സൗദിയിൽ അപൂർവ ഇനം മണൽപൂച്ചയെ കണ്ടെത്തി
text_fieldsയാംബു: വംശനാശഭീഷണി നേരിടുന്ന അപൂർവയിനമായ അറേബ്യൻ മണൽപൂച്ചയെ സൗദി അറേബ്യയുടെ വടക്കൻ അതിർത്തി മേഖലയിലെ അറാറിൽ കണ്ടെത്തി. കാഴ്ചക്കു പോലും പിടി തരാതെ ഒറ്റപ്പെട്ട് കഴിയാൻ ഇഷ്ടപ്പെടുന്ന അറേബ്യൻ മണൽപൂച്ചകളെ അറാറിലെ കിഴക്കുഭാഗമായ മരുഭൂമിയിലാണ് കണ്ടത്. പരിസ്ഥിതി മേഖലയിലെ വലിയ നേട്ടമാണ് ഈ കണ്ടെത്തലെന്ന് സൗദി വടക്കൻ മേഖലയിൽ പ്രവർത്തിക്കുന്ന അമാൻ എൻവയോൺമെന്റൽ അസോസിയേഷൻ പ്രസിഡന്റ് നാസർ അൽ മജ്ലദ് പറഞ്ഞു.
ഭൂപ്രകൃതിയുടെ വൈവിധ്യം പോലെത്തന്നെ വിഭിന്നയിനങ്ങളിലെ ജീവികളാൽ അറാർ മരുഭൂപ്രദേശം സമൃദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മരുഭൂപ്രദേശങ്ങൾ, പർവതങ്ങൾ, പീഠഭൂമികൾ, സമതലങ്ങൾ, താഴ്വരകൾ, പാറമടകൾ എന്നിവ നിറഞ്ഞ ഭൂപ്രകൃതിയാണ് മേഖലയിലേത്.
രാത്രി പുറത്തിറങ്ങുന്ന ചെറു മൃഗമാണ് മണൽ പൂച്ച. ഇരുട്ടിയതിനുശേഷം മാത്രം ഭക്ഷണം തേടി പുറത്തിറങ്ങുന്നതാണ് ഇവയുടെ ശീലം. ഉയർന്ന താപനില താങ്ങാനാവാത്തതും ശരീരത്തിലെ ജലാംശം നിലനിർത്തലുമാണ് പകൽ നേരങ്ങൾ മാളങ്ങളിൽ തങ്ങാനുള്ള കാരണം.
ആളുകളിൽനിന്ന് അകന്ന് കല്ലും മണലും നിറഞ്ഞ മരുഭൂമിയിൽ ജീവിക്കുന്ന ഇവയുടെ പ്രധാന ആവാസകേന്ദ്രം ചെടികളാൽ സമൃദ്ധമായ പരുക്കൻ ഭൂപ്രദേശങ്ങളാണ്. ചെറിയ എലി, പല്ലി, പാമ്പ് എന്നിവയാണ് ഭക്ഷണം. ഇരുട്ടിൽ നല്ല കാഴ്ച ശക്തിയാണുള്ളത്. ഇരയിൽനിന്ന് ജലാംശത്തിനാവശ്യമായത് ലഭിക്കുന്നതിനാൽ വെള്ളമില്ലാതെ അതിജീവിക്കാനുള്ള കഴിവുണ്ടെന്നും ഗവേഷകർ പറയുന്നു. വേട്ടയാടലും സ്വാഭാവിക ആവാസവ്യവസ്ഥയുടെ നാശവും കാരണം ഏതാണ്ട് വംശനാശം സംഭവിച്ച അവസ്ഥയിലാണ്.
മഞ്ഞ കലർന്ന ചാരനിറം (മണലിന്റെ നിറം) മുതൽ ഇളം മഞ്ഞ, ഓറഞ്ച് എന്നിങ്ങനെ നിറ വൈവിധ്യമുള്ള ശരീര പ്രകൃതിയാണ്. വെളുത്ത വയറും പരന്ന തലയും വലുതും കറുത്ത മുനയുള്ളതും ത്രികോണാകൃതിയിലുള്ളതുമായ ചെവികളും മൂർച്ചയുള്ള കേൾവിയും ഇവക്കുണ്ട്. മുൻവശത്തെ കാലുകളിൽ വിശാലമായ വരകളും. വാൽ കറുത്തതാണ്.
വിരലുകൾക്കും പാദങ്ങൾക്കുമിടയിൽ പരന്നുകിടക്കുന്ന കട്ടിയുള്ള രോമങ്ങൾ വേനൽക്കാലത്ത് ഭൂമിയിലെ ചൂടിൽനിന്ന് കൈകാലുകളെ സംരക്ഷിക്കുകയും മണൽക്കൂനകളിൽ നടക്കാൻ സ്ഥിരത നൽകുകയും ചെയ്യുന്നു. അറേബ്യ, വടക്കേ ആഫ്രിക്ക, ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മാത്രമാണ് ഇവ കാണപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.