റമദാൻ: കൂടുതൽ സൗകര്യങ്ങളുമായി മസ്ജിദുന്നബവി
text_fieldsമദീന: റമദാനെ വരവേൽക്കാൻ മദീനയിലെ മസ്ജിദുന്നബവി ഒരുങ്ങി. പുണ്യമാസത്തിൽ പള്ളിയിലെത്തുന്ന തീർഥാടകരുടെയും സന്ദർശകരുടെയും തിരക്ക് കണക്കിലെടുത്ത് വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ സജ്ജമാക്കിയത്.
റമദാൻ ഒരുക്കങ്ങൾക്കായി പള്ളിയിലെ അറ്റകുറ്റപ്പണികളും സൗകര്യമൊരുക്കലും ഊർജിതമായി നടന്നുവരുകയാണ്. വിശ്വാസികൾക്കും സന്ദർശകർക്കും പ്രവേശിക്കാൻ 55 വാതിലുകളും എട്ട് എസ്കലേറ്ററുകളും ഈ വർഷം തുറന്നുപ്രവർത്തിക്കും.
തീർഥാടകർക്കാവശ്യമായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കുന്നതിനുവേണ്ട നടപടികൾ കൈക്കൊള്ളാൻ മസ്ജിദുന്നബവിയിലെ സംവിധാനങ്ങൾ നിരീക്ഷിച്ചുവരുകയാണെന്ന് സുരക്ഷ വിഭാഗം അസി. അണ്ടർ സെക്രട്ടറി സഊദ് ബിൻ മുസാഹിദ് അസ്സാഹിദി അറിയിച്ചു. അടിയന്തര ഘട്ടങ്ങൾ നേരിടാനും കുറ്റമറ്റ സുരക്ഷ നടപടികൾ കൈക്കൊള്ളാനും വിവിധ വകുപ്പുകളുടെ സേവനം ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുഗൃഹീതമായ റമദാൻ മാസത്തെ സ്വീകരിക്കുന്നതിനുള്ള തയാറെടുപ്പും സേവകരുടെ ശരിയായ പ്രവർത്തനവും ക്രമീകരണവും നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട്.
മസ്ജിദുന്നബവിയിലെത്തുന്ന ആരാധകർക്ക് സുഗമമായ രീതിയിൽ പ്രാർഥന നിർവഹിക്കാൻ വൈവിധ്യമാർന്ന സൗകര്യങ്ങളാണ് ഇതിനകം ഒരുക്കിയിരിക്കുന്നത്. സ്ത്രീകൾക്ക് വേണ്ടിയും പ്രത്യേക സൗകര്യങ്ങളും സംവിധാനങ്ങളും മസ്ജിദുന്നബവിയിൽ പൂർത്തിയായിവരുകയാണ്.
വനിതകൾക്കായി ആറ് എക്സിറ്റുകൾ തുറന്നതിനുപുറമെ, 4300 പേർക്ക് ഒരേസമയം സുഗമമായി വുദുവെടുക്കാനുമുള്ള സൗകര്യം ഇതിനകം പൂർത്തിയാക്കിക്കഴിഞ്ഞു. മസ്ജിദുന്നബവി സുരക്ഷ സേനയിൽ ഇപ്പോൾ ധാരാളം വനിത സുരക്ഷ സൈനികരെ നിയമിച്ചിട്ടുണ്ട്.
റൗദ ശരീഫിലേക്കുള്ള വനിതകളുടെ സന്ദർശനം ക്രമീകരിക്കുന്ന ദൗത്യവും ഈ സുരക്ഷ വിഭാഗത്തിനാണ് നൽകിയിരിക്കുന്നത്. കൃത്യമായ പരിശീലനം നൽകി മികവുറ്റ സേനാ വിഭാഗത്തെയാണ് ഇരു ഹറമുകളിലും ചുമതലപ്പെടുത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.