റമദാൻ; 102 രാജ്യങ്ങളിൽ സൗദി 700 ടൺ ഈത്തപ്പഴം വിതരണം ചെയ്യും
text_fieldsസൗദി ഭരണാധികാരി സൽമാൻ രാജാവ്
റിയാദ്: ഈ വർഷം റമദാനിൽ 102 രാജ്യങ്ങളിൽ സൗദി അറേബ്യ ഈത്തപ്പഴം വിതരണം ചെയ്യും. ഇതിനായുള്ള പദ്ധതിക്ക് ഭരണാധികാരി സൽമാൻ രാജാവ് അംഗീകാരം നൽകി.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 200 ടൺ വർധനയോടെ 700 ടൺ ഈത്തപ്പഴമാണ് വിതരണം ചെയ്യുക. വിവിധ രാജ്യങ്ങളുടെ എംബസികൾ വഴി സൗദി മതകാര്യ വകുപ്പാണ് പദ്ധതി നടപ്പാക്കുക. ഒരോ വർഷവും റമദാനിൽ ടൺ കണക്കിന് ഈത്തപ്പഴം വിവിധരാജ്യങ്ങളിൽ സൗദി വിതരണം ചെയ്യാറുണ്ട്.
ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ പ്രത്യേകിച്ച് പുണ്യമാസത്തിൽ മുസ്ലിംകളോട് കാണിക്കുന്ന അതിതാൽപര്യത്തിനും ഉദാരമായ കരുതലിനും മതകാര്യ മന്ത്രി ശൈഖ് അബ്ദുൽ ലത്തീഫ് ആലുശൈഖ് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നന്ദിയും അഭിനന്ദനവും അറിയിച്ചു. ഇസ്ലാമിനെയും മുസ്ലിംകളെയും സേവിക്കുന്നതിനും ഇസ്ലാമിന്റെ മൂല്യങ്ങളും തത്വങ്ങളും പ്രചരിപ്പിക്കുന്നതിനും വിദ്വേഷവും മതഭ്രാന്തും തീവ്രവാദവും നേരിടുന്നതിനുമുള്ള മന്ത്രാലയദൗത്യം നിർവഹിക്കാൻ ഭരണകൂടത്തിൽനിന്ന് ലഭിക്കുന്ന മഹത്തായതും നിരന്തരവുമായ പിന്തുണയെ മതകാര്യ വകുപ്പ് ചൂണ്ടിക്കാട്ടി.
വിവിധരാജ്യങ്ങളിലെ സൗദി എംബസികൾക്ക് കീഴിലെ മതകാര്യ ഓഫിസുകളുമായും മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന കാൾ ആൻഡ് ഗൈഡൻസ് സെന്ററുകളുമായും നിരവധി ഇസ്ലാമിക് അസോസിയേഷനുകളുമായും ഏകോപിപ്പിച്ച് രാജ്യങ്ങളിലേക്ക് ഈത്തപ്പഴം അയക്കുന്നതിനുള്ള തയാറെടുപ്പുകളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. നടപ്പുവർഷത്തെ റമദാനിൽ ഇവ വിതരണം ചെയ്യുമെന്നും മതകാര്യ മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.