കടങ്ങൾ വീട്ടി റസ്താന്റെ മൃതദേഹം സുഹൃത്തുക്കൾ നാട്ടിലേക്കയച്ചു
text_fieldsഅൽഖുറയാത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലം മരിച്ച മലയാളിയുടെ മൃതദേഹം സുഹൃത്തുക്കൾ ചേർന്ന് നാട്ടിലേക്ക് അയച്ചു. ഖുറയാത്തിൽ മരിച്ച കോഴിക്കോട് സ്വദേശി റസ്താൻ (40)ന്റെ മൃതദേഹമാണ് നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കി സ്നേഹിതരും സാമൂഹിക പ്രവർത്തകരും ചേർന്ന് നാട്ടിലെത്തിച്ചത്. പരേതന്റെ പേരിൽ സൗദിയിലുണ്ടായിരുന്ന കടബാധ്യതകളെല്ലാം അടുത്ത സുഹൃത്തുക്കൾ മുന്നിട്ടിറങ്ങി തീർത്താണ് നാട്ടിലുള്ള കുടുംബത്തിന് ഒരുനോക്ക് കാണാൻ മൃതദേഹം എത്തിച്ചത്.
10 വർഷത്തിലേറെയായി തുറൈഫിലും ഖുറയാത്തിലുമായി ജോലി ചെയ്ത റസ്താനെ കോവിഡ് ബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സക്കിടയിൽ പെട്ടെന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണം എന്ന് ആശുപത്രിയധികൃതർ അറിയിച്ചു. ജൂൺ ഒന്നിനായിരുന്നു അന്ത്യം. രണ്ടു വർഷം മുമ്പ് ഭാര്യയേയും മൂന്ന് കുട്ടികളെയും നാട്ടിൽനിന്നും സൗദിയിൽ കൊണ്ടുവരികയും കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിന് മുമ്പ് അവരെ നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു. ഒമ്പതു വർഷമായി റസ്താൻ നാട്ടിൽ പോയിരുന്നില്ല.
തങ്ങളുടെ പ്രിയപ്പെട്ട സ്നേഹിതന്റെ എല്ലാ ബാധ്യതകളും തീർത്ത് ഭാര്യയേയും കുട്ടികളെയും അവസാനമായി ഒരു നോക്ക് കാണിക്കണമെന്ന നിർബന്ധബുദ്ധിയോടെ മൃതദേഹം നാട്ടിലേക്കയക്കുന്നതിന് അടുത്ത സുഹൃത്തുക്കളായ ഷമീർ, ഷബീർ, നിഷാദ്, അഹമ്മദ്കുട്ടി എന്നിവർ മുന്നിട്ടിറങ്ങുകയും നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ഐ.സി.എഫ്, ഐ.എം.സി.സി, കെ.എം.സി.സി എന്നീ സംഘടനകളുടെ പ്രവർത്തകരായ സലീം കൊടുങ്ങല്ലൂർ, യൂനുസ് മുന്നിയൂർ, റോയ് കോട്ടയം, അഷ്‌റഫ്, സെയ്തുട്ടി എന്നിവരും സഹായിക്കുകയും ചെയ്തു. റിയാദിൽ നിന്നും സിദ്ധീഖ്, മുനീർ എന്നിവരുടെ സഹകരണവും നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനു സഹായകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.