റമദാൻ: ഉംറ തീർഥാടകരെ സ്വീകരിക്കാൻ ഒരുക്കം തുടങ്ങി
text_fieldsജിദ്ദ: റമദാനിൽ ഉംറ തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കം ആരംഭിച്ചതായി ഹജ്ജ്, ഉംറ സഹമന്ത്രി അബ്ദുൽ ഫത്താഹ് മുശാത് പറഞ്ഞു. അൽ അറബിയ ചാനലുമായുള്ള അഭിമുഖത്തിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. രണ്ടാഴ്ചയിലധികമായി തീർഥാടകരെ സ്വീകരിക്കുന്ന സ്ഥലങ്ങളിൽ വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കികൊണ്ടിരിക്കുകയാണ്. തീർഥാടകരുടെ യാത്രക്ക് 700 ഒാളം ബസുകളുണ്ടാകും.
ഒാരോ യാത്ര കഴിഞ്ഞാൽ ബസുകൾ അണുമുക്തമാക്കുക, സാമൂഹിക അകലംപാലിച്ചുള്ള ഇരുത്തം തുടങ്ങിയവക്ക് വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഉംറ സീസണിലേക്ക് വേണ്ട അടിസ്ഥാന ആരോഗ്യ നിബന്ധനകൾ നിശ്ചയിച്ചിട്ടുണ്ട്. മക്ക ഹറമിലെ മുഴുവൻ ജീവനക്കാർക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ട്. തീർഥാടകരുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഹജ്ജ് ഉംറ സഹമന്ത്രി പറഞ്ഞു.
അതേസമയം, കർശന ആരോഗ്യ മുൻകരുതൽ പാലിച്ചായിരിക്കും ഇത്തവണ റമദാനിൽ ഉംറ തീർഥാടകരെ സ്വീകരിക്കുക. കോവിഡ് കാരണം കഴിഞ്ഞ റമദാനിൽ ഹറമിലേക്ക് തീർഥാടകർക്ക് പ്രവേശനം നൽകിയിരുന്നില്ല. ഏഴു മാസത്തോളം ഹറമിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തലാക്കിയിരുന്നു. കോവിഡ് വ്യാപനം കുറയുകയും ജനജീവിതം സാധാരണ ഗതിയിലേക്ക് വരുകയും ചെയ്തതിനെ തുടർന്നാണ് ആരോഗ്യ മുൻകരുതൽ പാലിച്ച് നിശ്ചിത ആളുകൾക്ക് ദിവസവും ഉംറക്ക് അനുമതി നൽകാൻ കഴിഞ്ഞ ഒക്ടോബറിൽ ഹജ്ജ് ഉംറ മന്ത്രാലയം തീരുമാനിച്ചത്.
ഉംറക്ക് അനുമതി ലഭിക്കാൻ തവക്കൽനാ എന്ന പേരിൽ പ്രത്യേക ആപ്ലിക്കേഷൻ ഒരുക്കുകയും ചെയ്തു. ഇതിലൂടെ അനുമതി ലഭിച്ചവർക്ക് മാത്രമാണ് ഹറമിലേക്ക് പ്രവേശനം നൽകിവരുന്നത്. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ ഉംറക്കും ഹറമിൽ നമസ്രിക്കുന്നതിനും നിലവിൽ തുടർന്നു വരുന്ന നടപടി ക്രമങ്ങൾ റമദാനിലും തുടരും. കോവിഡ് രണ്ടാം തരംഗം ചില രാജ്യങ്ങളിൽ പൊട്ടിപുറപ്പെട്ടതിനെ തുടർന്ന് അന്താരാഷ്ട്ര വിമാന സർവിസുകൾ നിർത്തലാക്കിയതോടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരുടെ വരവിനുള്ള നിയന്ത്രണം തുടരുകയാണ്. റമദാനിൽ വിദേശ തീർഥാടകർക്ക് ഉംറക്ക് അനുമതിയുണ്ടാകുമോയെന്ന കാര്യം ഇരുവരെ അധികൃതർ വ്യക്തമാക്കിയിട്ടില്ല.
ഇരുഹറമുകളിലെ ആരോഗ്യ നിബന്ധനകൾക്ക് മേൽനോട്ടം വഹിക്കുമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകൾ ജോലിക്കാർക്ക് വാക്സിൻ നിർബന്ധമാക്കിയിട്ടുണ്ട്. ഹജ്ജ്, ഉംറ മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികൾക്കും മക്ക, മദീന പട്ടണത്തിലെ കച്ചവട കേന്ദ്രത്തിലെ ജോലിക്കാർക്കും റമദാൻ ഒന്ന് മുതൽ കോവിഡ് കുത്തിവെപ്പെടുത്തിരിക്കുകയോ പി.സി.ആർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കലോ ജോലിക്ക് നിർബന്ധമാണ്. പൊതുജനാരോഗ്യ സുരക്ഷ കണക്കിലെടുത്താണിതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.