റമദാൻ വ്രതാരംഭത്തിന് ഇനി രണ്ടാഴ്ച; സൗദിയിൽ വീട്ടുജോലിക്കാരുടെ വേതനം ഇരട്ടിയിലധികമായി
text_fieldsജിദ്ദ: റമദാൻ മാസം അടുത്തതോടെ സൗദിയിൽ വീട്ടുജോലിക്കാരുടെ വേതനം നിലവിലുള്ളതിനേക്കാൾ ഇരട്ടിയിലെത്തിയതായി റിപ്പോർട്ട്. റമദാൻ മാസത്തിൽ വീട്ടുജോലിക്കാരുടെ ആവശ്യം വർധിച്ചതാണ് കാരണം. ചില പ്രദേശങ്ങളിൽ ഇവരുടെ പ്രതിമാസ വേതനം 5,000 റിയാൽ കവിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിൽ റിയാദ് നഗരത്തിൽ ഗാർഹിക തൊഴിലാളികളുടെ വേതനം 1,035 റിയാൽ ആയിരുന്നത് ഇപ്പോൾ 4,000 റിയാലിലെത്തിയിട്ടുണ്ട്.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഗാർഹിക തൊഴിലാളികളുടെ വേതനം നിലവിലുള്ളതിനേക്കാൾ ഇരട്ടിയായി വർധിച്ചിട്ടുണ്ട്. ജിസാൻ നഗരത്തിൽ സാധാരണ സമയങ്ങളിൽ 1,500 റിയാലാണ് ഗാർഹിക ജീവനക്കാരുടെ കൂലി. റമദാൻ മാസത്തോട് അടുക്കുമ്പോൾ അത് 2,773 റിയാലിലെത്തി. അബഹ നഗരത്തിൽ വേതനം 3,000 റിയാലിലെത്തി. ഇവിടങ്ങളിൽ 500 റിയാൽ വരെ ഇനിയും വർധിച്ചേക്കാം. സാധാരണ സമയങ്ങളിൽ 3,200 നും 3,600 റിയാലിനും ഇടയിലുള്ള കിഴക്കൻ പ്രവിശ്യയിലെ ഗാർഹിക ജീവനക്കാരുടെ വേതനം റമദാൻ മാസത്തിൽ 4,655 ൽ എത്തിയിട്ടുണ്ട്.
തൊഴിലാളികളുടെ ആവശ്യങ്ങൾ അനുസരിച്ച് ഇത് ഇനിയും ഉയർന്നേക്കാം. മദീനയിൽ സാധാരണ ദിവസങ്ങളിൽ ഒരു സ്ത്രീ തൊഴിലാളിയുടെ വേതനം 2,990 ആയി കണക്കാക്കപ്പെട്ടിരുന്നു. അതിപ്പോൾ 5,000 റിയാലായി ഉയർന്നിട്ടുണ്ട്. ജിദ്ദയിൽ നിലവിലെ വേതനം 2,500 ആണ്. റമദാനിൽ ഇവിടെ 3,980 ആയി ഉയരുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.