ജിദ്ദ ബലദിലെ ‘റമദാൻ സീസൺ’: പ്രദർശനം കാണാനെത്തിയവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു
text_fieldsജിദ്ദ ബലദ് മേഖലയിൽ ആരംഭിച്ച ‘റമദാൻ സീസൺ’ മേളയിലെ കാഴ്ചകൾ
ജിദ്ദ: ചരിത്രപ്രസിദ്ധമായ ജിദ്ദയിലെ ബലദ് പ്രദേശത്ത് സാംസ്കാരിക മന്ത്രാലയത്തിനു കീഴിൽ നടക്കുന്ന ‘റമദാൻ സീസൺ’ പ്രദർശനമേളയിൽ ആദ്യ ആഴ്ചയിൽതന്നെ എത്തിയ സന്ദർശകർ 10 ലക്ഷം കവിഞ്ഞു. സൗദി അറേബ്യയിലെ ഏറ്റവും പ്രധാനപ്പെട്ട റമദാൻ പരിപാടികളിൽ ഒന്നാണിത്. ആധികാരികമായി റമദാൻ പാരമ്പര്യങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും സൗദി ദേശീയതയെ ശക്തിപ്പെടുത്തുന്നതിനുമായി ഒരുക്കിയ പ്രദർശനം റമദാൻ മാസം മുഴുവൻ നീണ്ടുനിൽക്കും.
സംസ്കാരം, കലകൾ, പരമ്പരാഗത വിപണികൾ, പൈതൃക ഭക്ഷണങ്ങൾ എന്നിവ സംയോജിപ്പിച്ചുകൊണ്ട് സന്ദർശകർക്ക് ഒരു സവിശേഷ അനുഭവമാണ് ‘റമദാൻ സീസൺ’ പ്രദാനംചെയ്യുന്നത്. പുരാതന വാസ്തുവിദ്യാ പൈതൃകത്തെക്കുറിച്ച് പഠിക്കാൻ സന്ദർശകർക്ക് അവസരം നൽകുന്ന ചരിത്രപ്രസിദ്ധമായ വീടുകളും പൈതൃക കെട്ടിടങ്ങളും കാണാനുള്ള ടൂറുകൾ പരിപാടികളിൽ ഉൾപ്പെടുന്നു. കൂടാതെ പ്രാദേശിക ഉൽപന്നങ്ങളും പൈതൃകഭക്ഷണങ്ങളും പ്രദർശിപ്പിക്കുന്ന പരമ്പരാഗത വിപണികളും ഉണ്ട്.
കുടുംബങ്ങൾക്കും കുട്ടികൾക്കും വേണ്ടിയുള്ള വിവിധ പരിപാടികൾക്ക് പുറമെ രാജ്യത്തിന്റെ സംസ്കാരവുമായും പൈതൃകവുമായും പുതിയ തലമുറയുടെ ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അറബിക് കാലിഗ്രഫി, മൺപാത്ര നിർമാണം തുടങ്ങിയവ പഠിപ്പിക്കുന്നത് പോലുള്ളവർക്ക് ഷോപ്പുകളും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. റമദാൻ സീസൺ ഒരു വിനോദസഞ്ചാര, സാംസ്കാരിക പരിപാടി എന്നതിനപ്പുറം മേഖലയിലെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും അവസരമൊരുക്കുന്നു.
കൂടാതെ പ്രാദേശിക കരകൗശല വിദഗ്ധർക്കും സംരംഭകർക്കും അവരുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദിയായും പ്രവർത്തിക്കുന്നു. ഇത് ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണക്കുകയും സാമ്പത്തിക സുസ്ഥിരത വർധിപ്പിക്കുകയും ചെയ്യുന്നു.
പ്രദർശനം വീക്ഷിക്കാനെത്തുന്ന സന്ദർശകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ അനുഭവം ഉറപ്പാക്കുന്നതിന് വിപുലമായ നിരീക്ഷണസംവിധാനങ്ങൾ സ്ഥാപിക്കൽ, സേവന ടീമുകൾ അനുവദിക്കൽ, സന്ദർശകർക്കായി ഒരു ഡിജിറ്റൽ ഗൈഡ് ആരംഭിക്കൽ, പരിപാടികളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ നൽകൽ എന്നിവയുൾപ്പെടെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് പ്രദേശത്തെ സജ്ജമാക്കാൻ ഹിസ്റ്റോറിക് ജിദ്ദ പ്രോഗ്രാം പ്രവർത്തിച്ചിട്ടുണ്ട്. സാംസ്കാരിക, പൈതൃക ഐഡന്റിറ്റി വർധിപ്പിക്കുന്നതിനും സാംസ്കാരിക, ടൂറിസം മേഖലകൾ വികസിപ്പിക്കുന്നതിനും ശ്രമിക്കുന്ന സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ചരിത്രപരമായ ജിദ്ദയെ ഒരു ആഗോള സാംസ്കാരിക, ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ‘റമദാൻ സീസൺ’ പ്രദർശനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.