റമദാൻ അവസാന പത്തിലേക്ക്: കൂടുതൽ വിദേശ തീർഥാടകരെത്തുമെന്ന് മന്ത്രാലയം
text_fieldsജി ദ്ദ: റമദാൻ അവസാന പത്തിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ സൗദിക്ക് പുറത്തുനിന്നുള്ള കൂടുതൽ തീർഥാടകരെ പ്രതീക്ഷിക്കുന്നതായി ഹജ്ജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മഷാത്ത് പറഞ്ഞു. വിദേശ ഉംറ തീർഥാടകർക്ക് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. തീർഥാടകരുടെ ആരോഗ്യനില ആരോഗ്യമന്ത്രാലയത്തിെൻറ 'തവക്കൽനാ' ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കും. തീർഥാടകർ സൗദിയിൽ എത്തിച്ചേർന്നതിന് ശേഷം മക്കയിൽ അവർക്ക് അനുവദിച്ച ഹോട്ടലുകളിൽ മൂന്ന് ദിവസം ക്വാറൻറീൻ പൂർത്തിയാക്കണം. മസ്ജിദുൽ ഹറാമിന് സമീപം വിദേശ ഉംറ തീർഥാടകരെ സേവിക്കുന്നതിനായി 'കെയർ സെൻററുകൾ' എന്നറിയപ്പെടുന്ന നിരവധി കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. തീർഥാടകർ ഈ കേന്ദ്രങ്ങളിലെത്തി തങ്ങളുടെ നടപടികൾ പൂർത്തിയാക്കുമ്പോൾ ആരോഗ്യ നടപടികളും മുൻകരുതലുകളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കി അവർക്ക് ഉംറക്കും പ്രാർഥനക്കുമുള്ള അനുമതി നൽകും. ഉംറ സേവന കമ്പനികളും ഹജ്ജ് മന്ത്രാലയവും ഇതുസംബന്ധിച്ച ഏകോപനം നടത്തിയിട്ടുണ്ട്.
ഉംറ നിർവഹിക്കുന്നതിനോ മസ്ജിദുൽ ഹറാമിൽ പ്രാർഥിക്കുന്നതിനോ അനുമതി പത്രം നൽകുമെന്ന് അവകാശപ്പെടുന്ന ഏതെങ്കിലും ഓൺലൈൻ അക്കൗണ്ടുകളുമായോ വെബ്സൈറ്റുകളുമായോ ഇടപെടുന്നതിനെതിരെ ഡോ. മഷാത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ വളരെ ജാഗ്രത പാലിക്കുക. അവരുമായി ഒരിക്കലും ഇടപെടരുത്. തങ്ങൾക്കറിയാത്ത ഒരാൾക്ക് വ്യക്തിഗത ഡേറ്റ നൽകിയേക്കാവുന്ന ഒരു വലിയ അപകടം ഇതിന് പിന്നിലുണ്ട്. സുരക്ഷ അധികൃതർ ഇത്തരം പ്രവർത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും നിയമവിരുദ്ധമായ ഇത്തരം ചെയ്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.