കൂടുതൽ ഉണർന്നിരിക്കേണ്ട കാലം
text_fieldsപ്രതീക്ഷകളുടെയും പ്രതിജ്ഞകളുടെയും പുതുവര്‍ഷം നമ്മുടെ ജീവിതത്തിൽ കടന്നെത്തി. മുൻ വര്‍ഷത്തെ നല്ല അനുഭവങ്ങളെ മനസ്സിൽ നിലനിര്‍ത്തി, മോശമായവയെ തുടച്ചുനീക്കാനാണ് മലയാളി ഉൾപ്പെടെ ലോകജനത ശ്രമിക്കുന്നത്. പുതുവര്‍ഷത്തില്‍ പുതിയ തീരുമാനങ്ങള്‍ എടുക്കുന്നവരും എടുത്തിട്ട് പരാജയപ്പെടുന്നവരുമായിരിക്കും എണ്ണത്തില്‍ കൂടുതലും. എടുക്കുന്ന തീരുമാനങ്ങള്‍ ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോഴേക്കും മറന്നു പോകുന്നവരാണ് കൂടുതൽ ആളുകളും.
ഈ പുതുവർഷം ആരംഭിക്കുമ്പോഴും നമ്മെ അലട്ടുന്ന ഒരുപാടു ആശങ്കകൾ ബാക്കിവെച്ചാണ് 2022 പടിയിറങ്ങുന്നത്. അവയെല്ലാം തരണം ചെയ്ത് നമുക്ക് മുന്നേറാനും മികച്ച ജീവിതവിജയം നേടിയെടുക്കാനും കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു. കോവിഡ് എന്ന മഹാമാരി വീണ്ടും ലോകത്തിന്റെ പല ഭാഗത്തും ഭീക്ഷണി ഉയർത്തുന്നതാണ് അതിൽ ഏറ്റവും ആശങ്കജനകം. ഇനിയും ഒരു ലോക്ഡൗൺ അല്ലെങ്കിൽ ക്വാറൻറീൻ ഒക്കെ നമ്മുക്ക് ആലോചിക്കാൻ പോലും കഴിയാത്ത ഒന്നാണ്.
പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ ശാസ്ത്രജ്ഞന്മാർ പങ്കുവെക്കുന്നതും ആശാവഹമല്ല. പലപ്പോഴും നമ്മൾ അറിഞ്ഞും അറിയാതെയും ചെയ്യുന്ന പ്രകൃതി ചൂഷണം നമുക്ക് അല്ലെങ്കിൽ വരുന്ന തലമുറക്ക് നൽകുന്ന ആശങ്ക ചെറുതല്ല. മണ്ണിനും വെള്ളത്തിനും തുടങ്ങി നമ്മുടെ ജീവനും എന്തിനേറെ ശുദ്ധവായുവിനുപോലും ഇനി പണം നൽകേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
ഭക്ഷണം ഇന്നൊരു അലങ്കാരമാണ് പലർക്കും. ഭക്ഷണം കഴിക്കുന്നതിലും കൂടുതൽ പ്രദർശനത്തിനായി കാണിക്കുന്നതിനാണ് ആളുകൾക്ക് താൽപര്യം. അത്രയേറെ ഭക്ഷണം നമ്മൾ പാഴാക്കുന്നുണ്ട്. ലോകത്തു പലയിടത്തും ഒരുനേരത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന നിരവധി ജനങ്ങൾ ഉണ്ടെന്നുള്ള വസ്തുത പലപ്പോഴും നാം കാണാതെ പോകുന്നു.
അതുപോലെ ജലം അമൂല്യമെന്നു പറയുകയല്ലാതെ എത്ര ആളുകൾ അതു പ്രാവർത്തികമാക്കുന്നുണ്ട് എന്ന് ആലോചിക്കണം. ടാപ്പ് തുറന്നിട്ട് പല്ലു തേയ്ക്കുന്ന, മുഖം കഴുകുന്ന ശീലം കൂടെകൂട്ടിയ നമുക്ക് കാര്യങ്ങള്‍ പെട്ടെന്നൊന്നും ഗ്രഹിക്കാന്‍ കഴിയില്ല. റേഷൻ കടയിൽ ലിറ്റർ കണക്കിന് അളന്ന് വെള്ളം വാങ്ങാന്‍ ക്യൂ നിൽക്കേണ്ടി വരുന്ന ദുരവസ്ഥ ഉണ്ടാവും എന്നാലോചിച്ചാല്‍ ടാപ്പുകള്‍ താനേ അടയും. പഴയ തലമുറ അമൂല്യമായി കാത്തുസൂക്ഷിച്ച് നമുക്ക് കൈമാറിയ പ്രകൃതിയും പ്രകൃതി വിഭവങ്ങളും വരും തലമുറകള്‍ക്കായി നമുക്ക് സംരക്ഷിക്കാം. അത് നമ്മുടെ ഉത്തരവാദിത്വം ആണെന്ന് സ്വയം പ്രതിജ്ഞ എടുക്കാം.
നിയന്ത്രണം ഇല്ലാത്ത സമൂഹ നവ മാധ്യമ ഉപയോഗത്തെക്കുറിച്ചും വളരെ ഏറെ ആശങ്കകൾ ഉണ്ട്. സ്ഥിരമായി നവ മാധ്യമങ്ങൾ ഉപയോഗിക്കുന്നവരിൽ ആത്മനിയന്ത്രണം, സത്യസന്ധത, വിനയം, കുടുംബബന്ധം തുടങ്ങിയ സ്വഭാവഗുണങ്ങള്‍ നഷ്ടപ്പെടുന്നു എന്നും മറിച്ച് ദേഷ്യവും അസഹിഷ്ണുതയും ആക്രമണോത്സുകതയും അജ്ഞതയും വളരെ കൂടുതലാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.കൗമാരക്കാര്‍ ‘യഥാർഥ ലോകത്തില്‍’ വളരെ കുറച്ച് സമയമേ ചെലവഴിക്കുന്നുള്ളൂവെന്നും ഓണ്‍ലൈനിലാണ് അവര്‍ കൂടുതല്‍ സമയവുമെന്നു നമുക്കറിയാം.
ഇത് അവരുടെ വ്യക്തിത്വത്തേയും സ്വഭാവത്തെയും ഒരുപാടു സ്വാധീനിക്കുന്നുണ്ട് എന്നുള്ളത് മാത്രമല്ല അവരെ പലപ്പോഴും കേവലം മാധ്യമങ്ങളിൽ മാത്രമായി തളച്ചിടുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.