‘ചില്ല’യുടെ ‘കഥാകേളി’ വായന
text_fieldsറിയാദ്: മലയാളത്തിൽ അടുത്തകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ആറ് വ്യത്യസ്ത ചെറുകഥകളുടെ വായനാനുഭവവും സംവാദവുമാണ് റിയാദിലെ ചില്ല സർഗവേദിയുടെ ജൂൺ മാസവായനയിൽ നടന്നത്. ‘കഥാകേളി’ എന്ന ശീർഷകത്തിൽ ബത്ഹയിലെ ലുഹ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ അവതരിപ്പിച്ച കഥകളെല്ലാം മാറിയ ചെറുകഥാ സങ്കൽപത്തിന്റെ രൂപഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്ന രചനകളായിരുന്നു.
ജിസ ജോസിന്റെ ‘പാതാളത്തിന്റെ കവാടങ്ങൾ’ എന്ന കഥയുടെ വായനാനുഭവം പങ്കുവെച്ച് വിദ്യ വിപിൻ പരിപാടിക്ക് തുടക്കം കുറിച്ചു. മരിച്ചവരുടെ ശരീരങ്ങൾക്ക് വേദനയറിയില്ല എന്ന വിശ്വാസത്തിൽ, വക്രിച്ചുപോയ കൈകാലുകളുള്ള മകന്റെ മൃതദേഹം ശവപ്പെട്ടിയിൽ നേരെ കിടത്തിയ അമ്മയുടെ ജീവിതമാണ് കഥയിൽ നിറഞ്ഞുനിന്നത്. കുടുംബത്തിലെ അസ്വാഭാവികതകളെ സ്വാഭാവികമാക്കാൻ ത്യാഗം സഹിക്കേണ്ടത് സ്ത്രീ മാത്രമാണെന്ന വിമർശനവും കഥയിൽ എഴുത്തുകാരി നടത്തുന്നുണ്ടെന്ന് വിദ്യ വിശദീകരിച്ചു.
ഇ. സന്തോഷ് കുമാറിന്റെ ‘പണയം’ എന്ന കഥയുടെ വായനാനുഭവം സീബ കൂവോട് പങ്കുവെച്ചു. ഒരു റേഡിയോയുടെ പശ്ചാത്തലത്തിൽ മനുഷ്യരിലെ നിഷ്കളങ്കതയെ ചൂഷണം ചെയ്യുന്ന ആർത്തിപൂണ്ട ഹൃദയമില്ലായ്മയെ വിചാരണ ചെയ്യുന്ന കഥ കഥാകൃത്തിന്റെ എഴുത്തുകളിൽ ഉടനീളം കാണുന്ന മാനവികതയുടെ ആവർത്തിച്ചുള്ള വിളംബരം കൂടിയാണെന്ന് സീബ പറഞ്ഞു.
കെ.ആർ. മീരയുടെ ‘ഗില്ലറ്റിൻ’ എന്ന കഥയുടെ വായനാനുഭവം പങ്കുവെച്ച വി.കെ. ഷഹീബ ഫ്രഞ്ച് വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ കഥയിൽ എങ്ങനെയാണ് സ്ത്രീയുടെ പോരാട്ടവീര്യം മരണത്തിൽ പോലും തുടിച്ചുനിൽക്കുന്നതെന്ന് അടിവരയിട്ടുകൊണ്ടാണ് കഥയെ ചർച്ചയാക്കിയത്. സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ബിരിയാണി’ എന്ന കഥയുടെ വായനാനുഭവം ധനേഷ് എം. മുകുന്ദൻ അവതരിപ്പിച്ചു. പട്ടിണി ഒരു യാഥാർഥ്യമായിരിക്കുമ്പോഴും എങ്ങനെയാണ് ആഹാരം ആഡംബരമായും
ധൂർത്തായും മാറുന്നതെന്ന ദുഃഖസത്യം വരച്ചിടുകയാണ് കഥാകൃത്ത്. സ്വാനുഭവങ്ങളുടെ കയ്പും കൂട്ടിച്ചേർത്താണ് ധനേഷ് അവതരണം നടത്തിയത്. എം. ഫൈസൽ മനോജ് വെങ്ങോലയുടെ ‘ഇരുമ്പൻ പുളി’ എന്ന കഥയെ അവതരിപ്പിച്ചു. ഇരുമ്പൻ പുളി, അതിൽ പാർക്കുന്ന പ്രാണികൾ എന്നിവയെ മുൻനിർത്തി കഥാകൃത്ത് മലയാളിയിൽ ആഴത്തിൽ വേരോടിയ ജാതീയതയെ വിമർശന വിധേയമാക്കുകയാണ്. കൊന്നുതിന്നും തീതിന്നും തീരും സകലതും എങ്കിലും പുതിയവ വരും എന്ന വാക്യത്തിലൂടെ മനുഷ്യചരിത്രം എപ്പോഴും ഭൂതകാലത്തിൽ നിന്നുള്ള മോചനമാണെന്ന് കഥാകൃത്ത് ഓർമിപ്പിക്കുന്നതായി ഫൈസൽ അഭിപ്രായപ്പെട്ടു.
അവ്യാഖ്യേയമായ മനുഷ്യബന്ധത്തെ അതിമനോഹരമായി അവതരിപ്പിച്ച കഥയാണ് എസ്.ആർ. ലാലിന്റെ ‘കൊള്ളിമീനാട്ടം’ എന്ന് ബഷീർ കാഞ്ഞിരപ്പുഴ പറഞ്ഞു. അമ്മൂമ്മ, അമ്മ, വളർത്തമ്മ എന്നീ ബന്ധങ്ങളിലൂടെ വൈകാരികതയുടെ ആഴം അളക്കുന്ന കഥ മികച്ച വായനാനുഭവം നൽകുന്നതായി ബഷീർ അവകാശപ്പെട്ടു. തുടർന്നു നടന്ന ചർച്ചക്ക് ജോമോൻ സ്റ്റീഫൻ തുടക്കമിട്ടു. ബീന, സെബിൻ ഇഖ്ബാൽ, ശിഹാബ് കുഞ്ചീസ്, അബ്ദുൽ നാസർ, റസൂൽ സലാം എന്നിവർ സംവാദത്തിൽ പങ്കെടുത്തു. മുനീർ വട്ടേക്കാട്ടുകര വായനകളെ അവലോകനം ചെയ്തു. എം. ഫൈസൽ പരിപാടിയുടെ മോഡറേറ്ററായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.