ഇന്ത്യ എന്ന ആശയത്തിൽ ചില്ല വായനാസംവാദം
text_fieldsറിയാദ്: ‘വി ദി പീപ്പിൾ ഓഫ് ഇന്ത്യ’ എന്ന തലക്കെട്ടിൽ റിയാദ് ചില്ല സർഗവേദി വായനാസംവാദം സംഘടിപ്പിച്ചു. ഒരേ ആശയത്തിലുള്ള വിവിധ പുസ്തകങ്ങളുടെ അവതരണമാണ് നടത്തിയത്. വിദ്യാർഥികളായ സ്നിഗ്ധയും സൗരവും ചേർന്ന ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചാണ് പരിപാടി തുടങ്ങിയത്. അഡ്വ. വി.എൻ. ഹരിദാസ് രചിച്ച 'ഭരണഘടന: ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അതിജീവന ചരിത്രം' എന്ന പുസ്തകത്തിന്റെ വായനാനുഭവം പങ്കുവെച്ച് ബീന വായനക്ക് തുടക്കം കുറിച്ചു.
പൗരത്വം, സ്വാതന്ത്ര്യം, മതേതരത്വം, ജീവിക്കാനുള്ള അവകാശം, നീതിന്യായ സംവിധാനം, ജമ്മു- കശ്മീർ സ്വയംഭരണ പദവി എന്നിങ്ങനെ ഇന്ത്യൻ ഭരണഘടനയിലെ ചില സുപ്രധാന ആശയങ്ങളെ മുൻനിർത്തിയാണ് ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളതെന്ന് ബീന പറഞ്ഞു. പ്രബീർ പുർകായസ്ത എഴുതിയ ‘പോരാട്ടം തുടരുക’ എന്ന കൃതിയിലെ തീഷ്ണമായ മധ്യമ- ജീവിത അനുഭവങ്ങൾ വിപിൻകുമാർ സദസ്സുമായി പങ്കുവച്ചു. ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്തയുടെ ജയിലിൽനിന്നുള്ള ഈ കുറിപ്പുകൾ യു.എ.പി.എ പ്രകാരം കുറ്റങ്ങൾ ചുമത്തി ഭരണകൂട ഭീകരത മാധ്യമസ്വാതന്ത്രത്തെ എങ്ങനെ കശാപ്പുചെയ്യുന്നുവെന്ന് വിശദീകരിക്കുകയാണെന്ന് വിപിൻ കുമാർ അഭിപ്രായപ്പെട്ടു. പി. എൻ ഗോപീകൃഷ്ണന്റെ 'കവിത മാംസഭോജിയാണ്' എന്ന കവിത സമാഹാരത്തിലെ കവിതകളെ ഷിംന സീനത്ത് കാവ്യാത്മകമായി തന്നെ നിരൂപണം ചെയ്തു. അരാഷ്ട്രീയതയും നിഷ്കളങ്കതയും വിതറി അധികാരഭീകരതയുടെ എരിവ് പുരളാതെ ഒരെഴുത്ത് അസാധ്യമാകുന്ന സാഹചര്യം ഇന്ന് നമുക്ക് മുമ്പിലുണ്ടെന്ന് കാണിച്ചുതരുന്ന കവിയാണ് ഗോപീകൃഷ്ണനെന്ന് ഷിംന വിലയിരുത്തി. റൊമില ഥാപ്പർ എഴുതിയ 'ദേശീയവാദവും വിമതസ്വരങ്ങളും’ എന്ന പുസ്തകത്തിന്റെ വായനയാണ് സതീഷ് കുമാർ വളവിൽ നടത്തിയത്. ജനാധിപത്യത്തിന് സൗന്ദര്യം ഉണ്ടാവുന്നത് അവിടെ വിയോജിപ്പുകൾ രേഖപ്പെടുത്തുമ്പോഴാണ്. ഏത് തരത്തിലുള്ള വിയോജിപ്പും രാജ്യവിരുദ്ധമായി അടയാളപ്പെടുത്തുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന പുസ്തകം കൂടുതൽ പേർ വായിക്കേണ്ടതുണ്ടെന്ന് സതീഷ് പറഞ്ഞു. ബി. രാജീവൻ എഴുതിയ 'ഇന്ത്യയുടെ വീണ്ടെടുക്കൽ' എന്ന കൃതിയുടെ വായനുഭവമാണ് സുരേഷ് ലാൽ പങ്കുവച്ചത്. ഇന്ത്യയിലെ ഫാഷിസ്റ്റ് ഭരണകൂടത്തെ നേരിടാൻ പുതിയ ഇന്ത്യയുടെ വീണ്ടെടുക്കലിന്, കീഴാള ജനാധിപത്യ രാഷ്ടീയത്തിന്റെ ഉയിർത്തെഴുന്നെഴുന്നേൽപ്പ് ആവശ്യമാണെന്നും അത് മാർക്സിന്റെയും ഗാന്ധിയുടെയും അംബേദ്കറിന്റെയും അടിസ്ഥാന കീഴാള രാഷ്ട്രീയ വീക്ഷണത്തിൽ നിന്നുമാകണമെന്ന ചിന്തയാണ് ഈ കൃതിയിലൂടെ അവതരിപ്പിക്കുന്നത്.
സാദത്ത് ഹസൻ മാന്തോയുടെ 'സെലക്റ്റ്ഡ് ഷോർട്ട് സ്റ്റോറീസ്' എന്ന പുസ്തകത്തിന്റെ വായന ഇന്ത്യ എന്ന ആശയത്തെ മാനവികതയുമായി ബന്ധിപ്പിച്ചുകൊണ്ട് വായനക്കാരെ അസ്വസ്ഥപ്പെടുത്തുന്ന കൃതിയാണെന്ന് വായനാനുഭവം അവതരിപ്പിച്ച എം. ഫൈസൽ അവകാശപ്പെട്ടു. ദേശീയതകൾ എങ്ങനെയാണ് സങ്കുചിതമായ അതിർത്തി രേഖകൾകൊണ്ട് വിഭജനങ്ങൾ തീർക്കുന്നതെന്ന് മന്തോയുടെ കഥകൾ ആഴത്തിൽ വിശദീകരിക്കുന്നു. പുസ്തകാവതരണത്തിന് ശേഷം നടന്ന ചർച്ചയിൽ റസൂൽ സലാം, ജോണി പനം കുളം, ഫൈസൽ കൊണ്ടോട്ടി, പ്രഭാകരൻ ബേത്തൂർ, ഷിജു പോൾ, മുരളി കൃഷ്ണൻ, ജോഷി പെരിഞ്ഞനം, മുനീർ എന്നിവർ പങ്കെടുത്തു. ജോമോൻ സ്റ്റീഫൻ ചർച്ചകൾ ഉപസംഹരിച്ചു സംസാരിച്ചു. സുരേഷ് ലാൽ മോഡറേറ്ററായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.