മദീന മസ്ജിദുന്നബവിയിലെ റമദാൻ പദ്ധതികൾ പ്രഖ്യാപിച്ചു; നമസ്കാരത്തിന് 60,000 പേർക്ക് അവസരം
text_fieldsജിദ്ദ: മദീനയിലെ മസ്ജിദുന്നബവി കാര്യാലയത്തിന് കീഴിൽ റമദാനിലേക്കുള്ള പദ്ധതികൾ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഉദ്ഘാടനം ചെയ്തു. കോവിഡ് ആരംഭിച്ചശേഷം കൈകൊണ്ട നടപടികളും ആവശ്യകതകളും നേടിയെടുത്ത വിജയവും തുടരേണ്ടതിന്‍റെ ആവശ്യകത ഇരുഹറം കാര്യാലയ മേധാവി ഊന്നിപ്പറഞ്ഞു. അസാധാരണ സാഹചര്യങ്ങൾക്കനുസൃതമായി സേവനങ്ങൾ കൂടുതൽ മികച്ചതാക്കുകയും വികസിപ്പിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
റമദാൻ വരെയുള്ള മാസങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് റമദാനിലേക്കുള്ള പദ്ധതികൾ തയാറാക്കിയത്. അടിയന്തിര സാഹചര്യങ്ങൾ, പ്രതിസന്ധി കൈകാര്യം ചെയ്യൽ തുടങ്ങിയവ പദ്ധതിയിലുൾപ്പെടും. കോവിഡ് പശ്ചാത്തലത്തിൽ മുൻവർഷങ്ങളിൽ വ്യത്യസ്തമായി ആരോഗ്യ മുൻകരുതലനുസരിച്ചുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.
മുറ്റങ്ങൾക്ക് പുറമെ സാധാരണ മസ്ജിദുന്നബവിക്കകത്ത് 3,50,000 പേർക്ക് നമസ്കരിക്കാൻ സൗകര്യമുണ്ട്. എന്നാൽ, കോവിഡ് മുൻകരുതലിന്റെ ഭാഗമായി പള്ളിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിൽ 13 ശതമാനം ആളുകളെയാണ് നമസ്കാരത്തിന് അനുവദിക്കുക. ഇതനുസരിച്ച് ഒരു സമയം നമസ്കാരത്തിന് 60,000 പേർക്ക് സൗകര്യമുണ്ടാകും. നിലവിലെ ആരോഗ്യ മുൻകരുതൽ നടപടികൾ റമദാനിലും തുടരും.
സാമൂഹിക അകലം പാലിച്ചായിരിക്കും പള്ളിക്കകത്തും പുറത്തും നമസ്കാരം നിർവഹിക്കുക. ഇമാമുമാർ, ബാങ്ക് കൊടുക്കുന്നവർ, മസ്ജിദുന്നബവിക്ക് കീഴിലെ ഉദ്യോഗസ്ഥർ, തൊഴിലാളികൾ എന്നിവർക്ക് നമസ്കരിക്കാനുള്ള സ്ഥലം പഴയ ഹറമിലായിരിക്കുമെന്ന് പദ്ധതിയിൽ വ്യക്തമാക്കി. മറ്റുള്ളവർക്ക് നമസ്കരിക്കാനുള്ള സ്ഥലങ്ങൾ 'ഹസ്വവാത്, പള്ളികളുടെ മറ്റ് ഭാഗങ്ങൾ, മേൽതട്ട്, മുറ്റങ്ങൾ എന്നിവിടങ്ങളിലായിരിക്കും. റൗദാ സന്ദർശനത്തിനും അവിടെ വെച്ചുള്ള നമസ്കാരത്തിനും തവക്കൽന ആപ്പിൽ രജിസ്റ്റർ ചെയ്ത ശേഷമുള്ള അനുമതി വേണമെന്നത് റമദാനിലും തുടരും.
തറാവീഹ് നമസ്കാരം കഴിഞ്ഞ് അര മണിക്കൂറിന് ശേഷം പള്ളി അടക്കും. റമദാൻ അവസാന പത്തിലൊഴികെ മറ്റ് ദിവസങ്ങളിൽ സുബ്ഹി ബാങ്കിന് രണ്ട് മണിക്കൂർ മുമ്പ് പള്ളി തുറക്കും. അവസാന പത്തിൽ മുഴുസമയവും പള്ളി തുറന്നിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.