭ്യത കൂടിയിട്ടുണ്ട്. വിത്തിട്ടാൽ നൂറ് ദിവസത്തോളമാണ് തണ്ണിമത്തന്റെ വിളവെടുപ്പിനുള്ള സമയം. സൗദി പാടത്ത് തണ്ണിമത്തൻ മൂത്ത് പഴുത്ത് വിപണിയിൽ എത്തുമ്പോഴേക്കും ഇത്തവണ റമദാൻ വിടപറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.