ജനാർദനൻ പിള്ളയുടെ വ്രതാനുഭവത്തിന് കാൽനൂറ്റാണ്ടിന്‍റെ പുണ്യം
text_fieldsദമ്മാം: കാൽനൂറ്റാണ്ടായി മുടങ്ങാതെ നോമ്പുനോറ്റ് റമദാനിലെ പുണ്യം നേടുകയാണ് ദമ്മാമിൽ ജോലിചെയ്യുന്ന കൊല്ലം കൊട്ടാരക്കര സ്വദേശി ജനാർദനൻ പിള്ള. 71ാം വയസ്സിൽ എത്തിനിൽക്കുമ്പോഴും ആരോഗ്യപൂർവം പ്രവാസം തുടരുന്ന 'പിള്ളച്ചേട്ടന്'നോമ്പ് സ്വകാര്യ ആസ്വാദനമാണ്. താൻ എല്ലാ വിശുദ്ധിയോടുംകൂടിയാണ് നോമ്പ് പിന്തുടരുന്നതെന്നും ഇതുവരെയുള്ള എല്ലാ നോമ്പും പ്രയാസമില്ലാതെ ആസ്വദിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു.
കൃത്യമായ ചിട്ട പിന്തുടരുന്ന ജീവിതരീതിയാണ് പിള്ളയുടേത്. വയസ്സ് ഇത്രയായിട്ടും തലയിലെ മുടികൊഴിയാത്തതും നരക്കാത്തതും കാണുന്നവർക്ക് അത്ഭുതമാണ്.
പുലർച്ച 4.30ഓടെ പിള്ളയുടെ ഒരു ദിനത്തിന് തുടക്കമാകും. തണുത്തവെള്ളത്തിൽ കുളി, പ്രാർഥന. പിന്നെ വാർത്ത കേൾക്കൽ, അതിനോടൊപ്പമുള്ള ചെറിയ വ്യായാമം. വെളിച്ചെണ്ണ മാത്രമേ തലയിൽ തേക്കൂ. അത് കുളിക്കുന്നതിനുമുമ്പ് എല്ലാ ദിവസവും ശരീരത്തിലും തേച്ചുപിടിപ്പിക്കും. പച്ചക്കറികളോടാണ് പ്രിയമെങ്കിലും ആഴ്ചയിലൊരിക്കൽ ബിരിയാണി നിർബന്ധം. 25ാം വയസ്സിൽ തുടങ്ങിയ നാടുചുറ്റലിന് ഇപ്പോൾ അമ്പതാണ്ട്. ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും ഫാബ്രിക്കേറ്ററായി ജോലി നോക്കി. സഹവാസികളോടുള്ള ഐക്യദാർഢ്യമായാണ് അക്കാലത്ത് നോമ്പ് നോറ്റുതുടങ്ങിയത്.
സൗദിയിലെത്തിയതോടെ അതിന് അടുക്കും ചിട്ടയും വന്നു. പുന്നപ്ര സ്വദേശി നസീറും ഭാര്യ സബിതയും കുടുംബസുഹൃത്തുക്കളായതോടെ പിള്ളച്ചേട്ടൻ നോമ്പ് ചൈതന്യത്തോടെയും അനുഭവിച്ചുതുടങ്ങി.
റമദാൻ കാലങ്ങളിൽ സബിതയും നസീറും പിള്ളച്ചേട്ടനുവേണ്ടി നോമ്പുവിഭവങ്ങൾ ഉണ്ടാക്കി ഇഫ്താർ ഒരുക്കി കാത്തിരിക്കും. പുലർച്ചയുള്ള അത്താഴം പൊതിഞ്ഞു കൊടുത്തയക്കും. ഇതായിരുന്നു പതിവ്.
ഇതിനിടയിൽ സബിത പ്രവാസം അവസാനിപ്പിച്ച് പോയി. എന്നിട്ടും പിള്ളച്ചേട്ടൻ നോമ്പ് ഒഴിവാക്കിയില്ല. പുലർച്ച എഴുന്നേറ്റ് ഓട്സോ ചായയോ കഴിക്കും. ഒപ്പം ഏതാനും ഈത്തപ്പഴവും. നോമ്പു തുറക്കുമ്പോൾ പ്രത്യേകം തയാറാക്കിയ കഞ്ഞി നിർബന്ധം. അതോടെ എല്ലാ ക്ഷീണവും പമ്പകടക്കുമെന്ന് പിള്ളയുടെ അനുഭവ സാക്ഷ്യം. ഒപ്പമുള്ള നൗഫൽ പിള്ളച്ചേട്ടന് ആവശ്യമുള്ളതെല്ലാം തയാറാക്കി നൽകാൻ സന്നദ്ധനാണ്. നോമ്പ് ശരീരത്തിനും മനസ്സിനും ഉണർവും ഉന്മേഷവും നൽകുന്നുവെന്ന് പിള്ള ഉറപ്പിച്ചുപറയുന്നു. പ്രവാസം അവസാനിപ്പിച്ച് മടങ്ങിയാലും താൻ നോമ്പു തുടരുമെന്നും അദ്ദേഹം പറയുന്നു. ഭാര്യ ഗിരിജയും മക്കളായ വൈശാഖും ധന്യയും ഇക്കാര്യത്തിൽ തുറന്ന പിന്തുണയാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.