റമദാൻ വിടപറയുന്നു; പെരുന്നാളിനൊരുങ്ങി വിശ്വാസികൾ
text_fieldsയാംബു: ഒരുമാസം നീണ്ടുനിന്ന റമദാൻ ദിനങ്ങൾ അവസാനിക്കുന്നു. നാട് ചെറിയ പെരുന്നാളിന് (ഈദുൽ ഫിത്ർ) ഒരുങ്ങുകയാണ്. കോവിഡ് പ്രതിസന്ധിയിലാണ് ഇത്തവണയും പെരുന്നാൾ ആഗതമായിരിക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണം സൗദിയിൽ കുറഞ്ഞുവരുന്നത് ആളുകൾക്ക് മാനസികമായി ഉണർവ് നൽകിയിട്ടുണ്ട്. കഴിഞ്ഞ റമദാനും പെരുന്നാളുമൊക്കെ കോവിഡ് രൂക്ഷമായ കാലത്തായിരുന്നു.
പെരുന്നാൾ നമസ്കാരവും ആഘോഷവുമെല്ലാം വീടുകളിൽ മാത്രം ഒതുങ്ങിയായിരുന്നു നിർവഹിച്ചിരുന്നത്. കഴിഞ്ഞ വർഷം റമദാൻ 30 മുതൽ ശവ്വാൽ നാലുവരെ സൗദിയിൽ സമ്പൂർണ നിരോധനാജ്ഞയായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ സാഹചര്യം കൂടുതൽ അനുകൂലമാണ്.
പള്ളികൾ വിശ്വാസികൾക്കായി തുറന്നുനൽകിയിട്ടുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആരാധനാനുഷ്ഠാനങ്ങൾ നിർവഹിക്കാൻ കഴിഞ്ഞതിലുള്ള അനുഭൂതിയിലാണ് സൗദിയിലെ വിശ്വാസികൾ. ഈ വർഷം റമദാനിൽ പറയത്തക്ക പ്രയാസങ്ങൾ ഉണ്ടായിരുന്നില്ല. നോമ്പുതുറകൾ സംഘടിതമായി ഉണ്ടായില്ലെങ്കിലും സന്നദ്ധ സംഘടനകളും വ്യക്തികളും ഇഫ്താർ കിറ്റുകൾ വ്യാപകമായി വിതരണം നടത്തിയത് പലർക്കും അൽപം ആശ്വാസമായിരുന്നു.
പെരുന്നാൾ ആഘോഷം മനസ്സിൽ നിറഞ്ഞുനിൽക്കുമ്പോഴും റമദാൻെറ വിടവാങ്ങൽ വിശ്വാസിയുടെ മനസ്സിൽ നോവുണർത്തുന്നതാണ്. റമദാൻെറ രാപ്പകലുകളുമായി ഇഴുകിച്ചേർന്ന വിശ്വാസിക്ക് ഈ വിരഹം വിങ്ങലുളവാക്കുന്നു. വഴിതെറ്റിയലഞ്ഞ മനസ്സുകളെയും ശരീരങ്ങളെയും സുകൃതങ്ങളിലേക്ക് ആനയിച്ചാണ് റമദാൻ യാത്ര പറയുന്നത്.
പ്രതിസന്ധിയുടെ കൂരിരുളിൽപെട്ടവർക്ക് വെളിച്ചമായിരുന്നു റമദാൻ. വൈതരണികൾക്ക് മുന്നിൽ തളർന്നുനിന്നവർക്ക് ആത്മീയതയുടെ കരുത്തുനൽകി റമദാൻ മനസ്സുകളെ സ്ഫുടം ചെയ്തു. അത്താഴവും നോമ്പുതുറയും വിശ്വാസികൾക്ക് സമയബോധം നൽകി. വിശപ്പിൻെറ രുചി ഇതര സഹോദരങ്ങളെ കുറിച്ചുള്ള കനിവിനും ആർദ്രതക്കും കൂടുതൽ വഴിവെച്ചു. റമദാനിലെ പ്രത്യേക നമസ്കാരമായ തറാവീഹും ഖുർആൻ പാരായണവും സമാധനത്തിൻെറ വാതിലുകൾ തുറന്നുതന്നു.
പ്രാർഥനകളാൽ ആത്മാവ് തീർഥയാത്രകൾ നടത്തി. റമദാൻ വിടപറഞ്ഞ് അകലുമ്പോഴും അത് പകർന്നുനൽകിയ നന്മകളുടെ വെളിച്ചം അണഞ്ഞുപോകില്ലെന്നതാണ് വിശ്വാസിയുടെ കരുത്ത്. അടുത്ത റമദാനു മുമ്പുള്ള 11 മാസത്തിലേക്കും വേണ്ട ആത്മീയ പാഠങ്ങൾ പകർത്തിയാണ് വിശ്വാസികൾ റമദാനിന് യാത്ര പറയുന്നത്.
സംഘടിതമായ വലിയ ഉത്സവപരിപാടികൾക്ക് ഇത്തവണയും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക പെരുന്നാൾ പരിപാടികൾ സംഘടിപ്പിക്കുന്നില്ലെങ്കിലും പെരുന്നാൾ ദിനത്തെ സ്വാഗതം ചെയ്തും ആശംസകൾ അറിയിച്ചുമുള്ള ബോർഡുകളും വൈദ്യുതി ദീപാലങ്കാരങ്ങളും രാജ്യത്തിൻെറ പല ഭാഗങ്ങളിലും ഇതിനകം പ്രത്യക്ഷപ്പെട്ടു.
പെരുന്നാൾ അവധി ദിനങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലനത്തിൽ കൂടുതൽ ജാഗ്രത കൈക്കൊള്ളാൻ രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം കൂടുതൽ പ്രതിസന്ധി ഉണ്ടാക്കിയ സാഹചര്യത്തിൽ പൊലിമ കുറഞ്ഞ പെരുന്നാൾ ആഘോഷങ്ങളാണ് ലോകത്തെങ്ങുമുള്ള വിശ്വാസികൾ ഈ വർഷവും കൊണ്ടാടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.