വെൽഫെയർ പാർട്ടിയോട് സി.പി.എമ്മിന് കിട്ടാത്ത മുന്തിരിയുടെ പുളിപ്പ് -റസാഖ് പാലേരി
text_fieldsറിയാദ്: വെൽഫെയർ പാർട്ടി രൂപംകൊണ്ടതിനുശേഷം ആദ്യമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയത് സി.പി.എമ്മുമായാണെന്നും പിന്നീട് പല ഘട്ടങ്ങളിലും അവരുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി. ഇപ്പോൾ കിട്ടാത്ത മുന്തിരിയായതുകൊണ്ടാണ് വെൽഫെയർ പാർട്ടി സി.പി.എമ്മിന് പുളിക്കുന്നതെന്നും അദ്ദേഹം റിയാദിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിലും ഞങ്ങളുമായി സി.പി.എം ചർച്ച നടത്തിയിരുന്നു. ജനം നേരിടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ വൈകാരിക വിഷയങ്ങൾക്ക് ഊന്നൽ കൊടുത്ത് മതങ്ങളും മതസംഘടനകളും തമ്മിലുള്ള ഐക്യം തകർക്കാൻ നടത്തിയ ശ്രമിച്ചതിനുള്ള തിരിച്ചടിയാണ് പാലക്കാട്ട് കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിക്കെതിരെ തീവ്രവാദം ആരോപിച്ചാലാണ് ഗുണമുണ്ടാകുക എന്ന അൽപത്തരമാണ് സി.പി.എമ്മിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമാഅത്തെ ഇസ്ലാമിയെ അധിക്ഷേപിക്കുന്നതു മൂലം പല ലക്ഷ്യങ്ങളും അവർ മുന്നില്‍ കാണുന്നുണ്ട്. പക്ഷേ അതിപ്പോള്‍ വിലപ്പോവുന്നില്ല. മുസ്ലിം മാനേജ്മെന്റുകള്‍ക്ക് കീഴിലെ ചില പത്രങ്ങളില്‍ പച്ചയായ വര്‍ഗീയത വെളിവാക്കിയ പരസ്യങ്ങള്‍ നല്കി ബി.ജെ.പിയോടൊപ്പം മത്സരിക്കാനാണ് സി.പി.എം ശ്രമിച്ചത്.
വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ വെൽഫെയർ പാർട്ടി മുന്നോട്ട് വെച്ച നയനിലപാടുകൾക്കുള്ള അംഗീകാരമാണ്. സംസ്ഥാന സർക്കാറിന്റെ ജനവിരുദ്ധ ഭരണത്തിന് ശക്തമായ താക്കീതായി തെരഞ്ഞെടുപ്പ് ഫലം മാറണമെന്നും പാർട്ടി ആഹ്വാനം ചെയ്തിരുന്നു. പാലക്കാട് സി.പി.എമ്മും ബി.ജെ.പിയും ഒരുപോലെ നടത്തിയ ധ്രുവീകരണ ശ്രമങ്ങൾ ജനങ്ങൾ തള്ളിയിരിക്കുകയാണ്. മുനമ്പം വിഷയം മുതലെടുത്തുകൊണ്ട് വർഗീയ ധ്രുവീകരണ ശ്രമങ്ങൾ നടത്താനായിരുന്നു ബി.ജെ.പി കിണഞ്ഞു പരിശ്രമിച്ചിരുന്നത്.
ചേലക്കരയിലും എല്‍.ഡി.എഫിനെതിരായ ഭരണവിരുദ്ധ വികാരം പ്രകടമാണ്.സി.പി.എമ്മിന്റെ ഭൂരിപക്ഷം മൂന്നിലൊന്നായി കുറഞ്ഞത് തെളിവാണ്. വയനാട്ടിലും എല്‍.ഡി.എഫ് - ബി.ജെ.പി സ്ഥാനാര്‍ഥികളുടെ വോട്ട് നിലയില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസി വെല്‍ഫെയര്‍ സെന്‍ട്രല്‍ പ്രൊവിന്‍സ് പ്രസിഡൻറ് ഖലീല്‍ പാലോട്, ജനറല്‍ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി, ബത്ഹ ഏരിയ സെക്രട്ടറി അഫ്സല് ഹുസൈന് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.