റമദാൻ: മക്കയിലും മദീനയിലും സിവിൽ ഡിഫൻസ് ഒരുക്കം പൂർത്തിയായി
text_fieldsജിദ്ദ: മക്കയിലും മദീനയിലും റമദാനിലെ അടിയന്തിര സേവനങ്ങൾക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സിവിൽ ഡിഫൻസ് അറിയിച്ചു. റമദാൻ പദ്ധതികൾ വിശദീകരിക്കാൻ വിളിച്ച വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് തീർഥാടകർക്കും സന്ദർശകർക്കും അപകടങ്ങളിൽ നിന്ന് സുരക്ഷ നൽകുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. റമദാനിൽ വർധിച്ച തിരക്കുണ്ടാകുമെന്നതിൽ വേണ്ട ഉദ്യോഗസ്ഥരെ ഒരുക്കിയിട്ടുണ്ട്. അപകട സാധ്യതകളുടെ വിവിധ വശങ്ങൾ സൂക്ഷ്മമായി പഠിച്ചാണ് റമദാൻ അടിയന്തിര പ്രവർത്തന പദ്ധതി ഒരുക്കിയിരിക്കുന്നതെന്ന് മക്ക മേഖല സിവിൽ ഡിഫൻസ് മേധാവി കേണൽ സാലിം അൽമത്റഫി പറഞ്ഞു. ബോധവത്കരണം, മക്കയുടെ വിവിധ ഭാഗങ്ങളിൽ തിരക്കിന് അനുസരിച്ച് അടിയന്തിര സേവനത്തിന് പ്രത്യേക സംഘങ്ങൾ, ഏകീകൃത സുരക്ഷ ഒാപറേഷൻ സെൻററിൽ മുഴുസമയം പ്രതിനിധികൾ, ഹറമുകളിലേക്ക് ആവശ്യമായ സേവനങ്ങൾക്ക് പ്രത്യേക സംഘങ്ങൾ എന്നിവ റമദാൻ പദ്ധതികളിലുൾപ്പെടും.
സന്നദ്ധ സേവകരുടെ എണ്ണം 68ൽ നിന്ന് 150 ആക്കി. സ്ത്രീകളും സേവനത്തിന് രംഗത്തുണ്ടാകുമെന്ന് മക്ക സിവിൽ ഡിഫൻസ് മേധാവി പറഞ്ഞു. തീർഥാടകർ താമസിക്കുന്ന എല്ലാ സ്ഥലങ്ങളിലും സുരക്ഷ നിബന്ധനകൾ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചു ഉറപ്പുവരുത്തുമെന്ന് മക്ക സിവിൽ ഡിഫൻസ് മേധാവി കേണൽ അബ്ദുല്ല അൽഖുറശി പറഞ്ഞു. അപകട ഭീഷണിയുള്ള കെട്ടിടങ്ങളിൽ തീർഥാടകരെ താമസിപ്പിക്കാൻ അനുവദിക്കില്ല. അടിയന്തിര രക്ഷാപ്രവർത്തനത്തിന് ഹറമിന് അടുത്ത് അടിയന്തിര വിഭാഗവും മോേട്ടാർ സൈക്കിൾ യൂനിറ്റുകളുമുണ്ടാകും. ഹറമിനകത്തും പുറത്തുമായി 50 ഒാളം സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സിവിൽ ഡിഫൻസ് സംഘങ്ങൾ സേവനത്തിനുണ്ടാകും. സാമൂഹിക മാധ്യമങ്ങളിലൂടെ ആളുകളെ ബോധവത്കരിക്കും.
വിവിധ ഭാഷകളിലുള്ള ലഘുലേഖകൾ വിതരണം ചെയ്യുമെന്നും മക്ക സിവിൽ ഡിഫൻസ് മേധാവി പറഞ്ഞു.ഒാപറേഷൻ, സുരക്ഷ പ്രതിരോധം, ബോധവത്കരണം എന്നിങ്ങനെ മൂന്നായി തിരിച്ചുള്ള പ്രവർത്തനങ്ങളാണ് മദീനയിലേതെന്ന് മദീന മേഖല സിവിൽ ഡിഫൻസ് മേധാവി ജനറൽ അബ്ദുറഹ്മാൻ അൽഹർബി പറഞ്ഞു. റമദാനിൽ അടിയന്തിര സേവന വിഭാഗങ്ങളുടെയും സിവിൽ ഡിഫൻസ് കേന്ദ്രങ്ങളുടെയും എണ്ണം കൂട്ടുമെന്നും മദീന സിവിൽ ഡിഫൻസ് മേധാവി പറഞ്ഞു.അതേ സമയം, ഹറമിനടുത്ത ഹോട്ടലുകളിലും താമസ കേന്ദ്രങ്ങളിലും സിവിൽ ഡിഫൻസിന് കീഴിൽ കെട്ടിട സുരക്ഷ പരിശോധന തുടങ്ങി. റമദാനിൽ മക്കയിലെത്തുന്ന തീർഥാടകരുടെ വർധവ് കണക്കിലെടുത്താണ് ഹോട്ടലുകൾ, ഫർണിഷ്ഡ് അപാർട്ടുമെൻറുകൾ, കച്ചവട കോംപ്ലക്സുകൾ എന്നി കേന്ദ്രീകരിച്ച് പരിശോധന നടന്നുവരുന്നത്. സിവിൽ ഡിഫൻസ് സർട്ടിഫിക്കറ്റ് , അടിയന്തിര കവാടങ്ങൾ, അഗ്നിശമന സംവിധാനങ്ങൾ, മുന്നറിയിപ്പ് ഉപകരണങ്ങൾ എന്നിവ ഉദ്യോഗസ്ഥർ പരിശോധിച്ചു ഉറപ്പുവരുത്തുന്നുണ്ട്. അംഗീകൃത എൻജിനീയറിങ് ഒാഫീസുകളും സുരക്ഷ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.