ദുരിതക്കടൽ താണ്ടി ഒടുവിൽ റസിയ നാടണഞ്ഞു
text_fieldsറിയാദ്: ട്രാവൽ ഏജൻസിയുടെ ചതിയിൽ പെട്ട് സൗദിയിലെത്തി മൂന്നുവർഷം ദുരിത ജീവിതം നയിച്ച മലയാളി യുവതി ഒടുവിൽ നാടണഞ്ഞു. തിരുവനന്തപുരം പെരുമാതുറ സ്വദേശി റസിയയാണ് ഗൾഫ് പ്രവാസി മലയാളി ഫെഡറേഷെൻറ ഇടപെടലിനാൽ നാട്ടിലെത്തിയത്.
റിയാദിൽനിന്ന് 240 കിലോമീറ്റർ അകലെ അർത്വാവിയയിൽ ഹൗസ്മെയ്ഡ് വിസയിലാണ് റസിയ മൂന്നു വർഷം മുമ്പ് എത്തിയത്. മൂന്നു ലക്ഷം രൂപ നൽകിയാണ് തിരുവനന്തപുരത്തുതന്നെയുള്ള ഒരു ട്രാവൽ ഏജൻസിയിൽനിന്ന് വിസ വാങ്ങി റസിയ സൗദിയിൽ എത്തിയത്. കൃത്യമായ ശമ്പളമോ ഭക്ഷണമോ വിശ്രമമോ ലഭിക്കാതെ റസിയ രോഗത്തിന് അടിപ്പെടുകയായിരുന്നു.
അസഹ്യമായ തലവേദനയും മറ്റു ബുദ്ധിമുട്ടുകളും കാരണം ഇവർക്ക് ജോലി ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇത് സ്‌പോൺസറുടെ കടുത്ത പീഡനങ്ങൾക്ക് കാരണമായി. തെൻറ അവസ്ഥ പലതവണ സ്പോൺസറോട് പരാതിപ്പെട്ടെങ്കിലും അദ്ദേഹം അത് വിലക്കെടുത്തില്ല. ഒടുവിൽ നാട്ടിൽനിന്ന് കുടുംബം നോർക്ക വഴി പരാതി നൽകുകയായിരുന്നു. തുടർന്ന് പെരുമാതുറ പ്രവാസി അസോസിയേഷൻ പ്രതിനിധികൾ റാഫി പാങ്ങോടുമായി ബന്ധപ്പെടുകയായിരുന്നു. അഞ്ചുവർഷത്തെ കരാറിലാണ് റസിയയെ കൊണ്ടുവന്നതെന്നും കാലാവധി കഴിയാതെ നാട്ടിലേക്ക് അയക്കില്ലെന്നുമായിരുന്നു സ്‌പോൺസറുടെ കടുത്ത നിലപാട്. തുടർന്ന് സ്‌പോൺസറുമായി നിരന്തരം ബന്ധപ്പെടുകയും ഒടുവിൽ തടസ്സങ്ങൾ മാറ്റി എക്സിറ്റ് നേടിയെടുക്കുകയുമായിരുന്നു. ഒടുവിൽ അബ്ദുൽ അസീസ് പവിത്ര നൽകിയ വിമാന ടിക്കറ്റിൽ കഴിഞ്ഞ ദിവസം റിയാദിൽനിന്ന് കൊച്ചിയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിൽ റസിയ നാടണഞ്ഞു. ഹൗസ്മെയ്ഡ് വിസകളിൽ വന്നു കബളിപ്പിക്കപ്പെടുന്നവർ വർധിച്ചുവരുന്നുണ്ടെന്നും ചില സ്ത്രീകളെ മുന്നിൽനിർത്തി ഏജൻസികൾ നടത്തുന്ന ഇത്തരം ചതികളിൽ പെട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും റാഫി പാങ്ങോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.